
അഹമ്മദാബാദ് വിമാനാപകടം കവർന്ന രഞ്ജിതയ്ക്കു നാടിന്റെ ആദരാഞ്ജലി; മിഴി നിറഞ്ഞ് യാത്രാമൊഴി
പുല്ലാട് ∙ രഞ്ജിതയെ അവസാനമായി ഒരു നോക്കു കാണാൻ സ്നേഹവായ്പോടെ നാട് ഒന്നാകെ പുല്ലാട് ശ്രീ വിവേകാനന്ദ സ്കൂൾ അങ്കണത്തിലേക്ക് ഒഴുകിയെത്തി. കുരുന്നു കൈകളിൽ പനിനീർ പൂക്കളുമായാണ് ഇരവിപേരൂർ ഒഇഎം സ്കൂളിലെ കുട്ടികൾ ആദരമർപ്പിക്കാൻ എത്തിയത്.ആദരാഞ്ജലി അർപ്പിക്കാനുള്ളവരുടെ നിര പലപ്പോഴും സ്കൂൾ ഗേറ്റിനു പുറത്തേക്കു നീണ്ടു.
സഹപാഠികളും പരിചയക്കാരും നിറകണ്ണുകളോടെ യാത്രാമൊഴി നൽകി.പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ ഇന്നലെ രാവിലെ 9.45 മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാണു പൊതുദർശനം നടത്തിയത്. ഇതിനു ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
കുറങ്ങഴ ശ്രീരാമകൃഷ്ണ വിലാസം എൻഎസ്എസ് കരയോഗ പ്രതിനിധികൾ സംസ്കാര ചടങ്ങിനു നേതൃത്വം നൽകി.ഇന്നലെ രാവിലെ നിശ്ചയിച്ച സമയത്തിനും അൽപം മുൻപു തന്നെ ഭൗതികശരീരവും വഹിച്ചുള്ള ആംബുലൻസ് പുല്ലാടെത്തി. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനത്തിനു വച്ച രഞ്ജിത ജി.നായരുടെ ഭൗതികദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ എത്തിയവർ.
പൊതു ദർശനത്തിനായി പന്തൽ ഒരുക്കുന്നത് ഉൾപ്പെടെ കോയിപ്രം പഞ്ചായത്തും സ്കൂൾ അധികൃതരും മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു.സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രി വി.എൻ.വാസവൻ അന്തിമോപചാരം അർപ്പിച്ചു.
തുടർന്ന് വീട്ടിലെത്തി കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു. മന്ത്രി സജി ചെറിയാൻ, ആന്റോ ആന്റണി എംപി, എംഎൽഎമാരായ മാത്യു ടി.തോമസ്, കെ.യു.ജനീഷ് കുമാർ, പ്രമോദ് നാരായൺ, കലക്ടർ എസ്.പ്രേംകൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ, സബ് കലക്ടർ സുമിത് കുമാർ ഠാക്കൂർ,മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, യാക്കോബായ സഭ തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്, ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ തുടങ്ങിയവരും ആദരം അർപ്പിച്ചു.സങ്കടക്കടലിൽ പ്രകൃതി പോലും തേങ്ങുന്നപോലെ പൊതുദർശനം കഴിഞ്ഞു വീട്ടിലേക്കു മൃതദേഹം എത്തിക്കുന്ന സമയത്തു ശക്തമായ മഴയായിരുന്നു.
രഞ്ജിത ജി.നായരുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ എസ്.സുരേഷ്, ജോസഫ് എം.പുതുശ്ശേരി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി, മന്ത്രി ജി.ആർ.അനിൽ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മന്ത്രി വി.ശിവൻകുട്ടി എന്നിവർ ആദരാഞ്ജലി അർപ്പിക്കുന്നു.
ഉടൻ മടങ്ങിയെത്തുമെന്നു പറഞ്ഞാണ് രഞ്ജിത അവസാനം ലണ്ടനിലേക്കു പോകാനിറങ്ങിയത്.
