ഏനാത്ത് ∙ കോടിക്കണക്കിനു രൂപ ചെലവിട്ട് എംസി റോഡ് നവീകരിച്ചപ്പോൾ റോഡിൽ വെളിച്ചമൊരുക്കാൻ നടപ്പാക്കിയ പദ്ധതി പാഴായി. റോഡ് നവീകരിച്ച് സുരക്ഷാ ഇടനാഴി നിർമിക്കുന്നതിൽ തെരുവുവിളക്ക് സ്ഥാപിക്കൽ, കവലകളിലെ ഗതാഗത സുരക്ഷ എന്നിവയ്ക്കും ഊന്നൽ നൽകിയിരുന്നു.
എന്നാൽ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച സൗരോർജ വിളക്കുകൾ വെളിച്ചമേകിയതു ദിവസങ്ങൾ മാത്രം.
അറ്റകുറ്റപ്പണിയുടെ അഭാവമായിരുന്നു കാരണം. കൊട്ടാരക്കര മുതൽ അടൂർ വരെ സ്ഥാപിച്ച തെരുവു വിളക്കുകളിൽ 80 ശതമാനവും പ്രകാശിക്കുന്നില്ല.
വാഹനം ഇടിച്ചു തകർന്നവ പുനഃസ്ഥാപിച്ചതുമില്ല. ഇപ്പോൾ മിക്ക ഭാഗങ്ങളും ഇരുട്ടിലാണ്.
ഏനാത്തിനും നെല്ലിമൂട്ടിൽ പടിക്കും ഇടയിലുള്ള അപകട മേഖലകളിലും തെരുവു വിളക്കുകൾ പ്രകാശിക്കുന്നില്ല.
160 കോടി രൂപ ചെലവിട്ട് റോഡ് നവീകരിച്ചെങ്കിലും ഈടു നിൽക്കും വിധം തെരുവു വിളക്ക് പരിപാലിക്കുന്നതിനു നടപടിയുണ്ടായില്ല.
കോവിഡ് കാലം മുതൽ അറ്റകുറ്റപ്പണി പൂർണമായി നിലച്ചു.ബലം കുറഞ്ഞ പൈപ്പുകളിൽ സൗരോർജ വിളക്കുകളും പാനലുകളും സ്ഥാപിച്ചതും തിരിച്ചടിയായി.പരിപാലനമില്ലാത്തതു കാരണം സൗരോർജ സെല്ലുകൾക്കു നാശം നേരിട്ടു. ചിലതു മോഷണം പോയി.
വിളക്കു തൂണുകളുടെ ഭാഗങ്ങളും തുരുമ്പെടുത്തതോടെ ഓരോന്നായി നിലം പതിച്ചു. വാഹനങ്ങൾ ഇടിച്ചു തകർത്ത വിളക്കുകൾ റോഡരികിൽ നിന്നു മാറ്റാനും നടപടിയില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

