വിതുര തൊളിക്കോട് മലയടി വിനോബനികേതൻ ആശ്രമത്തിലെ ചരിത്ര മ്യൂസിയം നവീകരിക്കാൻ തീരുമാനമായി. ഗാന്ധിജിയുടെയും ആചാര്യ വിനോബഭാവെയുടെയും അപൂർവ്വ സ്മരണകൾ ഉറങ്ങുന്ന ഈ ചരിത്ര കേന്ദ്രം ഇനി പുതിയ രൂപത്തിലേക്ക് മാറുകയാണ്.
ആചാര്യ വിനോബഭാവെ രാജ്യത്തൊട്ടാകെ പതിനായിരത്തിലേറെ കിലോമീറ്റർ ദൂരം ചെയ്ത യാത്രാ രേഖകളും ഭരണാധികാരികളും ആധ്യാത്മിക നേതാക്കളും ആശ്രമത്തിൽ നടത്തിയ സന്ദർശനങ്ങളുടെ ചിത്രശേഖരവും ഇവിടെയുണ്ട്. മഹാത്മാ ഗാന്ധിജി ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ വിപുലമായ ശേഖരമാണ് ഇവിടുത്തെ പ്രധാന ആകർഷണം.
അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ, ക്യാമറ, ചെരുപ്പ്, ഡയറി തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്. പദയാത്രകളിൽ ഉപയോഗിച്ചിരുന്ന ചെറിയ ചർക്കകൾ, പ്രാർഥനയ്ക്ക് ഉപയോഗിച്ചിരുന്ന കരതാളം, ദിൽറുബ തുടങ്ങിയ വാദ്യോപകരണങ്ങളും മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
സ്ഥിരമായി ഉപയോഗിച്ചിരുന്നതു കേടാകുമ്പോൾ താൽകാലികമായി ഉപയോഗിച്ചിരുന്ന വാച്ചും ഇവിടെയുണ്ട്. കേന്ദ്ര മന്ത്രിയായിരുന്ന സുശീലൻ അയ്യരിൽ നിന്ന് പരിവ്രാജക എ.കെ.രാജമ്മ ഏറ്റുവാങ്ങിയ ഗാന്ധിജിയുടെ ചിതാഭസ്മവും ഈ മ്യൂസിയത്തിൽ സൂക്ഷിക്കുന്നുണ്ട്.
ഇതിനുപുറമെ ആചാര്യ വിനോബഭാവെ ഉപയോഗിച്ചിരുന്ന വസ്തുക്കളും ആശ്രമ ശേഖരത്തിൽ സുലഭമാണ്. യാത്രകളിൽ ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
അദ്ദേഹം വായിച്ചിരുന്ന വിഷ്ണു സഹസ്രനാമം, രചിച്ച ഗീതാ പ്രവചനങ്ങൾ, കണ്ണട എന്നിവയും ഇവിടെയുണ്ട്.
വിവിധ ഭാഷകളിലായി 20,000ൽ അധികം പുസ്തകങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. നൂറ്റാണ്ടു പഴക്കമുള്ള താളിയോല ഗ്രന്ഥങ്ങളും കൂട്ടത്തിൽ കാണാം.
പത്ര ശേഖരവും ആഴ്ചപതിപ്പുകളും ഈ ചരിത്രശേഖരത്തിന്റെ ഭാഗമാണ്. 1967ൽ ഗ്രാമ വിദ്യാലയമായി തുടങ്ങിയ കെട്ടിടം 92 മുതലാണ് മ്യൂസിയമായി മാറിയത്.
നിരവധി വിശിഷ്ട വ്യക്തികൾ ഇവിടെ സന്ദർശനം നടത്തിയിട്ടുണ്ട്.
2005ൽ അന്നത്തെ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് ആശ്രമവും മ്യൂസിയവും സന്ദർശിച്ചിരുന്നു. മലയടി വിനോബാനികേതൻ ആശ്രമത്തിന്റെ സമഗ്ര വികസനത്തിനായി നൂറു കോടിയുടെ മാസ്റ്റർ പ്ലാനാണ് തയാറാക്കിയിട്ടുള്ളത്.
ഗാന്ധിജിയുടെയും വിനോബഭാവെയുടെയും ഓർമകൾ നിറയുന്ന ചരിത്ര മ്യൂസിയം ഡിജിറ്റൈസ് ചെയ്ത് നവീകരിക്കാനും സ്ഥാപക പരിവ്രാജക എ.കെ.രാജമ്മയുടെ ശവകുടീരം ശാന്തിഘട്ട് എന്ന സ്മാരകമായി ഉയർത്താനും പദ്ധതിയുണ്ട്. ഒപ്പം ആശ്രമത്തെ വിവിധ തൊഴിൽ മേഖലകളുടെ പരിശീലന കേന്ദ്രമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഒരു വർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കുമെന്ന് ആശ്രമം ഭാരവാഹികൾ വ്യക്തമാക്കി. ആശ്രമത്തിന്റെ പുതിയ ഭാരവാഹികളായി ബി.എസ്.ശ്രീനിധി (പ്രസിഡന്റ്), എസ്.അഹല്യ (സെക്രട്ടറി), ബി.എസ്.ലേഖ (ജോയിന്റ് സെക്രട്ടറി), എസ്.അനുമോൾ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
വാർഷിക പൊതുയോഗം 30ന് തിരുവനന്തപുരം വൈഎംസിഎയിൽ വിപുലമായി സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

