
മാലിന്യമുക്ത നവകേരളം ക്യാംപെയ്ൻ: ആറ്റിങ്ങൽ നഗരസഭയ്ക്ക് 7 പുരസ്കാരങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആറ്റിങ്ങൽ ∙ മാലിന്യ സംസ്കരണത്തിൽ വീണ്ടും മികവു തെളിയിച്ച് ആറ്റിങ്ങൽ നഗരസഭ . മാലിന്യമുക്തം നവകേരളം ജനകീയ ക്യാംപെയ്നിന്റെ ഭാഗമായി സംഘടിപ്പിച്ച മാലിന്യ മുക്ത പ്രഖ്യാപനത്തിൽ ഏറ്റവും മികച്ച നഗരസഭയായി ആറ്റിങ്ങലിനെ തിരഞ്ഞെടുത്തു. 7 പുരസ്കാരങ്ങളാണ് ലഭിച്ചത്. മികച്ച ടൗൺ, മികച്ച ഹരിത കർമ സേന, വാതിൽപടി സേവനം, ഹരിത വിദ്യാലയങ്ങൾ, ഹരിത സ്ഥാപനങ്ങൾ, മികച്ച എൻഎസ്എസ് യൂണിറ്റ് എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും നഗരസഭ കരസ്ഥമാക്കി, മികച്ച എൻഎസ്എസ് യൂണിറ്റ് ഗവ. ഗേൾസ് എച്ച്എസ്എസ് ആണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വച്ച് മന്ത്രി ജി.ആർ അനിൽ പുരസ്കാരങ്ങൾ കൈമാറി.
ഹരിത കർമ സേനയുടെ വരുമാനം 40,000 രൂപ വരെ
∙ മാലിന്യ ശേഖരണത്തിന്റെ അളവു കണക്കാക്കിയാണ് ഹരിത കർമ സേനാംഗങ്ങൾക്കുള്ള ശമ്പളം നൽകുന്നത്. പ്രതിമാസം നാൽപതിനായിരം രൂപയിലേറെ വാങ്ങുന്ന ഹരിത കർമ സേനാംഗങ്ങൾ ഉണ്ടെന്ന് നഗരസഭ അധികൃതർ പറയുന്നു. പന്ത്രണ്ടായിരത്തി അഞ്ഞൂറ് രൂപയിൽ താഴെ വരുമാനമുള്ള അംഗങ്ങൾ ഇല്ലെന്നും അധികൃതർ പറഞ്ഞു.
വരുന്നത് 3 പദ്ധതികൾ
∙ മാലിന്യ സംസ്കരണത്തിന് മൂന്ന് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്.
ഒന്നേകാൽ കോടി ചെലവിൽ ബയോ സിഎൻജി പ്ലാന്റ്: മാലിന്യത്തിൽ നിന്നു പ്രകൃതിദത്ത വാതകം ഉൽപാദിപ്പിക്കുന്ന പദ്ധതിയാണിത്. കരാർ നടപടികൾ പൂർത്തിയായതായും ടെക്നിക്കൽ കമ്മിറ്റിയുടെ അനുവാദം ലഭിച്ചാലുടൻ നിർമാണം ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.
ഒരു കോടി ചെലവിൽ ഡബിൾ ചേംബർ സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ: ഡയപ്പർ, നാപ്കിൻ, സിറിഞ്ച്, മറ്റ് ആശുപത്രി അവശിഷ്ടങ്ങൾ എന്നിവ സംസ്കരിക്കുന്നതിനുള്ള പദ്ധതി.
ബാർബർ ഷോപ്പുകളിൽ നിന്നുള്ള മുടിയുടെ അവശിഷ്ടം ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള പദ്ധതി സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.ഇതിനായി കോഴിക്കോടുളള ഏജൻസിയുമായി ചർച്ച നടത്തുന്നു.
ഒരേക്കർ സ്ഥലം കൂടി വാങ്ങും
ആറ്റിങ്ങൽ∙ മാലിന്യ സംസ്കരണ പ്ലാന്റിലെ സ്ഥലത്തിന്റെ അപര്യാപ്തത പരിഹരിക്കുന്നതിനായി ഒരേക്കർ സ്ഥലം കൂടി വാങ്ങും. അതിനുള്ള നടപടി ആരംഭിച്ചതായി നഗരസഭ ചെയർപഴ്സൻ എസ്. കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻപിള്ള എന്നിവർ പറഞ്ഞു.
മാലിന്യ സംസ്കരണത്തിൽ വൻ കുതിപ്പ്
∙ മാലിന്യ ശേഖരണത്തിലും സംസ്കരണത്തിലും വൻ കുതിപ്പാണ് ആറ്റിങ്ങൽ നഗരസഭ 2 വർഷത്തിനിടെ കൈവരിച്ചത്. നിലവിൽ നൂറോളം ഹരിത കർമ സേനാംഗങ്ങളാണ് നഗരസഭയിലുള്ളത്. ജൈവ മാലിന്യ ശേഖരത്തിന് 26പേരും അജൈവ മാലിന്യ ശേഖരണത്തിന് 74 പേരും. ശരാശരി 10 ടൺ ജൈവ മാലിന്യവും ഒരു ടൺ അജൈവ മാലിന്യവും ദിവസവും ശേഖരിക്കുന്നു. സംസ്കരണശാലയിലെത്തിക്കുന്ന ജൈവ മാലിന്യം തരം തിരിച്ച് ജൈവവളമാക്കി ആവശ്യക്കാർക്ക് കിലോയ്ക്ക് രണ്ട് രൂപ നിരക്കിൽ വിൽക്കും. അജൈവ മാലിന്യം സർക്കാർ അംഗീകൃത ഏജൻസികൾക്ക് കൈമാറും . പന്ത്രണ്ടര ലക്ഷത്തിലധികം രൂപയാണ് പ്രതിമാസം മാലിന്യ ശേഖരണത്തിലൂടെ നഗരസഭയ്ക്കു ലഭിക്കുന്നത്.