വിഴിഞ്ഞം ∙ അടിച്ചു കസറി നമ്മുടെ മുത്ത് ! സഞ്ജുവിന്റെ വെടിക്കെട്ടിൽ വിഴിഞ്ഞം ‘വൈബ്’ ആയി !
ടി-20 ഫൈനലിൽ സഞ്ജു സാംസൺ എന്ന വിഴിഞ്ഞത്തുകാരൻ ചെക്കൻ ക്രീസിലിറങ്ങി തകർത്താടിയപ്പോൾ കടപ്പുറം ഇളകി മറിഞ്ഞു. വെടിക്കെട്ട് ബാറ്റിങ് കണ്ട് കടലമ്മ പോലും കണ്ണു ചിമ്മാതെ കണ്ടുനിന്നു.
കളി നടന്ന അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം കണ്ടതിനെക്കാൾ വലിയ ആവേശം. വിഴിഞ്ഞം സിന്ധുയാത്ര മാതാ പള്ളിയുടെ ആഭിമുഖ്യത്തിൽ ലോർഡ്സ് സ്പോർട്സ് ആർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് ഇവിടെ കൂറ്റൻ സ്ക്രീനിൽ ഫൈനൽ മത്സരം കാണിച്ചത്.
കുട്ടികളും സ്ത്രീകളും ഉൾപ്പെടെ സഞ്ജുവിന്റെ നാട്ടുകാർ ഇവിടേക്ക് ഒഴുകിയെത്തി.
ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുമെന്ന് അറിഞ്ഞതോടെ സ്ക്രീനിനു മുന്നിൽ നിരത്തിയ കസേരകൾ കളി തുടങ്ങുന്നതിനു മുൻപുതന്നെ നിറഞ്ഞുകവിഞ്ഞു. വെള്ള ജഴ്സിയണിഞ്ഞ വന്ന പയ്യന്മാർക്ക് അഭിമാനം. ‘സഞ്ജു ചേട്ടൻ’ അവർക്കു സമ്മാനിച്ച ജഴ്സിയായിരുന്നു അത്.
100 ജഴ്സികളാണ് നാട്ടിലെ കുട്ടികൾക്കായി സഞ്ജു സമ്മാനിച്ചത്. മത്സരം തുടങ്ങിയപ്പോൾ മുതൽ വിഴിഞ്ഞത്തെ തെരുവുകളിലും ചായക്കടകളിലും ടെലിവിഷൻ സ്ക്രീനുകൾക്കു മുന്നിലും തിരയെക്കാൾ വലിയ ആവേശം!
സഞ്ജു ഓരോ ഫോറും സിക്സറും പറത്തുമ്പോഴും ‘അടീടാ മോനേ സഞ്ജു… ആഞ്ഞടിക്കടാ..’ എന്നുള്ള ആർപ്പുവിളികൾ. ഫൈനൽ ആയതിൽ വള്ളം ഇറക്കാൻ മടിച്ച മീൻപിടിത്തക്കാരും കടപ്പുറത്തെ സ്ക്രീനിനു മുന്നിലുണ്ടായിരുന്നു. സിക്സറോടെ സഞ്ജു ഇന്ത്യൻ ഇന്നിങ്സിനു തുടക്കമിട്ടപ്പോൾ ആകാശത്ത് കരിമരുന്നു വിസ്മയം തെളിഞ്ഞു.
ശരവേഗത്തിൽ അൻപതിലേക്ക് എത്തിയപ്പോൾ നൂറുകണക്കിന് പടക്കങ്ങൾ പൊട്ടി. സെഞ്ചറിയിലേക്കു കടക്കുമെന്നു പ്രതീക്ഷിച്ച നിമിഷങ്ങളിൽ മുദ്രാവാക്യം വിളികളും പടക്കം പൊട്ടിക്കലുമായി കടലോരം ശരിക്കും പൂരപ്പറമ്പായി.
