കടമ്പനാട്∙ ജില്ലാ അതിർത്തിയുണ്ടെങ്കിലും തിരഞ്ഞെടുപ്പു കാലത്തു പ്രചാരണം പലപ്പോഴും അതിർത്തി വിട്ടെത്തും. ജില്ലയിലെ അടൂർ നിയോജക മണ്ഡലവും കൊല്ലം ജില്ലയിലെ കുന്നത്തൂർ നിയോജക മണ്ഡലവും അതിർത്തിയായി വരുന്ന പ്രദേശങ്ങളിൽ പ്രചാരണവും ചർച്ചകളും ഇടകലർന്നാണ്.
ഇരു മണ്ഡലങ്ങളുടെയും അതിർത്തി പ്രദേശങ്ങളായ പാക്കിസ്ഥാൻ മുക്ക്, നിലയ്ക്കൽ, വേമ്പനാട്ടഴികത്ത് ഏഴാംമൈൽ തുടങ്ങിയ കവലകളിലെല്ലാം പ്രചാരണം ഇടകലർന്നാണ്. മണ്ഡലങ്ങളെ വിഭജിച്ചു കടന്നു പോകുന്ന റോഡരികിലെ കടകളുടെ ചുവരുകൾ, മതിൽ എന്നിവിടങ്ങളിലെല്ലാം ഇരു മണ്ഡലങ്ങളിലെയും സ്ഥാനാർഥികളുടെ പോസ്റ്ററുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്.
വോട്ടഭ്യർഥനയും അതിർത്തി കടന്നെത്തുമെന്നു നാട്ടുകാർ.
ജില്ലാ രൂപീകരണത്തിനു മുൻപു തന്നെ കുന്നത്തൂരിനും അടൂരിനും തമ്മിൽ വലിയ ബന്ധമുണ്ട്. മുൻപു കുന്നത്തൂർ താലൂക്കിന്റെ ഭാഗമായിരുന്നു അടൂർ.
അടര് അഥവാ പോരാട്ടം നടന്ന പ്രദേശം എന്നർഥവും അടൂർ എന്ന നാമത്തിനു വ്യാഖ്യാനമായുണ്ട്. കുന്നത്തൂരാകട്ടെ പുരാതന കാലത്തു കോട്ടയുണ്ടായിരുന്ന നാടും.
തിരഞ്ഞെടുപ്പും കളത്തിൽ അടൂരിൽ നടക്കുന്ന അങ്കവും കൂന്നത്തൂർ കോട്ട ആരു കാക്കുമെന്ന ചർച്ചയും ഇരു ജില്ലകളുടെയും അതിർത്തി പ്രദേശങ്ങളിൽ സജീവമാണ്.
കൊല്ലം ജില്ലയിലെ ഏക പട്ടികജാതി സംവരണ മണ്ഡലമാണു കുന്നത്തൂർ.
ആർഎസ്പി പക്ഷത്തു നിന്നുള്ള രണ്ടു ബന്ധുക്കളായ സ്ഥാനാർഥികൾ തമ്മിലുള്ള മത്സരം മുൻപും മണ്ഡലത്തെ ഏറെ ശ്രദ്ധേയമാക്കിയിട്ടുണ്ട്. കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർഥിയാണ് ഉല്ലാസ് കോവൂർ.
ആർഎസ്പി പിളർന്നതോടെ പാർട്ടിയിൽ ഉറച്ചു നിന്നയാളാണ് ഉല്ലാസ് കോവൂർ. പാർട്ടി പിളർന്നതോടെ ഉല്ലാസിന്റെ ബന്ധുവായ കോവൂർ കുഞ്ഞുമോൻ എതിർ ചേരിയിലാവുകയും ആർഎസ്പി (ലെനിനിസ്റ്റ്) പാർട്ടി രൂപീകരിക്കുകയും ചെയ്തു.
നിലവിൽ എംഎൽഎ ആയ ഇടതു സ്ഥാനാർഥി കോവൂർ കുഞ്ഞുമോൻ ആറാം തവണയാണ് അങ്കം കുറിക്കുന്നത്. രണ്ടു പേർക്കും മറുപടി നൽകുമെന്ന ഉറച്ച തീരുമാനത്തോടെ ബിജെപിയിലെ രാജി പ്രസാദും എൻഡിഎ സ്ഥാനാർഥിയായി മത്സര രംഗത്ത് സജീവമാണ്.
കുന്നത്തൂരിന്റെ അതിർത്തിയിലെ വോട്ടർമാർക്ക് അടൂർ മണ്ഡലത്തിലെ സ്ഥാനാർഥികളായ സി.വി.ശാന്തകുമാർ (യുഡിഎഫ്), പ്രിജി കണ്ണൻ (എൽഡിഎഫ്), പന്തളം പ്രതാപൻ (എൻഡിഎ) എന്നിവരും മണ്ഡലത്തിൽ പരിചിതരാണ്.
അടൂരിൽ യുഡിഎഫിൽ നിന്നു തിരിച്ചു പിടിച്ച മണ്ഡലം ഇക്കുറി ആർക്ക് എന്ന ചർച്ച കുന്നത്തൂരിലും സജീവം. രണ്ടു മണ്ഡലങ്ങളിലെ വിവിധ രാഷ്ട്രീയ കക്ഷികളിൽപ്പെട്ട
6 സ്ഥാനാർഥികളുടെ പോസ്റ്ററുകളാണു നിരനിരയായി മിക്കയിടങ്ങളിലും പതിച്ചിട്ടുള്ളത്. അര നൂറ്റാണ്ടിലധികമായി പാതയോരത്തുള്ള മാടക്കടയുടെ ചുവരുകൾ തിരഞ്ഞെടുപ്പ് കാലത്ത് ഇരു മണ്ഡലങ്ങളിലെയും സ്ഥാനാർഥികളുടെ ചിത്രങ്ങൾ കൊണ്ട് നിറയുമെന്ന് ഏഴാംമൈൽ കവലയിലെ മാടക്കടയുടമ ശിവകാന്ത് പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

