
ബയോഗ്യാസ് പ്ലാന്റ് പൊളിച്ചു നീക്കി; മാലിന്യം എവിടെ സംസ്കരിക്കും ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റാന്നി ∙ ലക്ഷങ്ങൾ ചെലവഴിച്ചു താലൂക്ക് ആശുപത്രിയിൽ നിർമിച്ച ബയോഗ്യാസ് പ്ലാന്റ് പുതിയ കെട്ടിട നിർമാണത്തിനായി പൊളിച്ചു നീക്കി. മാലിന്യം സംസ്കരിക്കാൻ നിലവിൽ സംവിധാനമില്ല.പുതിയ കെട്ടിട നിർമാണത്തിനായി പ്ലാന്റ് നീക്കണമെന്ന് പിഡബ്ല്യുഡി കെട്ടിട വിഭാഗം ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ബന്ധപ്പെട്ടവർ അനുമതി നൽകി.
കെട്ടിട നിർമാണം കരാറെടുത്തവർ ഉപയോഗിക്കുന്ന മണ്ണുമാന്തി ഉപയോഗിച്ചാണ് 4 പ്ലാന്റുകളിൽ 3 എണ്ണം പൊളിച്ചു നീക്കിയത്. ഇനി അവ ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണ്.2019ൽ ആണ് 8 ലക്ഷം രൂപ ചെലവഴിച്ചാണ് 4 പ്ലാന്റുകൾ സ്ഥാപിച്ചത്. ആശുപത്രിയിലെ ഭക്ഷണാവശിഷ്ടങ്ങളെല്ലാം പ്ലാന്റിലാണ് നിക്ഷേപിച്ചിരുന്നത്. ഇവിടെ ഉൽപാദിപ്പിച്ചിരുന്ന വൈദ്യുതി കന്റീനിലാണ് ഉപയോഗിച്ചിരുന്നത്.
പ്ലാന്റുകളുടെ പ്രവർത്തനം നിലച്ചതോടെ ഭക്ഷണാവശിഷ്ടങ്ങൾ സംസ്കരിക്കാൻ മാർഗമില്ല.പ്ലാന്റ് സ്ഥാപിച്ച കമ്പനിയുടെ പ്രതിനിധികളെ വിളിച്ചു വരുത്തി സുരക്ഷിതമായി നീക്കാതെ തോന്നുന്ന വിധത്തിൽ പണി നടത്തിയതാണ് വിനയായതെന്ന് പരാതിയുണ്ട്. പിന്നീട് കമ്പനിയുടെ ആൾക്കാരെ വരുത്തിയിരുന്നു.
പൊളിച്ചു നീക്കിയവ ഇനി ഉപയോഗിക്കാനാകില്ലെന്നാണ് അവർ അറിയിച്ചത്. കഴിഞ്ഞ താലൂക്ക് വികസനസമിതി യോഗത്തിൽ ഇതു പരാതിയായി ഉയർന്നിരുന്നു. 6 വർഷം മണ്ണിനടിയിൽ ഇരുന്ന പ്ലാന്റ് നീക്കുമ്പോൾ നാശം നേരിടുന്നത് സ്വാഭാവികമാണെന്നാണ് ആശുപത്രി സൂപ്രണ്ട് ഇതിനു മറുപടി പറഞ്ഞത്. പുതിയ പ്ലാന്റ് സ്ഥാപിക്കുകയോ നീക്കിയവ പുനർ നിർമിക്കുകയോ ചെയ്യുമെന്നാണ് വിശദീകരണം.