പോത്തൻകോട് ∙ പളളിപ്പുറം വെള്ളൂർ കട്ടച്ചിറക്കോണത്തെ ഒറ്റമുറി വീട്ടിൽ വെള്ളവും വൈദ്യുതിയും ശുചിമുറിയും ഇല്ലാതെ ദുരിതത്തിൽ കഴിയുന്ന ഭിന്നശേഷിക്കാരൻ അനിയേയും അമ്മ സുലോചനയേയും കണ്ട് സഹായം ഉറപ്പ് നൽകി മന്ത്രി ജി.ആർ. അനിൽ.
വെള്ളം, വൈദ്യുതി, ശുചിമുറി എന്നിവയ്ക്കു ഒരാഴ്ച്ചയ്ക്കുള്ളിൽ സൗകര്യം ഒരുക്കുമെന്നും റേഷൻ കാർഡ് എഎവൈ (അന്ത്യോദയ അന്ന യോജന) വിഭാഗത്തിലേക്ക് തരംമാറ്റി നൽകുമെന്നും അനിയുടെ വീട്ടിൽ എത്തി മന്ത്രി അറിയിച്ചു. അനിയുടേയും അമ്മയുടെയും ദുരിത ജീവിതത്തെ കുറിച്ച് മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നായിരുന്നു നടപടി.
ഇലക്ട്രിക് വയറിങ്, പൈപ്പ് ലൈൻ കണക്ഷൻ ജോലികൾ ഇന്ന് ആരംഭിക്കും.
ശുചിമുറിയുടെ നിർമാണം രണ്ട് ദിവസത്തിനുള്ളിൽ തുടങ്ങും. ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പഞ്ചായത്ത് അംഗം ജയചന്ദ്രനെ മന്ത്രി ചുമതലപ്പെടുത്തി.
മന്ത്രിയും സിപിഎം ഏരിയ സെക്രട്ടറി എം.ജലീലും ഇതിന് ആവശ്യമായ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. അടിയന്തരമായി വീടിന് ടിസി നമ്പർ അനുവദിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടും.
‘ഈ കുടുംബത്തിന്റെ ദുരിതം മുൻപുണ്ടായിരുന്ന വാർഡ് അംഗം, പഞ്ചായത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധയിൽ പ്പെടുത്തിയിരുന്നെങ്കിൽ വളരെ മുൻപു തന്നെ ഇവർക്ക് സഹായം ലഭിക്കുമായിരുന്നു. ഇവരുടെ ദുരിത ജീവിതം വാർത്തയാക്കി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന മലയാള മനോരമയെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം എസ്.കാർത്തിക, സിപിഎം ഏരിയ സെക്രട്ടറി എം.ജലീൽ, വാർഡ് അംഗം ജയചന്ദ്രൻ, പള്ളിച്ചവീട്, വാർഡ് മുൻ അംഗം സിത്താര, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹാഷിം, അരുൺ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

