ചിറയിൻകീഴ്∙ആനത്തലവട്ടത്ത് ആർഎസ്എസ് പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം. ചിറയിൻകീഴ് ആനത്തലവട്ടം കൃഷ്ണാലയത്തിൽ ബാബുവിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി ഒന്നോടെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും 3 ബൈക്കുകളും 2 സൈക്കിളുകളും കത്തിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ശബ്ദം കേട്ട് ബാബുവിന്റെ മകൻ ഉണ്ണിക്കൃഷ്ണൻ പുറത്തിറങ്ങി നോക്കിയപ്പോഴാണ് തീ പടരുന്നത് കണ്ടത്.
വീട്ടുകാർ ചേർന്നു തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
സമീപത്തെ സിസി ടിവിയിൽ നിന്നു ശേഖരിച്ച ദൃശ്യങ്ങളിൽ ഹെൽമറ്റ് ധരിച്ച 2 പേർ ഇന്ധന കാനുമായി നടന്നുനീങ്ങുന്ന ദൃശ്യം പൊലീസിനു ലഭിച്ചു. 5 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് നിഗമനം.
ചിറയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 18നു സമാനമായ സംഭവം ചിറയിൻകീഴ് പുതുക്കരിയിലുമുണ്ടായിരുന്നു. ചിറയിൻകീഴ് പഞ്ചായത്തിലെ പണ്ടകശാല വാർഡിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന ടിന്റു ജി.വിജയന്റെ വീടിനു നേർക്കാണു തീയിടൽ ശ്രമം നടന്നത്.
ഈ സംഭവത്തിലും രണ്ടംഗ മുഖംമൂടി സംഘമാണെന്നു സിസി ടിവി ദൃശ്യത്തിൽ വ്യക്തമായെങ്കിലും പൊലീസിന് ഇവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ബാബുവിന്റെ സഹോദരീ പുത്രിയാണു ടിന്റു ജി.വിജയൻ. ടിന്റുവിന്റെ ഇലക്ഷൻ കമ്മിറ്റി കൺവീനറായി ബാബു സജീവമായിരുന്നു.
ഇവ തമ്മിൽ ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധം ബിജെപി നോർത്ത് ജില്ല പ്രസിഡന്റ് എസ്.ആർ.റെജികുമാർ ഉദ്ഘാടനം ചെയ്തു.
ബിജെപി ഏരിയ പ്രസിഡന്റ് എ.കെ.റീജു, ഭാരവാഹികളായ മേടയിൽ ശ്രീകുമാർ, രാഖി, നിഷമോൾ, മഞ്ജു, അനീഷ് പത്മനാഭൻ, വിജീഷ്, അഭിജിത്ത് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

