ആറ്റിങ്ങൽ∙ കലാവസന്തം തീർത്ത് ജില്ലാ സ്കൂൾ കലോത്സവം 2 നാളുകൾ പിന്നിട്ടപ്പോൾ തിരുവനന്തപുരം സൗത്ത് മുന്നേറ്റം തുടങ്ങി. 419 പോയിന്റുകളോടെയാണ് സൗത്ത് മുന്നേറുന്നത്.
411 പോയിന്റുമായി പാലോടാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുളള കിളിമാനൂരിന് 406പോയിന്റുണ്ട്.
ആതിഥേയരായ ആറ്റിങ്ങൽ, 402 പോയിന്റുമായി നാലാമതാണ്. മികച്ച സ്കൂളുകൾക്കു വേണ്ടിയുള്ള മത്സരത്തിൽ പാലോട് സബ് ജില്ലയിലെ നന്ദിയോട് എസ്കെവിഎച്ച്എസാണ് മുന്നിൽ, 146 പോയിന്റ്.
സൗത്തിലെ വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂൾ(125) രണ്ടാം സ്ഥാനത്തും കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ(98) മൂന്നാം സ്ഥാനത്തുമാണ്.
ഒന്നാം ദിവസത്തെ മത്സരങ്ങൾ രാത്രിയോളം നീണ്ടു. രണ്ടാം ദിവസം നാടകത്തിനായിരുന്നു ആസ്വാദകർ ഏറെ.
ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹാളിൽ കാണികൾ നിറഞ്ഞുകവിഞ്ഞു. ഗോത്രകലകൾക്കും കാണികളേറെയുണ്ടായിരുന്നു.
നൃത്ത ഇനങ്ങൾക്ക് പതിവുപോലെ ആസ്വാദകരേറി.
നാടകത്തിന് വേദി, തട്ടിക്കൂട്ട് സെറ്റപ്പ്
ഹൈസ്കൂൾ വിഭാഗം നാടകമത്സരത്തിന് സംഘാടകർ നിശ്ചയിച്ചു നൽകിയത് തട്ടിക്കൂട്ട് വേദിയെന്നു പരാതി. മത്സരത്തിന് ഗവ.
ഗേൾസ് എച്ച്എസ്എസ്സിലെ, പരിമിതികൾ ഏറെയുള്ള മിനി ഹാൾ നൽകിയത് പ്രതിഷേധത്തിനിടയാക്കി. സ്റ്റേജ് മാനേജർ അടക്കമുള്ളവർ വേദിയുടെ ഒരു ഭാഗത്ത് ഇരുന്നതും പ്രതിഷേധമുയർത്തി. മത്സരം നടക്കുന്ന ഹാളിൽ കയറാൻ ചെറിയ വാതിലുകൾ മാത്രമാണുള്ളത്.
ഈ വാതിലുകൾ താണ്ടി വളരെ പണിപ്പെട്ടാണ് നാടക ടീമുകൾ തങ്ങൾക്ക് ആവശ്യമായ സെറ്റും പ്രോപ്പർട്ടിയും അടക്കം വേദിയിൽ എത്തിച്ചത്. വേദി മാറ്റാൻ ചില സ്കൂളുകൾ അഭ്യർഥിച്ചെങ്കിലും പരിഗണിക്കാൻ സംഘാടകർ കൂട്ടാക്കിയില്ല.
സ്കിറ്റ് മത്സരത്തിന് സിഎസ്ഐ സ്കൂളിലെ പ്രധാന വേദിയും സംസ്കൃതം നാടക മത്സരത്തിന് ഡയറ്റിലെ പ്രധാന വേദിയും നൽകിയപ്പോൾ നാടക മത്സരത്തിന് മോശം വേദി നൽകിയെന്നാണ് ആക്ഷേപം.
ശബ്ദ സംവിധാനവും മികച്ചതായിരുന്നില്ല. ഹാളിനുള്ളിലെ പ്രതിധ്വനി പല ടീമുകളെയും ബുദ്ധിമുട്ടിച്ചു.
