സംസ്ഥാനത്ത് മന്ത്രിപദവിയിൽ അഞ്ച് മാസം പൂർത്തിയാകുമ്പോഴും ഔദ്യോഗിക വസതി ലഭിക്കാതെ കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്.
മെയ് മാസത്തിൽ അധികാരമേറ്റ വി.ഡി.സതീശൻ സർക്കാരിലെ മറ്റ് 19 മന്ത്രിമാരും ഔദ്യോഗിക മന്ദിരങ്ങളിലേക്ക് മാറിയിരിക്കുമ്പോഴും, മന്ത്രിയുടെ താമസം ഇപ്പോഴും തിരുവനന്തപുരം തൈക്കാട് ഗെസ്റ്റ്ഹൗസിലാണ്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ മന്ത്രിക്ക് പ്രത്യേക വസതി ഒരുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും നടപടികൾ വൈകുകയാണ്.
നിലവിൽ ഔദ്യോഗിക സമയത്തിനുശേഷമുള്ള സന്ദർശകരെ സ്വീകരിക്കലും നിവേദനങ്ങൾ കൈപ്പറ്റലും മാസങ്ങളായി ഈ ഗെസ്റ്റ്ഹൗസിൽ തന്നെയാണ് നടക്കുന്നത്. തലസ്ഥാന നഗരിയിലുള്ള ആകെ 21 ഔദ്യോഗിക വസതികളിൽ മുഖ്യമന്ത്രി ക്ലിഫ്ഹൗസിലും, പ്രതിപക്ഷ നേതാവ് കന്റോൺമെന്റ് ഹൗസിലുമാണ് താമസിക്കുന്നത്.
ശേഷിക്കുന്ന 19 മന്ത്രിമാർക്കാണ് നിലവിൽ സർക്കാർ വസതികളുള്ളത്. മന്ത്രി ഒ.ജെ.
ജനീഷിന് മൻമോഹൻ ബംഗ്ലാവും അനൂപ് ജേക്കബിന് സർക്കാർ ചെലവിൽ വാടകവീടും നൽകാനായിരുന്നു പ്രാരംഭ തീരുമാനം. എന്നാൽ പിന്നീട് ഈ തീരുമാനത്തിൽ മാറ്റം വരുത്തി അനൂപ് ജേക്കബിന് മൻമോഹൻ ബംഗ്ലാവും ജനീഷിന് വാടകവീടും അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു.
എങ്കിലും സ്വകാര്യ വ്യക്തികളുടെ വീടുകൾ വാടകയ്ക്കെടുക്കുന്നതിന് പകരം പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സ് അനുവദിച്ചാൽ മതിയെന്നാണ് മന്ത്രി സർക്കാരിനെ അറിയിച്ചത്. ഇതേത്തുടർന്നുള്ള നടപടികൾ വളരെ മന്ദഗതിയിലാണ് നീങ്ങിയത്.
ഒടുവിൽ ജവഹർ നഗറിലെ പിഡബ്ല്യുഡി ക്വാർട്ടേഴ്സുകളിൽ ഒന്ന് മന്ത്രിക്ക് അനുവദിച്ച് ഉത്തരവുകൾ പുറത്തിറങ്ങിയെങ്കിലും, വസതി ഇതുവരെ ഔദ്യോഗികമായി കൈമാറിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

