പത്തനംതിട്ട∙ ജനറൽ ആശുപത്രി ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെയും ഒപി ബ്ലോക്കിന്റെയും കെട്ടിട നിർമാണം പൂർത്തിയാകും മുൻപ് ഉദ്ഘാടനം നടത്താൻ ഒരുങ്ങുന്നത് വിവാദമാകുന്നു.
നബാർഡിൽ നിന്നു ലഭിച്ച 22.16 കോടി രൂപ ഉപയോഗിച്ച് 31200 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. 23.62 കോടി രൂപ എൻഎച്ച്എം ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ നിർമാണവും നടന്നു വരുന്നുണ്ട്.
2022 ഫെബ്രുവരിയിൽ ഭരണാനുമതി ലഭിച്ച ഒപി ബ്ലോക്കിന്റെ നിർമാണ പദ്ധതി പ്രവർത്തനങ്ങൾ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങിയത്.
കഴിഞ്ഞ ആറുമാസത്തിനിടെയാണു നിർമാണ പ്രവർത്തനങ്ങൾ സജീവമായത്. ഭിത്തി കെട്ടി പിറ്റേന്നു തന്നെ സിമന്റ് പൂശലും തൊട്ടടുത്ത ദിവസം ആ ഭാഗത്ത് പെയിന്റിങ് ജോലികളും നടത്തുന്നതായാണ് നഗരസഭാംഗം എ.സുരേഷ് കുമാർ ആരോപിക്കുന്നത്.
ഉദ്ഘാടനം നടത്താൻ വേണ്ടി ഇത്തരം നിർമാണ പ്രവർത്തനങ്ങൾ നടത്തി കെട്ടിടത്തിൽ രോഗികളെ പ്രവേശിപ്പിച്ചാൽ ഭാവിയിൽ പ്ലാസ്റ്ററിങ് അടർന്നു വീണ് രോഗികൾക്ക് അപകടം ഉണ്ടാകുമെന്നും അതിനാൽ തട്ടിക്കൂട്ട് പരിപാടി അവസാനിപ്പിച്ച് കെട്ടിടം ശരിയായ തരത്തിൽ നിർമിക്കണമെന്നാണ് ആവശ്യം. കെട്ടിടത്തിലെ ജനലുകളും വാതിലുകളും ഒന്നും ഘടിപ്പിച്ചിട്ടില്ല.
ടൈൽ പാകുന്ന ജോലികളും ബാക്കി കിടക്കുന്നു. ഉദ്ഘാടനം നടത്തുന്ന കാര്യം ആലോചിക്കാൻ വേണ്ടി കഴിഞ്ഞ ദിവസം ബന്ധപ്പെട്ടവരുടെ മീറ്റിങ് നടന്നിരുന്നെങ്കിലും ജില്ലാ പഞ്ചായത്തിനെ മീറ്റിങ് ദിവസം രാവിലെ മാത്രമാണ് അറിയിച്ചത്.
മുൻപ് നഗരസഭയുടെ കൈവശമിരുന്ന ആശുപത്രി നഗരസഭ ചെയർമാനുമായി ഉണ്ടായ അസ്വാരസ്യത്തെ തുടർന്നാണ് ജില്ലാ പഞ്ചായത്തിന്റെ ചുമതലയിൽ എത്തിച്ചത്.
അന്ന് എൽഡിഎഫ് ആയിരുന്നു നഗരസഭയും ജില്ലാ പഞ്ചായത്തും ഭരിച്ചിരുന്നത്. അന്നു മുതലാണ് നിർമാണ പ്രവർത്തനങ്ങളിൽ ഇഴച്ചിലുണ്ടായി തുടങ്ങിയത്.
20 ഒപി മുറികളും മൈനർ ഓപറേഷൻ തിയറ്റർ, റിസപ്ഷൻ, വാർഡുകൾ, ഒബ്സർവേഷൻ മുറികൾ, ഫാർമസി, ലിഫ്റ്റ് സൗകര്യം എന്നിവ ഈ കെട്ടിടത്തിൽ ഒരുക്കുമെന്നാണു പറയുന്നത്. ഇതിന് ഇനിയും നാലുമാസമെങ്കിലും വേണ്ടി വരുമെന്നും വിദഗ്ധർ പറയുന്നു.
പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമാണ ചുമതല.
23.75 കോടി രൂപ എൻഎച്ച്എം ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്ക് 51000 ചതുരശ്ര അടിയിൽ നാലു നിലകളിലായാണു പണിതുയർത്തുന്നത്.
ഫെബ്രുവരി 2023ൽ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിർമാണ ചുമതല കിറ്റ്കോയ്ക്കാണ്. വളരെ പെട്ടെന്ന് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച കെട്ടിടത്തിന്റെ
പണികളും ഇടയ്ക്ക് മന്ദഗതിയിലായി.
പ്ലാൻ അനുസരിച്ച് കെട്ടിടത്തിന്റെ താഴെയായി പാർക്കിങ്ങും ഗ്രൗണ്ട് ഫ്ലോറിൽ ആധുനിക ട്രോമ കെയർ സൗകര്യങ്ങളോടു കൂടിയ അത്യാഹിത വിഭാഗം ഐസലേഷൻ വാർഡ്, പ്ലാസ്റ്റർ റൂം, മൈനർ ഓപ്പറേഷൻ തിയറ്റർ, നഴ്സസ്, ഡോക്ടേഴ്സ് റൂമുകൾ, ഫാർമസി എന്നിവയും ഒരുക്കും. ആർഎംഒ ഓഫിസ്, ഡയാലിസിസ് യൂണിറ്റ്, ഐസിയു, ഹൈ ഡിപ്പൻഡൻസി യൂണിറ്റ് എന്നിവ ഒന്നാം നിലയിലും ഡോക്ടേഴ്സ് റൂമുകൾ, ഐസലേഷൻ റൂം, വാർഡ്, സ്റ്റാഫിന്റെ പരിശീലന റൂം എന്നിവ രണ്ടാം നിലയിലും സജ്ജീകരിക്കാനാണു പദ്ധതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