പരിമിതികളുടെ നടുവിലും കുട്ടി നാടക സംഘങ്ങൾ മികവ് കാട്ടി. കുഞ്ഞു ലോകത്തെ പ്രശ്നങ്ങളും നിഷ്കളങ്കതയും ലഹരിയ്ക്കെതിരെയുള്ള പ്രതിരോധവും വർഗീയ വിരുദ്ധതയും വിഷയമായി.
മത്സരത്തിനിടെ പ്രോപ്പർട്ടി താഴെവീണതും പരിഭ്രാന്തി പടർത്തി.
നന്ദിയോട് എസ്കെവി എച്ച്എസ്എസ് നാടകം അവതരിപ്പിക്കുന്നതിനിടെയാണ് പ്രോപ്പർട്ടി ഇളകിവീണത്. സ്റ്റേജിലെ സ്ഥലപരിമിതിയാണ് കാരണമായത്.
നാടകവേദിയിലെ സ്റ്റേജിനുള്ളിൽ ആവശ്യമായതിൽ കൂടുതൽ സംഘാടകരെ ഇരുത്തുന്നത് ഒഴിവാക്കാൻ തീരുമാനം. 2023ൽ നാടകമത്സരം ഇതേ വേദിയിൽ നടന്നപ്പോഴും പരാതികളുയർന്നിരുന്നു.
ഫലപ്രഖ്യാപനത്തിന് ശേഷം പുറത്തിറങ്ങിയ വിധികർത്താക്കളെ കാണികൾ കൂകി വിളിച്ചു. പൊലീസ് സംരക്ഷണത്തിലാണ് വേദിയിൽനിന്നു വിധികർത്താക്കളെ പുറത്തേക്കു കൊണ്ടുവന്നത്.
പ്ലീസ് വെയ്റ്റ്, ഒരു മണിക്കൂർ!
ആറ്റിങ്ങൽ∙ അപ്പീൽ അധികാരി ഉൾപ്പെടെ അധികൃതർ എത്താൻ വൈകിയതിനെത്തുടർന്ന് കുട്ടികൾ കാത്തുനിന്നത് ഒരു മണിക്കൂറിലേറെ. ഇന്നലെ രാവിലെ 9ന് ആണ് മത്സരങ്ങൾ ആരംഭിക്കാൻ നിശ്ചയിച്ചിരുന്നത്.
എന്നാൽ, ഭൂരിഭാഗം വേദികളിലും മത്സരം തുടങ്ങിയത് ഒരു മണിക്കൂറിലേറെ വൈകിയാണ്. ഉപജില്ലാ കലോത്സവത്തിൽ അപ്പീൽ അനുവദിച്ച് കലോത്സവത്തിന് എത്തിയവരാണ് വലഞ്ഞത്. കലോത്സവത്തിന്റെ ജനറൽ കൺവീനർ കൂടിയായ ഡിഡിയുടെ ഓഫിസിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഇവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയൂ.
അപ്പീൽ കിട്ടിയ ഒട്ടേറെ കുട്ടികൾ അനുമതി തേടി അതിരാവിലെ മുതൽ കലോത്സവത്തിന്റെ പ്രധാന വേദിയായ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലൽ എത്തിയെങ്കിലും ഡിഡിയുടെ താൽക്കാലിക ഓഫിസ് അടഞ്ഞു കിടക്കുകയായിരുന്നു.
രാവിലെ 9.45ന് ഇവിടെ ഉദ്യോഗസ്ഥർ എത്തി. തുടർന്നാണ് കുട്ടികൾക്കു പങ്കെടുക്കാനുള്ള അനുമതി ലഭിച്ചത്.
രാവിലെ 9ന് ആരംഭിക്കേണ്ട കഥാപ്രസംഗം, മോഹിനിയാട്ടം, സ്കിറ്റ് എന്നിവയിൽ പങ്കെടുക്കേണ്ടവരടക്കം അനുമതി തേടി കാത്തുനിന്നു.
അനുമതി ലഭിച്ച ശേഷം പ്രധാന വേദിയിൽനിന്ന് ഒന്നര കിലോമീറ്ററോളം അകലെയുള്ള വേദികളിലെത്തിയാണ് ഇവർ മത്സരങ്ങളിൽ പങ്കെടുത്തത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

