തിരുവല്ല ∙ ട്രാഫിക് പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും പേരിൽ തട്ടിപ്പുമായി ഓൺലൈൻ സംഘങ്ങൾ. ട്രാഫിക് നിയമലംഘനം നടത്തിയതായി കാണിച്ച് വാഹന നമ്പർ സഹിതം ഉടമകളുടെ മൊബൈൽ ഫോണിലേക്കു സന്ദേശം അയയ്ക്കും.
പിഴ അടയ്ക്കുന്നതിന് ‘ഇ ചെല്ലാൻ പരിവാഹൻ.ഗവ.ഇൻ.ഇൻഡക്സ് അക്യൂസ്ഡ് ചെല്ലാൻ’ എന്ന തലക്കെട്ടിൽ പിഴത്തുക അടയ്ക്കണമെന്നു നിർദേശിച്ചാണു സന്ദേശം വരുന്നത്.
എന്നാൽ തട്ടിപ്പുസംഘം അയച്ചു നൽകുന്ന ലിങ്ക് ഓപ്പൺ ആക്കുന്ന വാഹന ഉടമയോടു എടിഎം കാർഡ് വഴി ഫൈൻ അടയ്ക്കാൻ ഇവർ ആവശ്യപ്പെടും. ഇതിനു തയാറാകുന്ന വാഹന ഉടമയോട് എടിഎം കാർഡിന്റെ പുറകുവശത്തെ രഹസ്യ നമ്പർ കൂടി ആവശ്യപ്പെടും.
നമ്പർ നൽകിയാലുടൻ അക്കൗണ്ടിൽ കിടക്കുന്ന മുഴുവൻ പണവും നഷ്ടമാകും.
ഇന്നലെ രാവിലെ 10 മണിയോടെ കുറ്റൂർ തെങ്ങേലി സ്വദേശിയും ഇൻഷുറൻസ് ഏജന്റുമായ സുരേഷ് കുമാറിനു തന്റെ ഉടമസ്ഥതയിലുള്ള കെഎൽ 27 കെ 5301 റജിസ്റ്റർ നമ്പറിലുള്ള ബൈക്ക് നിയമലംഘനം നടത്തിയതായി കാണിച്ചു 500 രൂപ അടയ്ക്കാൻ സന്ദേശം നൽകി. തുടർന്ന് സുരേഷ് കുമാർ തിരുവല്ല ട്രാഫിക് എസ്ഐ എം.ജി.
അനിരുദ്ധനെ ഫോണിൽ ബന്ധപ്പെട്ടു.
ട്രാഫിക് എസ്ഐ ആവശ്യപ്പെട്ട പ്രകാരം മൊബൈലിലേക്കു വന്ന സന്ദേശം സുരേഷ് കുമാർ അയച്ചു നൽകി.
ഇതു പരിശോധിച്ച എസ്ഐ സന്ദേശം തട്ടിപ്പാണെന്ന് അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ 15 പേർ ഇത്തരം സന്ദേശം ലഭിച്ചതിനെതുടർന്നു ട്രാഫിക് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നതായി എസ്ഐ പറഞ്ഞു.
ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ പുതിയ തട്ടിപ്പു രീതിയാണ് ഇതൊന്നും ഇത്തരം സന്ദേശങ്ങൾ തുറക്കാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പ് നൽകി.
ഓൺ ലൈനിൽ പണം അടയ്ക്കാൻ ശ്രമിച്ചാൽ ഫോണിൽ നിന്നു കൂടുതൽ ബാങ്കിങ് വിവരങ്ങൾ തട്ടിപ്പു സംഘത്തിനു ലഭിക്കാനുള്ള സാധ്യതയേറെയാണെന്നും ബാങ്കിങ് വിദഗ്ധർ പറയുന്നു.
പിഴ അടയ്ക്കേണ്ടത് ഇങ്ങനെ
മോട്ടർ വാഹന വകുപ്പുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കുള്ള പിഴകൾ അടച്ചു തീർപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ഉപരിതല ഗതാഗത വകുപ്പിന്റെ echallan.parivahan.gov.in എന്ന സൈറ്റ് മാത്രമേ ഉപയോഗിക്കാവൂ എന്ന് എൻഫോഴ്സ്മെന്റ് ആർടിഒ നിഷ മാണി അറിയിച്ചു.
സൈറ്റ് ലോഗിൻ ചെയ്യുമ്പോൾ ഹോം പേജിൽ ‘ഗെറ്റ് ചെല്ലാൻ ഡീറ്റെയിൽസ്’ അല്ലെങ്കിൽ മഞ്ഞ നിറത്തിൽ ബ്ലിങ്ക് ചെയ്യുന്ന ‘പേ ഓൺലൈൻ’ എന്നതിൽ ക്ലിക്ക് ചെയ്യണം.
ഇവിടെ ചെല്ലാൻ നമ്പറോ വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പറോ ടൈപ്പ് ചെയ്ത് പച്ച നിറത്തിലുള്ള ‘ഗെറ്റ് ഡീറ്റെയിൽ’ എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ വാഹനത്തിന്റെ പേരിലുള്ള എല്ലാ ഫൈനുകളും അറിയാൻ കഴിയും. ഓരോ ചെല്ലാനിന്റെയും നേരെ കാണുന്ന ‘പേ നൗ’ എന്ന പച്ചനിറത്തിലുള്ള ബട്ടണിൽ ക്ലിക്ക് ചെയ്ത് ഇ ട്രഷറി വഴി പണമടയ്ക്കാം.
ഇതല്ലാതെ മറ്റു മാർഗങ്ങൾ വഴി പണമടച്ചാൽ തട്ടിപ്പിനിരയാകാൻ സാധ്യതയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

