
സൈനികൻ ഈ വൈദികൻ; സംശയിക്കേണ്ട ഈ അച്ചൻ പട്ടാളത്തിലാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ സൈനിക വേഷത്തിൽ ഫാ. ജിം എം.ജോർജിനെ കാണുമ്പോൾ പരിചയക്കാർ ആദ്യമൊന്നു സംശയിക്കും. ഇതു വൈദികനായ ജിം തന്നെയല്ലേ. സംശയിക്കേണ്ട ഈ അച്ചൻ പട്ടാളത്തിലാണ്. ദൈവത്തോടുള്ള ആത്മീയ അടുപ്പവും മാതൃരാജ്യത്തോടുള്ള സ്നേഹവും സൈനികനാണെന്ന അഭിമാനവും ഒരേ സമയം സിരകളിൽ നിറയുന്ന വൈദികൻ.ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനത്തിലെ വൈദികനായിരിക്കെ പട്ടാള സേവനം തിരഞ്ഞെടുത്ത ചെന്നീർക്കര മാത്തൂർ മലയിൽപറമ്പിൽ ഫാ.ജിം എം.ജോർജ് ഒന്നര വർഷം നീണ്ട കഠിന പരിശീലനം പൂർത്തിയാക്കി അസം റജിമെന്റിലെ പാസിങ് ഔട്ട് കഴിഞ്ഞു. ഏതാനും ദിവസത്തിനുള്ളിൽ കരസേനയിൽ നായിക് സുബേദാർ റാങ്കിൽ റിലീജിയസ് ടീച്ചർ തസ്തികയിൽ ചുമതലയേൽക്കും.ചെന്നീർക്കര മാത്തൂർ മലയിൽപറമ്പിൽ എം.വി.ജോർജ് ഓമന ജോർജ് ദമ്പതികളുടെ 3 മക്കളിൽ മൂന്നാമനാണ് ഫാ.ജിം. പഠന ശേഷം 2021 ജൂലൈ 10ന് കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്തയിൽ നിന്നു വൈദിക പട്ടം സ്വീകരിച്ചു. കൊടുമൺ സെന്റ് ബഹനാൻസ് പളളി, കരിമാൻതോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി എന്നിവിടങ്ങളിൽ വികാരിയായി. അഖില മലങ്കര ഓർത്തഡോക്സ് ബാലസമാജം ജനറൽ സെക്രട്ടറിയായിരുന്നു.
യാദൃച്ഛികമായാണ് കരസേനയിൽ റിലീജിയസ് ടീച്ചർ (മതാധ്യാപക) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്റെ പരസ്യം ശ്രദ്ധയിൽപെട്ടത്.വൈദികനായിരിക്കെ സൈനിക സേവനം തിരഞ്ഞെടുത്ത സീറോ മലബാർ സഭയിലെ ആദ്യ പുരോഹിതൻ ഫാ.ജിസ് ജോസ് കിഴക്കേതിലിന്റെ അനുഭവങ്ങളും പ്രേരണയായി. കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്തയെ കണ്ടു പട്ടാളത്തിൽ ചേരുന്നതിനുള്ള താൽപര്യം അറിയിച്ചു. മാതൃരാജ്യത്തിനു വേണ്ടി സേവനം ചെയ്യാൻ വലിയ മെത്രാപ്പൊലീത്ത സമ്മതം മൂളി. ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ഏബ്രഹാം മാർ സെറാഫിമിൽ നിന്നു സഭയുടെ അനുമതി കത്ത് വാങ്ങിയാണ് അഭിമുഖത്തിനായി എത്തിയത്.തുടർന്ന് അസം റജിമെന്റിൽ ഒന്നര വർഷം നീണ്ട കഠിനമായ ശാരീരിക ക്ഷമത പരിശീലനം. അതുകഴിഞ്ഞ് പൊതുവായ ആത്മീയ പരിശീലനവും ഓറിയന്റേഷനും പൂർത്തിയാക്കി. പട്ടാളക്കാരുടെ മാനസിക സംഘർഷം കുറയ്ക്കുന്നതിനു ആത്മീയമായ ഉണർവും കൗൺസിലിങ്ങും നടത്തുക, സൈനികരുടെ ഇടയിൽ മതനിരപേക്ഷതയും സഹവർത്തിത്വവും ഉറപ്പാക്കുക, പ്രത്യേക ദൗത്യങ്ങൾക്ക് പോകുന്ന ജവാന്മാർക്ക് മനോധൈര്യം പകരുക തുടങ്ങിയവയാണു ചുമതലകൾ. നരിയാപുരം ഐവേലിൽ തെക്കേതിൽ ബിൻസി വിൽസനാണു ഭാര്യ. മക്കൾ:സൈറസ്, ക്രിസ്.