
ഗതാഗതനിയന്ത്രണം: ഫലം കാണാതെ നിലവിലെ പദ്ധതി; വാഹനങ്ങളുടെ നീണ്ടനിര
തിരുവല്ല ∙ ടികെ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനം തുടങ്ങിയതോട ഗതാഗത കുരുക്ക് രൂക്ഷമായി.
പൊലീസും പൊതുമരാമത്ത് വകുപ്പും ചേർന്നു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ഫലം കാണുന്നില്ല. രാവിലെയും വൈകുന്നേരവും കിലോമീറ്ററുകൾ നീളുന്ന വാഹന നിരയാണ്. മഞ്ഞാടിയിൽ കലുങ്ക് പൊളിച്ചു നിർമിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്.
ഒരുഭാഗം പൊളിച്ചു കോൺക്രീറ്റ് ചെയ്തു. മറുഭാഗം പൊളിച്ചതോടെ ഒരു വരിയായി മാത്രമേ വാഹനങ്ങൾക്കു പോകാൻ സാധിക്കൂ. ഇതോടെയാണു മനയ്ക്കച്ചിറയിൽ വാഹനങ്ങൾ തടഞ്ഞു വലിയ വാഹനങ്ങൾ കിഴക്കൻ മുത്തൂർ വഴി തിരിച്ചുവിടാൻ തുടങ്ങിയത്.
ഇതും ഫലപ്രദമല്ലാതെ വന്നതോടെയാണു ഗതാഗത കുരുക്ക് കിലോമീറ്ററുകളോളം നീളുന്നത്. മനയ്ക്കച്ചറിയിൽ നിന്നു ചെറിയ വാഹനങ്ങളും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും മാത്രമാണു തിരുവല്ല ഭാഗത്തേക്ക് കടത്തിവിടുന്നത്. പക്ഷെ പൊലീസിനെ കബളിപ്പിച്ചു കുറെയേറെ വാഹനങ്ങളും കടന്നുവരുന്നുണ്ട്.
ഇതോടെയാണ് മഞ്ഞാടിയിൽ തിരക്കേറുന്നത്. മനയ്ക്കച്ചിറയിൽ നിന്നു കിഴക്കൻ മുത്തൂർ, കുറ്റൂർ വഴി പോയാൽ തിരക്കില്ലാതെ വാഹനങ്ങൾക്കു പെട്ടന്നു തിരുവല്ലയിലെത്താൻ കഴിയും. നേരേ വന്നാൽ ഏറെ സമയം കുരുക്കിൽ പെട്ടു കിടക്കേണ്ടിവരും.
ഇതു ഫലപ്രദമായി നിയന്ത്രിക്കാനുള്ള സംവിധാനം ഉണ്ടായാൽ മാത്രമേ ടികെ റോഡിലെ കുരുക്കിനു പരിഹാരമാകുകയുള്ളു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]