കോന്നി ∙ മുരിങ്ങമംഗലം മഞ്ഞക്കടമ്പിനു സമീപം വൈദ്യുതത്തൂൺ മാറ്റിയിടുന്ന പണിക്കിടെ ഷോക്കേറ്റുവീണ് കരാർ തൊഴിലാളി മരിച്ചു. കലഞ്ഞൂർ പറയംകോട് ചരുവിള വീട്ടിൽ സുകുമാരന്റെയും രതിയുടെയും മകൻ സുബീഷാണ് (35) മരിച്ചത്.
ഇന്നലെ വൈകിട്ട് 3.30ന് കോന്നി മെഡിക്കൽ കോളജ് റോഡിന്റെ വികസനത്തിനായി റോഡരികിൽ നിൽക്കുന്ന വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഒരു തൂൺ മാറ്റി സ്ഥാപിച്ചശേഷം അടുത്ത തൂണിൽ കയറി സ്റ്റേക്കമ്പി അഴിച്ചുമാറ്റുമ്പോഴാണ് സുബീഷ് ഷോക്കേറ്റ് താഴെവീഴുന്നത്. തൂണിനു ചുവട്ടിൽ തലയടിച്ചാണ് വീണത്. തൊട്ടടുത്ത സ്ഥാപന ഉടമ സുബീഷിനെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
പണിക്കിടെ തൂണിൽനിന്ന് വീണാണ് മരിച്ചതെന്നും ശരീരത്ത് പൊള്ളലേറ്റിട്ടുണ്ടെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു. എന്നാൽ, ലൈൻ രാവിലെ 9 മുതൽ ഓഫ് ചെയ്തിരുന്നതായും ഷോക്കുണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്നും ഇതുസംബന്ധിച്ച് പരിശോധന നടത്തുമെന്നും അസിസ്റ്റന്റ് എൻജിനീയർ എം.എസ്.സന്തോഷ് കുമാർ പറഞ്ഞു.
ഒരു വർഷമായി സുബീഷ് കരാറുകാരന്റെ കൂടെ ജോലി ചെയ്തു വരികയായിരുന്നു.
വിവാഹം കഴിഞ്ഞിട്ട് ആറ് മാസമേ ആയുള്ളൂ. മൃതദേഹം കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
സംസ്കാരം പിന്നീട്. ഭാര്യ: മഞ്ജു.
അന്വേഷണം വേണമെന്ന് ആവശ്യം
റോഡ് വികസനത്തിനായി വൈദ്യുതത്തൂണുകൾ ഉള്ളിലേക്ക് മാറ്റിസ്ഥാപിക്കുന്ന ജോലികളുമായി ബന്ധപ്പെട്ട് മഞ്ഞക്കടമ്പ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്നലെ രാവിലെ 9 മുതൽ വൈദ്യുതി വിതരണം നിർത്തിവച്ചിരുന്നു.
ഹൈടെൻഷൻ ലൈനും എൽടി ലൈനും കടന്നുപോകുന്നത് ഒരേ തൂണിലൂടെയാണ്.
ഹൈടെൻഷൻ ലൈൻ ഓഫ് ചെയ്യുന്നത് കോന്നി സബ് സ്റ്റേഷനിൽ നിന്നാണ്. എൽടി ലൈൻ ഓഫ് ചെയ്യുന്നത് പ്രദേശത്തെ ട്രാൻസ്ഫോമറിൽനിന്നും.
കോന്നി മെഡിക്കൽ കോളജിലേക്ക് വൈദ്യുതി എത്തിക്കുന്ന ഏരിയൽ ബഞ്ച്ഡ് കേബിൾ (എബിസി) കടന്നു പോകുന്നതും ഈ തൂണിലൂടെയാണ്.
പണികൾ പൂർത്തിയാക്കി വൈകിട്ട് 5ന് മാത്രമേ വൈദ്യുതി കടത്തിവിടാൻ നിർദേശമുണ്ടായിരുന്നുള്ളൂ. എന്നാൽ, സംഭവം നടക്കുന്നത് ഉച്ചയ്ക്കുശേഷം 3.30നാണ്.
ഈ സമയം എങ്ങനെ വൈദ്യുതി പ്രവഹിച്ച് ഷോക്കേൽക്കുമെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. ഷോക്കേറ്റ സുബീഷിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ അവിടെയുണ്ടായിരുന്ന ഓവർസീയർ ഒപ്പം വന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

