തിരുവനന്തപുരം ∙ ഉത്സവ സീസൺ ആരംഭിച്ചതോടെ ജില്ലയിൽ മോഷണം പതിവാകുന്നു. വീട് പൂട്ടി പോകുന്നവരെ നിരീക്ഷിച്ച് ഭവനങ്ങളിലെത്തി കവർച്ച ചെയ്യുകയാണ് രീതി.
ഇതരസംസ്ഥാനത്ത് നിന്നുള്ളവരാണ് കൂടുതലും മോഷണത്തിന് എത്തുന്നതെന്നാണ് പൊലീസ് വിശദീകരണം. ഒന്നിൽ കൂടുതൽ കവർച്ച നടത്തിയിട്ട് ഇതര സംസ്ഥാനത്തേക്ക് കടക്കുന്നതാണ് ഇവരുടെ രീതി.
പല മോഷണ കേസിലെ പ്രതികളെയും പൊലീസിന് പിടികൂടാൻ സാധിച്ചിട്ടില്ല. ബൾബ് ഊരി വച്ചും ഗേറ്റിൽ നൂൽ കെട്ടിയും അടയാളമിട്ട് പകൽ സമയത്തുള്ള നിരീക്ഷണം വഴിയാണ് ആളില്ലായെന്ന് ഉറപ്പിച്ച് വീടുകളിൽ കവർച്ച നടത്തുന്നത്.
കമ്പിപ്പാര ഉപയോഗിച്ച് കതക് പൊളിച്ചും ആധുനിക രീതിയിലുള്ള ഗ്യാസ് കട്ടർ ഉപയോഗിച്ചും മോഷണം പതിവാണ്.
സിസിടിവി ഉള്ളയിടങ്ങളിൽ മുഖം മൂടിയണിഞ്ഞാണ് കള്ളന്മാർ എത്തുന്നത്. ഉത്സവം കണ്ടു വീട്ടുകാർ മടങ്ങുന്ന ചെറിയ സമയത്തിനുള്ളിലും മോഷണം നടത്തുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കുറെ ദിവസത്തേക്ക് വീട് പൂട്ടി പോകുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും നിർദേശം കൈമാറി.
പിൻവാതിൽ തകർത്ത് സ്വർണക്കവർച്ച
മാറനല്ലൂർ ഊരൂട്ടമ്പലം കോട്ടറക്കുഴി സ്വദേശി പ്രതാപചന്ദ്രന്റെ നന്ദാവനം വീട് കുത്തി തുറന്ന് അഞ്ചേകാൽ പവനും ഒരു ലക്ഷത്തി ആറായിരം രൂപയും കവർന്നത് വീടിന്റെ പിൻവാതിൽ തകർത്തായിരുന്നു. ജനുവരി 9ന് ആണ് മോഷണം. വീട്ടുകാർ പുറത്ത് പോയ സമയം വൈകിട്ട് 3 നും രാത്രി 9നും മധ്യേയാണ് കവർച്ച.
വീടിന്റെ പിൻവാതിൽ കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നു. പ്രതാപ ചന്ദ്രന്റെ ഭാര്യ മക്കളുടെ സ്കൂളിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്നത് അറിഞ്ഞത്.
അന്വേഷണം എങ്ങുമെത്തിയില്ല.
കവർന്നത് 54 പവൻ
കാഞ്ഞിരംകുളം ചാവടിയിൽ പട്ടാപ്പകൽ വീടിന്റെ മുൻ വാതിൽ തുറന്ന് 54 പവന്റെ സ്വർണാഭരണങ്ങളും 38,000 രൂപയും കവർന്നു. വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ വീടിനു പിന്നിലെ ഷെഡിൽ നിന്ന് 23 പവന്റെ ആഭരണങ്ങൾ കണ്ടെത്തി.
കാഞ്ഞിരംകുളം ചാവടി കുഴിഞ്ഞവിള ജെ.എസ്.ഭവനിൽ സുജിത്തിന്റെ വീട്ടിലായിരുന്നു കവർച്ച. പുതുവർഷ ദിനത്തിലായിരുന്നു മോഷണം.വീട്ടുകാർ പള്ളിയിൽ പോയി തിരികെ എത്തുമ്പോൾ വീടിന്റെ മുൻ വാതിൽ തുറന്ന നിലയിലായിരുന്നു.
ഉള്ളിൽ പ്രവേശിച്ചു പരിശോധന നടത്തിയപ്പോൾ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു. സാധാരണ മോഷണത്തിന്റെ ലക്ഷണങ്ങൾ ഈ കേസിൽ ഇല്ലെന്നും അവർ പ്രതികരിച്ചു.
അതേസമയം, സംഭവത്തിൽ 5 പവന്റെ ആഭരണങ്ങൾ കൂടി കഴിഞ്ഞദിവസം ലഭിച്ചു. വീടിനോട് ചേർന്ന പറമ്പിൽ തേങ്ങ വീണ ശബ്ദം കേട്ടു പോയി നോക്കിയപ്പോൾ ഒരു പൊതി ലഭിച്ചുവെന്നും അതിൽ 5 പവന്റെ ആഭരണങ്ങൾ ഉണ്ടായിരുന്നതായും വീട്ടുകാർ പൊലീസിനു മൊഴി നൽകി.
ഇതോടെ 54ൽ 28 പവന്റെ സ്വർണാഭരണങ്ങൾ തിരികെ ലഭിച്ചു. മോഷ്ടാവിലേക്ക് തങ്ങൾ ഏതാണ്ട് എത്തിയതിനെ തുടർന്നാണ് ഈ നാടകമെന്ന് പൊലീസ് കരുതുന്നു. മോഷ്ടാവ് ഈ വീടും പരിസരവും നന്നായി അറിയാവുന്ന ആൾ തന്നെയെന്നാണു സൂചന.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

