പത്തനംതിട്ട ∙ നിയമം ലംഘിച്ച് എയർഹോൺ ഘടിപ്പിച്ച 32 വാഹനങ്ങളിൽനിന്ന് പിഴ ഈടാക്കി മോട്ടർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പരിശോധനകളിൽനിന്ന് 1.30 ലക്ഷം രൂപയാണു പിഴ ഈടാക്കിയത്. എയർഹോൺ കൂടാതെ മറ്റു നിയമലംഘനങ്ങൾക്കും പിഴചുമത്തി.
മന്ത്രി കെ.ബി.ഗണേഷ് കുമാറാണ് പരിശോധനകൾ നടത്താൻ നിർദേശം നൽകിയത്.
പത്തനംതിട്ട, തിരുവല്ല, അടൂർ, റാന്നി, കോന്നി, കോഴഞ്ചേരി എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. വലിയ ലോറികൾ, സംസ്ഥാനാന്തര റൂട്ടിലോടുന്ന ബസുകൾ, ടൂറിസ്റ്റ് ബസുകൾ തുടങ്ങിയ വാഹനങ്ങളിലാണ് എയർഹോണുകൾ ഏറെയും കണ്ടെത്തിയത്.
ആദ്യ തവണ 2,000 രൂപയും ആവർത്തിച്ചാൽ 10,000 രൂപയുമാണു പിഴ. പിടിക്കുന്ന എയർഹോണുകൾ നശിപ്പിക്കും.
അനുബന്ധ കേബിളുകൾ നീക്കി 7 ദിവസത്തിനകം വാഹനം, ഏത് ആർടിഒ പരിധിയിലാണോ അവിടെയെത്തിക്കണമെന്ന് നിർദേശവും നൽകുന്നുണ്ട്. സ്ക്വാഡ് തിരിഞ്ഞുള്ള പരിശോധന വരുംദിവസങ്ങളിലും തുടരും.
സംസ്ഥാനത്ത് ശബ്ദനിയന്ത്രണമില്ലാത്ത മേഖലകളിൽ ഏകദേശം 90 ഡെസിബെൽ വരെയുള്ള ഹോണുകളാണ് അനുവദിച്ചിട്ടുള്ളത്.
എന്നാൽ, എയർഹോൺ പലപ്പോഴും 120 ഡെസിബെലിനു മുകളിലാണ്. മറ്റു സംസ്ഥാനങ്ങളിലെ വാഹനങ്ങളിൽ എയർഹോൺ വ്യാപകമാണ്.
പരിശോധനാ സമയത്ത് അഴിച്ചാലും വീണ്ടും ഘടിപ്പിക്കുന്നവരുമുണ്ട്. പെട്ടെന്നു പരിശോധിച്ചാലും കണ്ടെത്താൻ കഴിയാത്ത രീതിയിലാണ് ഇപ്പോൾ ഇവ ഘടിപ്പിക്കുന്നത്.
120 ഡെസിബെലിന് മുകളിലുള്ള ഹോൺ ചെറിയ വാഹനങ്ങൾക്ക് അലോസരമാകുന്നതായും അപകടം കൂടുന്നതായും കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന ആരംഭിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

