നെയ്യാറ്റിൻകര താലൂക്കിലെ പെരുങ്കടവിളയിൽ സർക്കാർ പുരാവസ്തുവായി പ്രഖ്യാപിച്ച ചരിത്രപ്രസിദ്ധമായ പാണ്ഡവൻ പാറയെ വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഒട്ടേറെ നിവേദനങ്ങൾ സമർപ്പിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.
സംരക്ഷിത പുരാവസ്തു പദവിയുണ്ടെങ്കിലും, പ്രദേശം കയ്യേറാൻ ക്വാറി മാഫിയ തക്കംപാർത്തു നിൽക്കുകയാണ്. ഐതിഹ്യങ്ങൾ ഉറങ്ങുന്ന പാണ്ഡവൻ പാറയ്ക്കും സമീപത്തുണ്ടായിരുന്ന അടുപ്പുകൂട്ടി പാറയുടെ ഗതി തന്നെ വരുമോ എന്ന ആശങ്കയിലാണ് പ്രകൃതിസ്നേഹികളും പ്രദേശവാസികളും.
പെരുങ്കടവിള പഞ്ചായത്തിലെ പാൽക്കുളങ്ങര വാർഡിലാണ് ചരിത്രപ്രസിദ്ധമായ പാണ്ഡവൻ പാറ സ്ഥിതി ചെയ്യുന്നത്. വനവാസ കാലത്ത് പാണ്ഡവർ ഇവിടെ താമസിച്ചിരുന്നു എന്നാണ് പ്രദേശത്തെക്കുറിച്ചുള്ള ഐതിഹ്യം.
പാണ്ഡവർക്കായി ആഹാരം പാകം ചെയ്തിരുന്ന സ്ഥലമായിരുന്നു സമീപത്തുണ്ടായിരുന്ന അടുപ്പുകൂട്ടിപ്പാറ. എന്നാൽ ഇന്ന് ആ സ്ഥാനത്ത് വലിയൊരു കുളം മാത്രമാണുള്ളത്.
ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിട്ടും മല മുഴുവൻ ക്വാറി മാഫിയ പൊട്ടിച്ചു കടത്തുകയായിരുന്നു. ഭൂനിരപ്പിൽ നിന്നും ഏകദേശം 700 അടിയോളം ഉയരത്തിലാണ് പാണ്ഡവൻ പാറ സ്ഥിതി ചെയ്യുന്നത്.
ഇതൊരു അപൂർവ കൃഷ്ണശിലയാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. 1996-ൽ സംസ്ഥാന സർക്കാർ ഈ പാറയെ പുരാവസ്തുവായി പ്രഖ്യാപിച്ചു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിരുന്നു.
ഒപ്പം ഇതൊരു വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ടായി. എന്നാൽ മൂന്ന് ദശാബ്ദങ്ങൾ പിന്നിട്ടിട്ടും ഈ പാറയിലേക്ക് എത്തിച്ചേരാൻ അനുയോജ്യമായ ഒരു വഴിപോലും ഇതുവരെ നിർമിച്ചിട്ടില്ല.
പാണ്ഡവൻ പാറ അക്ഷരാർഥത്തിൽ കടുത്ത അവഗണനയിലാണെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. അവസരം കിട്ടിയാൽ പ്രദേശം കയ്യടക്കാൻ കാത്തിരിക്കുന്ന ക്വാറി മാഫിയ ഇതിനോടകം തന്നെ ചുറ്റുമുള്ള ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
പ്രകൃതി സംരക്ഷണ സംഘടനയായ തണൽവേദി ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഹൈക്കോടതി, ഹരിത ട്രിബ്യൂണൽ തുടങ്ങിയ വിവിധ വേദികളിൽ നടത്തിയ നിയമപോരാട്ടങ്ങളുടെ ഫലമായാണ് ഈ പാറ ഇനിയും അവശേഷിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ അനുകൂല വിധി ലഭിച്ചാൽ പിറ്റേദിവസം പുലർച്ചെയാകുമ്പോൾ പാണ്ഡവൻ പാറ കാണാൻ പോലും സാധിക്കാത്ത അവസ്ഥ വരുമെന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്.
അത്രയധികം ഭീഷണിയാണ് ക്വാറി മാഫിയയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. വിനോദസഞ്ചാര മേഖലയിലെ അനന്തസാധ്യതകൾക്കൊപ്പം പാണ്ഡവൻ പാറ സംരക്ഷിക്കണമെന്നും, യാത്രാസൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കി പ്രദേശം വികസിപ്പിക്കണമെന്നുമാണ് ജനങ്ങളുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

