
ആദ്യം കേസെടുത്തില്ല, ഒടുവിൽ കുറ്റപത്രം; എഡിഎം നവീൻബാബു വിന്റെ മരണം സംബന്ധിച്ച കേസിന്റെ നാൾവഴികൾ..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2024 ഒക്ടോബർ 14
പത്തനംതിട്ടയിലേക്കു സ്ഥലംമാറിപ്പോകുന്ന എഡിഎം കെ.നവീൻ ബാബുവിന് കലക്ടറേറ്റിലെ റവന്യു സ്റ്റാഫ് കൗൺസിലിന്റെ യാത്രയയപ്പ്. വൈകിട്ട് 4ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ക്ഷണിക്കാതെയെത്തി എഡിഎമ്മിനെ അധിക്ഷേപിച്ചു സംസാരിക്കുന്നു. 4.15ന് യാത്രയയപ്പ് സമാപിച്ചു.വൈകിട്ട് 6ന് എഡിഎം ഔദ്യോഗിക കാറിൽ മുനീശ്വരൻ കോവിലിനു മുന്നിൽ വന്നിറങ്ങുന്നു. രാത്രി 8.55ന് എത്തുന്ന മലബാർ എക്സ്പ്രസിലാണ് നവീൻ ബാബുവിനു ചെങ്ങന്നൂരിലേക്കു പോകേണ്ടിയിരുന്നത്. ആ ട്രെയിനിൽ കയറിയില്ല.
ഒക്ടോബർ 15
പുലർച്ചെ 5.17ന് ചെങ്ങന്നൂരിൽ നവീൻബാബു ഇറങ്ങിയില്ലെന്നുകണ്ട് ബന്ധു അദ്ദേഹത്തിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ വിവരമറിയിച്ചു. എഡിഎമ്മിന്റെ ഡ്രൈവർ എം.ഷംസുദ്ദീൻ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ രാവിലെ 7ന് അന്വേഷിച്ചെത്തിയപ്പോൾ നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കാണുന്നു. ഇൻക്വസ്റ്റിനു ശേഷം 11.15ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഡ്രൈവറുടെ പരാതിയിൽ ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുന്നു.
നവീൻ ബാബു കൈക്കൂലി ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് സംരംഭകൻ ടി.വി.പ്രശാന്തന്റെ വെളിപ്പെടുത്തൽ. ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ട് നവീൻബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു ടൗൺ പൊലീസിൽ രാത്രി പരാതി നൽകുന്നു.
ഒക്ടോബർ 16
പുലർച്ചെ 12.40ന് നവീൻബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് മലയാലപ്പുഴയിലേക്കു കൊണ്ടുപോയി. മരണം സംബന്ധിച്ച് ജില്ലാ കലക്ടർ അരുൺ കെ.വിജയൻ റവന്യു മന്ത്രി കെ.രാജന് പ്രാഥമിക റിപ്പോർട്ട് നൽകി. പൊലീസ് ദിവ്യയ്ക്കെതിരെ കേസെടുക്കാത്തതിൽ വൻ പ്രതിഷേധം.
ഒക്ടോബർ 17
നവീൻബാബുവിന്റെ മൃതദേഹം പത്തനംതിട്ട കലക്ടറേറ്റിൽ പൊതുദർശനത്തിനു ശേഷം 11.35ന് മലയാലപ്പുഴയിലെ കാരുവള്ളിൽ വീട്ടിലെത്തിച്ചു 3.45ന് സംസ്കരിച്ചു. പി.പി.ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. രാത്രി 10.10ന് പി.പി.ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.
ഒക്ടോബർ 29
പി.പി.ദിവ്യ പൊലീസിൽ കീഴടങ്ങി. ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.ടി.നിസാർ അഹമ്മദ് തള്ളിയതിനെ തുടർന്നാണിത്. ദിവ്യ അറസ്റ്റിലായി ജയിലിൽ.
നവംബർ 7
ദിവ്യയെ സിപിഎം തിരഞ്ഞെടുക്കപ്പെട്ട പാർട്ടി സ്ഥാനങ്ങളിൽ നിന്നു നീക്കി.
നവംബർ 8
എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ സിപിഎം നേതാവും ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി.ദിവ്യയ്ക്ക് ജാമ്യം. പുറത്തിറങ്ങുമ്പോൾ സ്വീകരിക്കാൻ സിപിഎം നേതാക്കൾ കാത്തുനിന്നു.
നവംബർ 19
പി.പി.ദിവ്യയ്ക്കെതിരെ മനുഷ്യാവകാശ കമ്മിഷനു റിപ്പോർട്ട് നൽകി കലക്ടറും സിറ്റി പൊലീസ് കമ്മിഷണറും. പൊതുപ്രവർത്തകൻ ദേവദാസ് തളാപ്പ് നൽകിയ പരാതിയിലാണ് കമ്മിഷൻ ഇരുവരിൽനിന്നും റിപ്പോർട്ട് തേടിയത്.
നവംബർ 26
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ.മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകി
നവംബർ 27
നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കാനും വിശദീകരണ പത്രിക നൽകാനും പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) ഹൈക്കോടതി നിർദേശം നൽകി. സിബിഐ അന്വേഷണമാവശ്യപ്പെട്ടു നവീൻ ബാബുവിന്റെ ഭാര്യ കെ.മഞ്ജുഷ നൽകിയ ഹർജിയിലാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർദേശം. എന്നാൽ, ഹർജി തീർപ്പാക്കുന്നതുവരെ എസ്ഐടി അന്തിമ റിപ്പോർട്ട് നൽകുന്നതു തടയണമെന്ന ആവശ്യം അനുവദിച്ചില്ല. അന്വേഷണം നടക്കട്ടെയെന്നു കോടതി.
ഡിസംബർ 6
നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്നു സിബിഐ ഹൈക്കോടതിയിൽ അറിയിച്ചു. എന്നാൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ.
ഡിസംബർ 18
പി.പി.ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയിൽ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇളവുനൽകി. കണ്ണൂർ ജില്ലയ്ക്കു പുറത്തു പോകുന്നതിന് കോടതി അനുമതി നൽകി.
2025 ജനുവരി 6
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഭാര്യ മഞ്ജുഷയുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണത്തിൽ പിഴവു ചൂണ്ടിക്കാട്ടാൻ കഴിഞ്ഞിട്ടില്ലെന്നും പ്രതി പി.പി.ദിവ്യയ്ക്കു ഭരണകക്ഷിയുമായി ബന്ധമുണ്ടെന്ന പേരിൽ മാത്രം കേസ് സിബിഐക്കു വിടാനാകില്ലെന്നും ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് വ്യക്തമാക്കി.
ജനുവരി 29
സിബിഐ അന്വേഷണാവശ്യം തളളിയതിനെതിരെ ഭാര്യ മഞ്ജുഷ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസ്യതയില്ലെന്നും കേസ് സിബിഐക്കു കൈമാറണമെന്നുമാണ് ആവശ്യം..
മാർച്ച് 3
സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി.