മണ്ണിനോട് മല്ലടിച്ച് ജീവിതമാർഗം സമ്പാദിക്കുന്ന കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പ്രവാസികളുടെയും കഥ പറയുന്ന നാടാണ് പത്തനംതിട്ട. മൊത്തം ഭൂമേഖലയിൽ 66% വനസമ്പത്തുള്ള ജില്ല.
പ്രകൃതിരമണീയമായ പത്തനംതിട്ട സമ്പന്നമായ സാംസ്കാരിക പൈതൃകവും മതപരമായ ഐക്യവും കൊണ്ട് ശ്രദ്ധേയമാണ്.പരസ്പര ബഹുമാനം, ഈ നാടിന്റെ സാംസ്കാരിക ഘടനയുടെ അടിസ്ഥാനശിലയാണ്.
മതപരമായ സംഗമങ്ങൾക്ക് പുറമേ, പത്തനംതിട്ടയുടെ സാംസ്കാരിക പൈതൃകത്തെ ഉയർത്തിപ്പിടിക്കുന്ന ആറന്മുള ഉത്തൃട്ടാതി വള്ളംകളി,
പരമ്പരാഗത താളവാദ്യങ്ങളുടെയും നാടൻ പാട്ടുകളുടെയും അകമ്പടിയോടെ നടത്തുന്ന കടമ്മനിട്ട ദേവീക്ഷേത്രത്തിലെ പടയണി എന്നിവയും ശ്രദ്ധേയമാണ്.
ഭാരതത്തിൽ സുവിശേഷ വെളിച്ചം പകർന്ന മാർത്തോമ്മാ ശ്ലീഹായുടെ പാദസ്പർശമേറ്റ നിലയ്ക്കലും നിരണവും ക്രൈസ്തവ വിശ്വാസത്തിന്റെ ഉറവിടങ്ങളാണ്.
മാർത്തോമ്മാ നസ്രാണികൾക്ക് ചരിത്ര പ്രാധാന്യമുള്ള പള്ളികളാണ് കടമ്പനാടും കണ്ണങ്കോടും. മലങ്കര കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം സഭയുടെ സമഗ്രമായ വിശുദ്ധീകരണം ആഗ്രഹിച്ച ധന്യൻ മാർ ഇവാനിയോസ് പുനരൈക്യയാത്ര ആരംഭിച്ചത് ഇവിടെനിന്നാണ്. ധന്യൻ മാർ ഇവാനിയോസ് പിതാവിനൊപ്പം ആദ്യം പുനരൈക്യപ്പെട്ട
അഞ്ച് പേരിൽ ഒരാളായ ഫാ. ജോൺ കുഴിനാപ്പുറത്തിന്റെ മാതൃ ഇടവകയായ ചീക്കനാലും ഈ രൂപതയുടെ ഭാഗമാണ്.
പത്തനംതിട്ട
രൂപത സ്ഥാപിതമായിട്ട് പതിനഞ്ച് വർഷം പൂർത്തിയാകുന്നു. കോന്നി, സീതത്തോട്, റാന്നി-പെരുനാട്, പത്തനംതിട്ട, പന്തളം വൈദിക ജില്ലകളിലായി 100 ഇടവകകളുമായി പത്തനംതിട്ട
രൂപത മധ്യതിരുവിതാംകൂറിന്റെ ഈ മണ്ണിൽ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നു. കേരളത്തിന്റെ സാമൂഹിക പശ്ചാത്തലം അതീവ സങ്കീർണ്ണമാകുന്ന കാലയളവിലാണ് നാം ജീവിക്കുന്നത്. മനുഷ്യജീവന്റെ മൂല്യം വിസ്മരിക്കപ്പെടുകയും വന്യമൃഗങ്ങൾക്ക് മനുഷ്യജീവനെക്കാൾ വില കൽപ്പിക്കപ്പെടുകയും ചെയ്യുന്നു.
പുതുതലമുറ സഞ്ചരിക്കുന്ന ആശയ ലോകത്തോടും അവരുടെ ചിന്താപ്രപഞ്ചത്തോടും സംവദിക്കാൻ കഴിയാത്ത പഴയ തലമുറ നിശ്ശബ്ദമാകുന്നു.
മാതാപിതാക്കളും അധ്യാപകരും കുഞ്ഞുങ്ങളെ കേൾക്കുന്നതിനും അവരോട് കൂടെ സഞ്ചരിക്കുന്നതിനും അവരെ ശ്രദ്ധിക്കുന്നതിനും സമയം കണ്ടെത്തുന്നില്ല. ഏറെ ആശങ്ക ജനിപ്പിക്കുന്ന മറ്റൊരു കാര്യമാണ് കർഷകരുടെ ക്ലേശപൂർണമായ സാഹചര്യങ്ങൾ.
കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെടുകയാണ്.വിദേശരാജ്യങ്ങളിൽ കുടിയേറുന്ന കുടുംബങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതും ആശങ്കാജനകമാണ്. വർധിച്ചു വരുന്ന വിവാഹമോചനങ്ങളും വിവാഹേതര ബന്ധങ്ങളും കുടുംബബന്ധങ്ങളുടെ മൂല്യച്യുതിയും സമൂഹത്തെ അസ്വസ്ഥമാക്കുന്നു.
ഇങ്ങനെയുള്ള സങ്കീർണതകൾക്ക് നടുവിൽ പുനരൈക്യ വാർഷികാഘോഷം മലങ്കര സഭയ്ക്ക് ഉറവിടങ്ങളിലേക്ക് മടങ്ങാനുള്ള അവസരമാണ്.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ വെളിച്ചത്തിലും ഈ പുനരൈക്യ വാർഷികം പ്രസക്തമാണ്. ശതാബ്ദിയിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.
നവോത്ഥാന നായകന്റെ മെത്രാഭിഷേക ശതാബ്ദി ആഘോഷം
വാർഷികാഘോഷങ്ങൾ സമാപിക്കുന്നത് ധന്യൻ മാർ ഇവാനിയോസിന്റെ മെത്രാഭിഷേക ശതാബ്ദി അനുസ്മരിച്ചുകൊണ്ടാണ്.
1925ൽ മെത്രാപ്പോലിത്തയായപ്പോൾ നടത്തിയ ആദ്യ പ്രസംഗത്തിൽ തന്നെ പ്രസ്താവിച്ച, ‘ഭാരതം മുഴുവൻ സുവിശേഷം പ്രസംഗിക്കണം’ എന്ന ആത്മവിശ്വാസവും ദൗത്യബോധവുമാണ് സഭയുടെ ദിശ മാറ്റിയത്. വിദ്യാഭ്യാസം മുഖേന സമൂഹത്തെ ഉയർത്തണമെന്ന ആശയത്തിലും ഉറച്ചുനിന്നു.സാമൂഹിക പരിഷ്കർത്താവ് എന്ന നിലയിൽ അദ്ദേഹം കേരളത്തിലെ പൊതുസമൂഹത്തിന് നൽകിയ നന്മകളെ ഓർത്തെടുക്കാൻ മെത്രാഭിഷേക ശതാബ്ദി ആഘോഷം വഴിയൊരുക്കുന്നു.
വിശ്വാസത്തിന്റെ ഐക്യം പ്രഖ്യാപിക്കുന്ന വേദി
പുനരൈക്യ വാർഷികാഘോഷങ്ങൾക്ക് തിളക്കം ചാർത്തുന്ന തിരുക്കർമ്മമാണ് ഇന്നു വൈകിട്ട് നടക്കുന്ന നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികം.
എ.ഡി. 325ൽ 318 ബിഷപ്പുമാർ ഒരു പൊതുക്രിസ്തീയ വിശ്വാസപ്രമാണം പ്രസിദ്ധീകരിക്കാനും ക്രിസ്തുവിജ്ഞാനീയപരമായ തർക്കങ്ങൾ പരിഹരിക്കാനും സഭയിൽ ഐക്യം പ്രോത്സാഹിപ്പിക്കാനും വേണ്ടി ആധുനിക തുർക്കിയുടെ വടക്കൻ ഭാഗത്തുള്ള നിഖ്യായിൽ സമ്മേളിച്ചു.
നിഖ്യാ സൂനഹദോസ് എന്നറിയപ്പെടുന്ന ഈ ആദ്യത്തെ സാർവത്രിക സൂനഹദോസ്, കത്തോലിക്കാ സഭയും പൗരസ്ത്യ ഓർത്തഡോക്സ് സഭകളും അനേകം പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളും ഇന്നും ആധികാരികമായി അംഗീകരിക്കുന്നു. 1700 വർഷങ്ങൾക്കിപ്പുറവും ഈ വിശ്വാസപ്രമാണം ഇപ്പോഴും ശക്തമായ ഐക്യത്തിന്റെ ഘടകമാണ്. വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ച് ബിഷപ്പുമാർ ഇന്നു നടക്കുന്ന പ്രാർഥനാസമ്മേളനത്തിൽ പങ്കുചേരും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]