‘നമ്മടെ ചെക്കൻ ഇന്ന് കടലിളക്കും പോലെയാണ് കളിക്കുന്നത്, ആ പന്ത് പൊങ്ങിയതു കണ്ടോ? അതു നേരെ പോയി കടലിൽ വീഴണം!’ എന്നൊക്കെയായിരുന്നു പ്രായം ചെന്ന മത്സ്യത്തൊഴിലാളികളുടെ വാക്കുകൾ. ‘നമ്മടെ വീടിനടുത്തുള്ള പയ്യൻ ലോകം മൊത്തം അറിയപ്പെടുന്ന കളിക്കാരനായി കസറുന്നതു കാണുമ്പോ കിട്ടുന്ന ഒരു മനഃസുഖമുണ്ടല്ലോ. അതു പറഞ്ഞറിയിക്കാൻ പറ്റില്ല.’ സഞ്ജു കളി തുടങ്ങിയതോടെ ക്രിക്കറ്റ് പഠിച്ച മുതിർന്നവരും വിഴിഞ്ഞത്തുണ്ട്.
നാട്ടുകാരുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റൂല്ല മക്കളേ..’ തുഴയുമായി കളി കാണാനെത്തിയ മുതിർന്ന മത്സ്യത്തൊഴിലാളി ആന്റേഴ്സണിന്റെ വാക്കുകൾ. 46 പന്തിൽ 89 റൺസുമായി മടങ്ങുമ്പോൾ ആൾക്കൂട്ടം എഴുന്നേറ്റുനിന്ന് കയ്യടിച്ച് സഞ്ജുവിന് ആദരം നേർന്നു.
ഫൈനൽ മത്സരത്തിലെ ഉയർന്ന സ്കോർ, 20–20 ലോകകപ്പിലെ ഉയർന്ന സ്കോർ, 24 സിക്സറുകൾ..
അങ്ങനെ സഞ്ജുവിനെ ആഘോഷിക്കാൻ വിഴിഞ്ഞത്തുകാർക്കും നൂറുനൂറു കാരണങ്ങൾ. കളി ജയിച്ചതോടെ വിഴിഞ്ഞം ശരിക്കും ഉത്സവലഹരിയിലായി.
ആഘോഷം പുലരുവോളം നീണ്ടുനിന്നു. ബൈക്ക് റാലികൾ സഞ്ജുവിന്റെ വീടിനു മുന്നിലൂടെ കടന്നുപോയി.
തീരത്താകെ മധുരവിതരണവും നടന്നു. ഇനിയുള്ള കളികളിലും സഞ്ജു ഇതേപോലെ തകർപ്പൻ പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ തീരദേശവാസിയും.
ഇനി നാട്ടിലേക്ക് സഞ്ജുവിന്റെ വരവിനു വേണ്ടിയുള്ള കാത്തിരിപ്പാണ്. അന്നു കടപ്പുറം ഒരുപക്ഷേ ഇതിനേക്കാൾ പുളകം കൊള്ളും!
ഫൈനൽ ആവേശത്തിൽ തലസ്ഥാനത്തെ വീഥികളും
തിരുവനന്തപുരം ∙ ട്വന്റി 20 ലോകകപ്പ് ഫൈനൽ ആവേശത്തിൽ തലസ്ഥാനവും.
ഇന്ത്യ– ന്യൂസീലൻഡ് ഫൈനൽ മത്സരം ഒട്ടേറെ സ്ഥലങ്ങളിൽ വലിയ സ്ക്രീനുകളിൽ പ്രദർശിപ്പിച്ചു. ക്ലബ്ബുകൾ കേന്ദ്രീകരിച്ചും പ്രധാന ജംക്ഷനുകളിലുമൊക്കെ മത്സരം കാണാൻ ആളുകൾ തടിച്ചുകൂടി.
ടെക്നോപാർക്കിലെ ആംഫി തിയറ്ററിൽ ജീവനക്കാർക്കും കുടുംബത്തിനുമായി ഫൈനൽ മത്സരം പ്രദർശിപ്പിച്ചു.
നഗരത്തിൽ വഞ്ചിയൂർ, പേട്ട, കടകംപള്ളി, പൂജപ്പുര, ഉള്ളൂർ, കാര്യവട്ടം തുടങ്ങിയ സ്ഥലങ്ങളിൽ വലിയ സ്ക്രീനിൽ മത്സരം കാണാൻ അവസരമൊരുക്കി. രാത്രി 7ന് ആരംഭിച്ച മത്സരം കാണാൻ വൈകിട്ടോടെ തന്നെ കാണികൾ എത്തി.
മത്സരം അവസാനിക്കുന്നത് വരെ തിങ്ങി നിറഞ്ഞാണ് എല്ലായിടത്തും ഫൈനൽ പ്രദർശനം നടന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