12 ദിവസത്തിനു ശേഷം നാടിനു നോവായി തിരികെയെത്തിയതു രഞ്ജിതയുടെ മൃതദേഹമാണ്. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞ ശേഷം ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് രഞ്ജിതയുടെ മൃതദേഹമെത്തിച്ചത്.
സഹോദരൻ രതീഷ് ജി.നായരും അമ്മാവൻ ഉണ്ണിക്കൃഷ്ണനും ഭൗതികശരീരത്തെ അനുഗമിച്ചു.നാട്ടിൽനിന്നു രഞ്ജിതയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണു വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങിയത്.തുടർന്ന് സ്വദേശമായ പത്തനംതിട്ട പുല്ലാട്ടേക്കു റോഡ് മാർഗം കൊണ്ടു പോയി.
ജില്ലാ അതിർത്തിയായ ഏനാത്ത് മുതൽ ആറന്മുള പൊലീസ് ആംബുലൻസിനൊപ്പം യാത്ര ചെയ്തു. രഞ്ജിത ജി.നായരുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ എസ്.സുരേഷ്, ജോസഫ് എം.പുതുശ്ശേരി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി, മന്ത്രി ജി.ആർ.അനിൽ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മന്ത്രി വി.ശിവൻകുട്ടി എന്നിവർ ആദരാഞ്ജലി അർപ്പിക്കുന്നു.
യാത്രയായത് കുടുംബത്തിന്റെ അത്താണി
ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ കുടുംബത്തെ ചേർത്തു പിടിച്ച് ധൈര്യത്തോടെ ജീവിച്ചയാളാണു രഞ്ജിത.
സുഹൃത്തുക്കളെല്ലാം ഓർക്കുന്നത് കഠിനാധ്വാനിയായ ആ പെൺകുട്ടിയെക്കുറിച്ചാണ്. മക്കളെയും അമ്മയെയും ചേർത്തു പിടിച്ച് അവർക്ക് ധൈര്യം പകർന്നതും രഞ്ജിതയാണ്.മക്കൾക്കും അമ്മയ്ക്കുമൊപ്പം താമസിക്കുക എന്ന ആഗ്രഹത്തോടെ തറവാടിനടുത്തു പുതിയ വീടിന്റെ നിർമാണം തുടങ്ങിയതും അങ്ങനെയാണ്.
2019ൽ തന്നെ രഞ്ജിതയ്ക്ക് ആരോഗ്യ വകുപ്പിൽ ജോലി ലഭിച്ചിരുന്നു. ജോലിയിൽ തിരികെ പ്രവേശിക്കുന്നതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനാണ് അവസാനം നാട്ടിലെത്തിയത്.ഓഗസ്റ്റോടെ ലണ്ടനിലെ ജോലി അവസാനിപ്പിക്കാനായിരുന്നു ആലോചന.
എന്നാൽ വിമാനാപകടത്തോടെ രഞ്ജിതയുടെ സ്വപ്നങ്ങളും എരിഞ്ഞടങ്ങി. കണ്ണീർക്കടലായി പുതിയ വീട്
ഈ മാസം 28നു പാലുകാച്ചൽ നടക്കേണ്ട
പുതിയ വീടിന്റെ ഹാളിലാണ് രഞ്ജിതയുടെ മൃതദേഹം കിടത്തിയത്. വിമാനാപകടം നടന്ന സമയത്തു കുട്ടികളെ രഞ്ജിതയുടെ മരണ വാർത്ത അറിയിച്ചിരുന്നില്ല.
അമ്മയ്ക്ക് അപകടം പറ്റിയെന്നു മാത്രമായിരുന്നു അവർ അറിഞ്ഞത്. തങ്ങൾ കാത്തിരുന്ന അമ്മയുടെ ഫോൺ വിളി പോലും ഇനിയുണ്ടാകില്ലെന്നു കുട്ടികൾ പിന്നീടാണറിയുന്നത്.
മുത്തശ്ശി തുളസിയുടെ അടുത്തിരുന്നു വാവിട്ടു കരഞ്ഞ മക്കളെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]