കീഴ്വായ്പൂര് ∙ കുട്ടികളുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തിൽ കേസെടുക്കുമെന്നും വെർച്വൽ അറസ്റ്റിലാണെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി വയോധികരായ ദമ്പതികളിൽ നിന്നും 1 കോടി 40 ലക്ഷം രൂപ തട്ടിയെടുത്തു.
മല്ലപ്പള്ളി കിഴക്കേൽ വീട്ടിൽ ഷേർലി ഡേവിഡ് (63), ഭർത്താവ് ഡേവിഡ് പി.മാത്യു എന്നിവരാണ് തട്ടിപ്പിന് ഇരയായത്. പണം നഷ്ടപ്പെട്ട
ദമ്പതികളും കുടുംബവും അബുദാബിയിൽ താമസക്കാരാണ്. കഴിഞ്ഞ 8ന് നാട്ടിൽ വന്നതാണ്.മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പരിചയപ്പെടുത്തി 18ന് ഷെർലി ഡേവിഡിന് ഫോൺകോൾ വന്നതോടെയാണ് തട്ടിപ്പിന് തുടക്കം.
കുട്ടികളുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തിൽ ഇവരുടെ മൊബൈൽ നമ്പർ ഉൾപ്പെട്ടിട്ടുണ്ടെന്നും കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.
ചെമ്പൂര് പൊലീസ് സ്റ്റേഷനിൽ നിന്നും ജാമ്യമെടുക്കണമെന്നും വിശ്വസിപ്പിച്ചു.
അല്ലെങ്കിൽ ലോക്കൽ പൊലീസ് സ്റ്റേഷനിലേക്ക് വാറന്റ് അയച്ച് അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഈ വിവരം മറ്റ് ആരോടും പറയരുതെന്നും ആവശ്യപ്പെട്ടു.
ഒരു മിനിറ്റ് കഴിഞ്ഞ് മറ്റൊരു ഫോൺ നമ്പറിൽ നിന്നും വിളിയെത്തി. നിങ്ങളുടെ പേരിൽ നരേഷ് ഗോയലിന്റെ അക്കൗണ്ടിൽ നിന്നും 20 ലക്ഷം രൂപ വന്നിട്ടുണ്ടെന്നും ആ കേസിലും പ്രതിയാണെന്നും കേസ് സിബിഐക്ക് കൈമാറുകയാണെന്നുമായിരുന്നു ഈ സംഭാഷണത്തിന്റെ ആദ്യഭാഗം.
ആധാറും അക്കൗണ്ടും മരവിപ്പിക്കുമെന്നും അറിയിച്ചു. അക്കൗണ്ടിലെ പണം പരിശോധിക്കണമെന്നും നിർദേശിക്കുന്ന അക്കൗണ്ട് നമ്പറിലേക്ക് പണം കൈമാറണമെന്നും ആവശ്യപ്പെട്ടു.
റിസർവ് ബാങ്കിന്റെ പരിശോധനയ്ക്കായാണു ഇത് കൈമാറുന്നതെന്നും ദമ്പതിമാരെ വിശ്വസിപ്പിച്ചു. തുടർന്ന്, 90 ലക്ഷം രൂപ ആദ്യം ഇവർ അയച്ചുകൊടുത്തു.
20ന് 50 ലക്ഷം രൂപ കൈമാറണമെന്ന് ആവശ്യപ്പെട്ട് വാട്സാപ് കോളെത്തി. 21ന് ഈ തുകയും അയച്ചു.
വീണ്ടും 38 ലക്ഷം രൂപ കൂടി അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. ഈ പണം അയയ്ക്കാനായി ഫെഡറൽ ബാങ്കിൽ ദമ്പതിമാരെത്തി.
തട്ടിപ്പിന്റെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പണം അയയ്ക്കുന്നത് തടഞ്ഞു. കൈമാറിയ പണം കിട്ടുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ പൊലീസ് മേധാവി ആനന്ദിന്റെ നിർദേശപ്രകാരം ബാങ്ക് അധികൃതർക്ക് പൊലീസ് കത്ത് നൽകി.
കീഴ്വായ്പൂര് പൊലീസ് ഇൻസ്പെക്ടർ ആർ.രാജേഷ് കുമാർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

