വർക്കല∙ റെയിൽവേ സ്റ്റേഷൻ പരിസരത്തെ വാഹന പാർക്കിങ് സ്ഥലത്ത് നീക്കം ചെയ്യാതെ കിടക്കുന്ന കരിയില കൂമ്പാരം അടക്കമുള്ള മാലിന്യം അഗ്നിബാധ ഭീഷണി ഉയർത്തുന്നു. പരിസരത്തെ മരങ്ങളിൽ നിന്നു കൊഴിഞ്ഞു വീഴുന്ന ഇലകളുടെ കൂമ്പാരം അതേപടി തുടരുന്നു.
വഴിയാത്രക്കാർ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളും കപ്പുകളും അടക്കമുള്ള മാലിന്യങ്ങൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തുണ്ട്. ശ്രീകൃഷ്ണ ക്ഷേത്രത്തിന് അരികിലെ പാർക്കിങ് സ്ഥലത്ത് കരിയിലയുടെ വലിയ കൂമ്പാരം നീക്കം ചെയ്തിട്ടില്ല. വഴിവാണിഭം നടത്തുന്നവർ അലക്ഷ്യമായി ഇടുന്ന വലിയ പ്ലാസ്റ്റിക് ഷീറ്റുകളും ഇവിടെയുണ്ട്.
ഒരു സിഗരറ്റ് കുറ്റിയിൽ നിന്നുള്ള തീപ്പൊരി പോലും തൃശൂർ റെയിൽവേ പാർക്കിങ് സ്ഥലത്ത് അടുത്തകാലത്ത് സംഭവിച്ച അഗ്നിബാധയ്ക്കു സമാനമായതിനു വഴിവെയ്ക്കാമെന്നു മുൻ കൗൺസിലർ സി.കൃഷ്ണകുമാർ പറയുന്നു. റെയിൽവേ അധീനതയിൽ പ്രവർത്തിക്കുന്ന സ്ഥലത്ത് നൂറുകണക്കിനു ബൈക്കുകളും കൂടാതെ കാറുകളും പേ–ആൻഡ്–പാർക്ക് സംവിധാനത്തിൽ നിർത്തിയിടുന്നുണ്ട്.
രാവിലെ മുതൽ രാത്രി വരെ തിരക്കുള്ള സ്ഥലത്ത് നിരവധി പേർ തമ്പടിക്കും. അശ്രദ്ധമായി തീക്കൊള്ളിയോ സിഗരറ്റ് കുറ്റിയോ വലിച്ചെറിഞ്ഞാൽ അഗ്നി ബാധയ്ക്കു കാരണമാകും.
റെയിൽവേ സ്ഥലത്ത് പാർക്ക് ചെയ്യാൻ നിശ്ചിത തുക നൽകണമെന്നതിനാൽ, പൈസ ലാഭിക്കാൻ ഒട്ടേറെപ്പേർ റോഡ് സൈഡിലും നിരയായി ബൈക്ക് നിർത്തുന്നുണ്ട്
. രാവിലെ മുതൽ രാത്രി വരെ ബൈക്കുകൾ നിർത്തിയിടുന്നതിനാൽ നടപ്പാതകളിലും ചവർ മാലിന്യം നിറയുന്നു.
മുനിസിപ്പൽ ബസ് സ്റ്റാൻഡ് അടക്കം ഇവിടെയാണ് പ്രവർത്തിക്കുന്നത്. പുതിയ റെയിൽവേ സ്റ്റേഷൻ നിർമാണം തകൃതിയായി പുരോഗമിക്കുന്നുണ്ട്. കൂടാതെ ബാങ്ക്, എക്സൈസ് ഓഫിസ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളും ചുറ്റിലും പ്രവർത്തിക്കുന്നു. നൂറുകണക്കിനു ബൈക്കുകൾ നിർത്തിയിടുന്ന പരിസരംകൂടുതൽ സുരക്ഷിതമാക്കണമെന്നാണു ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

