പത്തനംതിട്ട ∙ കാടു മുതൽ കടൽവരെ എന്ന പേരിൽ കേരളത്തിന് ജനകീയ പരിസ്ഥിതി പ്രകടന പത്രിക പുറത്തിറക്കി കേരള പരിസ്ഥിതി ഐക്യവേദി.
സഹ്യപർവതം മുതൽ കടലോരം വരെ കേരളത്തെ ഏകീകൃത പരിസ്ഥിതി യൂണിറ്റായി കണ്ടുള്ള വികസനമാണ് ഇനി രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കേണ്ടതെന്ന് നയരേഖ വ്യക്തമാക്കുന്നു. കാലാവസ്ഥാ മാറ്റവും താപനവും മൂലം കേരളം കടുത്ത പാരിസ്ഥിതിക സമ്മർദത്തിലാണ്.
നദികൾ, നെൽവയലുകൾ ഉൾപ്പെടെ നീർത്തടങ്ങൾ, ജലം, ഭൂഗർഭജലം, മണ്ണ്, ജൈവവൈവിധ്യം എന്നീ പാരിസ്ഥിതിക പൈതൃകങ്ങളെ കരുതിയുള്ള പ്രവർത്തനങ്ങളാണ് ഭാവിതലമുറയുടെ കൂടി സുസ്ഥിരതയ്ക്ക് അനിവാര്യം.
നിവാരണമല്ല; വേണ്ടത് ദുരന്ത പ്രതിരോധം
ദുരന്തത്തെ മുൻകൂട്ടി പ്രതിരോധിക്കുന്ന പാരിസ്ഥിതിക കരുതലിന്റെ പാതയാണ് ഭിന്ന കാലാവസ്ഥാ ദേശമായി മാറിയ കേരളം സ്വീകരിക്കേണ്ടത്. കൃഷിയും വയൽ സംരക്ഷണവും സാമ്പത്തിക ലാഭത്തിലുപരി പാരിസ്ഥിതിക മൂല്യമുള്ള പ്രവർത്തികളായി കാണണം. ജല റിസർവുകളായി കണ്ട് വയലുകളും പ്രളയസമതലങ്ങളും സംരക്ഷിക്കണം.
ഭക്ഷ്യസുരക്ഷയ്ക്കായി നെല്ല് പുനരുജ്ജീവന ദൗത്യം കേരളം പ്രഖ്യാപിക്കണം. തോട്ട–വന പുനരുജ്ജീവന നയവും രൂപീകരിക്കണം.
ജൈവകൃഷിയിലേക്കും തനതു വിത്തുകളുടെ സംരക്ഷണത്തിലേക്കും മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനും കഴിയുന്ന രീതിയിൽ വേണം വികസനം. കാലാവസ്ഥാ മാറ്റത്തിൽ നിന്ന് സംസ്ഥാനത്തിന്റെ പ്രകൃതി സമ്പത്തിനെയും കൃഷിയെയും കാലാവസ്ഥാ പ്രതിരോധ സ്ജ്ജമാക്കണം.
ഖനനം, ടൂറിസം, മാലിന്യം, ബദൽ ഊർജം തുടങ്ങിയ കാര്യങ്ങളിൽ ഹരിതനയം സ്വീകരിക്കണം. വനാശ്രിത സമൂഹങ്ങളുടെ അവകാശവും ഉപജീവനവും നിലനിർത്തി വന്യജീവി സംഘർഷം ലഘൂകരിക്കണം.
ഇടനാടൻ കുന്നുകൾക്ക് സംരക്ഷിത പദവി
കുന്നുകൾ ഇടിച്ചു പടിഞ്ഞാറൻ മേഖലയിലെ പാടങ്ങൾ നികത്തുന്ന രീതി നിയന്ത്രിച്ച് കിണറുകളിലേക്ക് ഉറവജലത്തെ എത്തിക്കുന്ന ഇടനാടൻ കുന്നുകളുടെ പ്രാധാന്യം സർക്കാർ തിരിച്ചറിയണം.
ഇത്തരം ഭൗമപൈതൃകങ്ങളെ വരുംതലമുറയ്ക്കായി സംരക്ഷിക്കന്നതിന് മാപ്പിങ് ഉൾപ്പെടെ നടപ്പാക്കണം. കേരള നദീതട
നീർത്തട പാലന മിഷൻ രൂപീകരിക്കണം.
തീരദേശ സമുദ്ര പ്രതിരോധ മിഷൻ സംസ്ഥാനത്ത് അനിവാര്യമാണ്. കണ്ടൽക്കാടുകൾ ഉൾപ്പെടെ സംരക്ഷിച്ച് മത്സ്യബന്ധന സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കണം.
കേരളത്തിന്റെ പടിഞ്ഞാറൻ ചരിവും മൺസൂൺ മഴതീവ്രതയിലെ മാറ്റവും കണക്കിലെടുത്ത് ഹൈവൈ നിർമാണം ഉൾപ്പെടെ നിരീക്ഷിക്കുന്ന മൺസൂൺ സുരക്ഷാ–ഓഡിറ്റ് സംവിധാനം വരണം.
പാറകളും ധാതുക്കളും ഇടിച്ചു പാഴാക്കാതെ ബദൽ നിർമാണ സാമഗ്രികൾ കണ്ടെത്തി മെറ്റീരിയൽ കൺസ്ട്രക്ഷൻ റെഗുലേഷൻ നടപ്പിലാക്കണം. ഒരൊറ്റ നഗരമായി കേരളം മാറുമ്പോൾ താപതുരുത്തുകൾ രൂപപ്പെടും.
നഗരങ്ങളിലെ നീർത്തടങ്ങൾ പുനർജീവിപ്പിപ്പിച്ച് കേരള അർബൻ ട്രീ പ്രൊട്ടക്ഷൻ ആൻഡ് കാനോപ്പി എക്സ്പാൻഷൻ ആക്ട് കർശമാക്കി കേരളത്തെ തണലിടമാക്കണം. സംസ്ഥാന ബജറ്റിൽ ഉടനീളം കാലാവസ്ഥാ സൗഹൃദ നയങ്ങളെ പ്രോത്സാഹിപ്പിക്കണം.
ഭൂ വിനിയോഗത്തിന് പുതിയ മേഖല തിരിച്ചുള്ള സോണിങ്, ഭൂഭരണ പരിഷ്കരണ കമ്മിഷൻ എന്നിവയും വേണമെന്ന് ഐക്യവേദി ശുപാർശ ചെയ്തു.
എൻ. ബാദുഷ, എസ്.
ഉഷ, ശ്രീധർ രാധാകൃഷ്ണൻ തുടങ്ങിയവരടങ്ങുന്ന സമിതി നടത്തിയ സഹ്യാദ്രി പരിസ്ഥിതി സംഗമത്തിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പുറത്തിറക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

