തിരുവനന്തപുരം: ജൈവവൈവിധ്യ സംരക്ഷണത്തിന്റെ യഥാർഥ പ്രയോക്താക്കളായിവനം വകുപ്പ് ജീവനക്കാർ മാറണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ്.ജി.കൃഷ്ണൻ.
വനംവകുപ്പ് ഉദ്യോഗസ്ഥർക്കായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് (KSBB) സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൈവവൈവിധ്യ സംരക്ഷണം വെറും പരിസ്ഥിതി ഉത്തരവാദിത്തം മാത്രമല്ല, സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന്റെ അടിസ്ഥാന ഘടകമാണെന്നും ഈ രംഗത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ട
സ്റ്റേറ്റ് ലെവൽ റിസോഴ്സ് ഗ്രൂപ്പിന്റെ പരിശീലനമാണ് തിരുവനന്തപുരം പിടിപി നഗറിലെ കേരള വനംവകുപ്പ് അരണ്യം ട്രെയിനിങ് സെന്ററിൽ നടന്നത്. ഭേദഗതി ചെയ്ത ജൈവവൈവിധ്യ ആക്ടും റൂളുകളും വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തി.
ജൈവവൈവിധ്യ സംരക്ഷണം ആഗോളതലത്തിൽ നിന്നു പ്രാദേശിക തലത്തിലേക്ക് ഫലപ്രദമായി നടപ്പിലാക്കുന്നതിന് നിയമപരവും സ്ഥാപനപരവുമായ ചട്ടക്കൂടുകൾ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ബയോഡൈവേഴ്സിറ്റി ആക്ട് ആൻഡ് കൺസർവേഷൻ ഫ്രെയിംവർക്ക്, ആക്സസ് ആൻഡ് ബെനിഫിറ്റ് ഷെയറിങ്, (ABS) മെക്കാനിസം, ജൈവവൈവിധ്യ സംരക്ഷണത്തിലെ രാജ്യാന്തര, ദേശീയ, സംസ്ഥാന തല സമീപനങ്ങൾ, കൂടാതെ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്തു.
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ.
അനിൽകുമാർ അധ്യക്ഷനായി. ജൈവവൈവിധ്യ സംരക്ഷണത്തിൽ സംസ്ഥാന സർക്കാർ കൈക്കൊള്ളുന്ന നയങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ച അദ്ദേഹം, പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തത്തോടെ മാത്രമേ സംരക്ഷണ ശ്രമങ്ങൾ ദീർഘകാല വിജയത്തിലേക്ക് നയിക്കാനാകൂ എന്നും അഭിപ്രായപ്പെട്ടു.
ബോർഡിന്റെ മെമ്പർ സെക്രട്ടറി ഡോ. വി.ബാലകൃഷ്ണൻ ജൈവവൈവിധ്യ നിയമത്തിന്റെ ഭേദഗതികളും അതിന്റെ പ്രസക്തിയും വിശദീകരിച്ചു.
പരിശീലനത്തിൽ നരേന്ദ്ര നാഥ വേലൂരി, ആർ.വിനയൻ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ പ്രഭു, ഡോ. വിമൽ കുമാർ എന്നിവരും ജൈവവൈവിധ്യ ബോർഡിലെയും വനംവകുപ്പിലെയും ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഡോ. വി.ഉണ്ണികൃഷ്ണൻ, ഡോ.
പ്രജിത്ത്, ഡോ. അഖില.എസ്.നായർ, ഡോ.
ബൈജു ലാൽ, ഡോ. ജിജി.സി.രാജൻ, റിസർച്ച് ഓഫിസർ മിത്രാംബിക എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വിദഗ്ധർ നയിച്ച സെഷനുകൾ വഴി ഉദ്യോഗസ്ഥർക്കു നിയമപരമായ അറിവിനൊപ്പം ഫീൽഡ് തലത്തിൽ നേരിടുന്ന വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ നിർദേശങ്ങളും ലഭിച്ചു. ഈ സംസ്ഥാനതല പരിശീലനത്തിന്റെ തുടർച്ചയായി അടുത്ത ഘട്ടത്തിൽ ജില്ലാതലത്തിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇതിലൂടെ വനംവകുപ്പിലെ കൂടുതൽ ഉദ്യോഗസ്ഥരെ ജൈവവൈവിധ്യ നിയമങ്ങളും സംരക്ഷണ പ്രവർത്തനങ്ങളും സംബന്ധിച്ച് സജ്ജരാക്കുകയാണ് ലക്ഷ്യം. പരിശീലന പരിപാടിക്ക് അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശിവപ്രസാദ് നന്ദി രേഖപ്പെടുത്തി.
ജൈവവൈവിധ്യ സംരക്ഷണത്തിൽ പ്രതിബദ്ധത ശക്തിപ്പെടുത്തുന്ന ഈ സംയുക്ത പരിശീലന പരിപാടി, കേരളത്തിന്റെ പ്രകൃതി സമ്പത്തുകൾ സംരക്ഷിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നു. സംസ്ഥാന ജൈവവൈവിധ്യ ബോർഡും വനംവകുപ്പും സംയുക്തമായി ട്രെയിനിങ് ഉൾപ്പെടെയുള്ള പരിപാടികൾ ചെയ്യുന്നതിന് ധാരണപത്രം ഒപ്പിടുന്ന നടപടികൾ സ്വീകരിച്ചു വരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

