
ഹമ്മോ, തുർക്കിയെ! 10 നില കെട്ടിടത്തോളം ഉയരം; ‘പിടിച്ചു കെട്ടിയത്’ 10 അംഗ സംഘം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിഴിഞ്ഞം ∙ കണ്ടെയ്നർ വാഹകരിൽ ലോകത്തിലെ ഭീമൻ എംഎസ്സി തുർക്കിയെ വിഴിഞ്ഞം രാജ്യാന്തര തുറമുഖ ബെർത്തിൽ അണഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ, പരിസ്ഥിതി സൗഹൃദ കണ്ടെയ്നർ കപ്പലെന്ന ഖ്യാതിയുള്ള തുർക്കിയെ ഇന്നലെ വൈകിട്ടോടെയാണു ബെർത്തിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം പുറങ്കടലിൽ എത്തിയ കപ്പലിനെ ക്യാപ്റ്റൻ നിർമൽ സഖറിയ ആണ് ബെർത്തിലേക്കു നിയന്ത്രിച്ചത്.
24346 ടിഇയു (ട്വന്റി ഇക്വലന്റ് ഫൂട്ട്) ആണ് കപ്പലിന്റെ കണ്ടെയ്നർ ശേഷി. ഇത്രയും ശേഷിയുള്ള 6 കപ്പലുകൾ മാത്രമാണു ലോകത്തുള്ളത്. ആറും എംഎസ്സി കമ്പനിയുടേതാണ്. ഇതിലൊന്നാണു തുർക്കിയെ. ദക്ഷിണേന്ത്യയിലെ ഒരു തുറമുഖത്ത് ഈ ശ്രേണിയിൽപ്പെട്ട കപ്പൽ അടുത്തുവെന്നതു വിഴിഞ്ഞം തുറമുഖത്തിന്റെ ഖ്യാതി കൂട്ടും. 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയും 33.5 മീറ്റർ ഡ്രാഫ്റ്റുമുള്ളതാണു കപ്പൽ. കഴിഞ്ഞ ദിവസങ്ങളിലെത്തിയ 2 ഫീഡർ കപ്പലുകളിൽ നിന്നിറക്കിയ കണ്ടെയ്നറുകൾ കയറ്റി ഇന്നു വൈകിട്ട് കപ്പൽ ഘാനയിലെ ടെമ തുറമുഖത്തേക്കു തിരിക്കും.
‘പിടിച്ചു കെട്ടിയത്’ 10 അംഗ സംഘം
എംഎസ്സി തുർക്കിയെയെ ബെർത്തിൽ മൂറിങ്(ബന്ധിച്ചു നിർത്തൽ) നടത്തിയതു തിരുവനന്തപുരം കേന്ദ്രമായുള്ള വാട്ടർ ലൈൻ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയിലെ 10 അംഗ മൂറിങ് സംഘമാണ്. കപ്പലിൽ ആകെ 27 ജീവനക്കാരുണ്ട്. ഭീമൻ കപ്പലിനെ കാണാനായി ഇന്നലെ ഒട്ടേറെപ്പേർ എത്തി. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തെ പുലിമുട്ട് അടക്കമുള്ള സ്ഥലങ്ങളിൽനിന്നു വലിയ കപ്പലിന്റെ ബെർത്തിങ് വീക്ഷിച്ചു. 10 നില കെട്ടിടത്തിന്റെ ഉയരം തോന്നിക്കുന്നതാണ് കപ്പൽ. മന്ത്രി വി.എൻ.വാസവൻ എംഎസ്സി തുർക്കിയെ കപ്പൽ കാണാൻ ഇന്നു തുറമുഖത്ത് എത്തും.