തിരുവനന്തപുരം ∙ സാഹിത്യം സമൂഹത്തിൽ നിന്നു വേറിട്ടു നിൽക്കേണ്ടതല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭ രാജ്യാന്തര പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർത്തമാന കാലത്തിൽ എഴുത്തുകാർ പക്ഷം ചേരാതെ നിൽക്കണമെന്നു ചിലർ വാദിക്കുന്നുണ്ട്. മതനിരപേക്ഷ മനുഷ്യ ഐക്യത്തിനു വേണ്ടി എഴുതുകയും പ്രസംഗിക്കുകയും ചെയ്തതിൽ അസഹിഷ്ണുതയുള്ളവരാണ് ഡോ.കലബുറഗിയെയും നരേന്ദ്ര ധബോൽക്കറെയും ഗൗരി ലങ്കേഷിനെയും പോലെയുള്ളവരുടെ ജീവനെടുത്തത്.
അസഹിഷ്ണുത ഇത്ര ഭീകരമായി അഭിപ്രായ സ്വാതന്ത്ര്യത്തെയും എഴുത്തിനുള്ള സ്വാതന്ത്ര്യത്തെയും ഞെരിച്ചമർത്തുന്ന അവസ്ഥയുണ്ടാകുമ്പോഴും നിഷ്പക്ഷരാണു തങ്ങൾ എന്നു പറയാമോ എന്നും അദ്ദേഹം ചോദിച്ചു.
വെനസ്വേലയുടെ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെയും ഭാര്യയെയും അവരുടെ രാജ്യത്തു കടന്നു കയറി മറ്റൊരു രാജ്യത്തിന്റെ സായുധ സംഘം തട്ടിക്കൊണ്ടുപോയത് ആധുനിക ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ഇത്തരം ഭീഷണികൾ പ്രബുദ്ധമായ വായനാലോകത്തിന്റെ സജീവമായ ചർച്ചയിൽ ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.നിയമസഭാ പുരസ്കാരം എഴുത്തുകാരൻ എൻ.എസ്.മാധവന് മുഖ്യമന്ത്രി സമ്മാനിച്ചു.
വി.എസ്.രാജേഷ് രചിച്ച ‘പവിത്രം പത്മനാഭം’, കെ.വി.സുധാകരൻ രചിച്ച ‘വിഎസ്: സമരം, ചരിത്രം, ഇതിഹാസം’, കെ.ടി.ജലീൽ രചിച്ച ‘അമേരിക്ക ടു മക്ക’ എന്നീ പുസ്തകങ്ങൾ സ്പീക്കർ എ.എൻ.ഷംസീറിനു നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സ്പീക്കർ അധ്യക്ഷത വഹിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ബുക്കർ സമ്മാന ജേതാവ് ബാനു മുഷ്താഖ്, കോമൺവെൽത്ത് പാർലമെന്റ് അസോസിയേഷൻ അധ്യക്ഷൻ ഡോ.ക്രിസ്റ്റഫർ കെ.കലില, മന്ത്രിമാരായ കെ.രാജൻ, വി.ശിവൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, സാഹിത്യകാരൻ ടി.പത്മനാഭൻ, ചീഫ് വിപ്പ് എൻ.ജയരാജ്, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നിയമസഭാ സെക്രട്ടറി ഡോ.എൻ.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.പുസ്തകോത്സവത്തിലെ സ്റ്റുഡന്റ്സ് കോർണറിന്റെ ഉദ്ഘാടനം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

