ശബരിമല∙സ്വാമി ഭക്തരുടെയും കൊട്ടാരം അംഗങ്ങളുടെയും ശരണംവിളിയുടെ അകമ്പടിയിൽ മലകയറി എത്തിയ പന്തളം രാജപ്രതിനിധിക്കു സന്നിധാനത്ത് അനുഷ്ഠാന നിറവിൽ രാജകീയ വരവേൽപ്. രാജപ്രതിനിധി അയ്യപ്പ ദർശനം നടത്തി.
തിരുവാഭരണ ഘോഷയാത്രയെ അനുഗമിച്ച ശേഷം 2 ദിവസം പമ്പയിൽ തങ്ങിയ രാജപ്രതിനിധി പുണർതം നാൾ നാരായണവർമ ഇന്നലെ ഉച്ചയ്ക്കാണ് ആഘോഷപൂർവം സന്നിധാനത്തേക്കു മലകയറിയത്.
സ്വാമി ഭക്തരുടെ കണ്ഠങ്ങളിൽ നിന്നുയർന്ന ശരണംവിളികൾ അന്തരീക്ഷമാകെ അലയടിച്ചു നിൽക്കുമ്പോൾ രാജപ്രതിനിധി പല്ലക്കിലേറി യാത്ര തുടങ്ങി. കൊട്ടാരം അംഗങ്ങളും നിർവാഹകസംഘം ഭാരവാഹികളും അനുഗമിച്ചു.
പിതൃസ്ഥാനീയനായ രാജപ്രതിനിധിയെ അയ്യപ്പസ്വാമി എഴുന്നള്ളി സ്വീകരിക്കുന്ന സങ്കൽപത്തിലായിരുന്നു സന്നിധാനത്തെ ചടങ്ങുകൾ.
തിരുവാഭരണത്തോടൊപ്പം കൊണ്ടുവന്ന തങ്കചുരികയുമായി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്. ശ്രീനിവാസ് സ്വീകരണ ഘോഷയാത്രയുടെ മുൻപിൽ നീങ്ങി.
തിരുവാഭരണ പേടകത്തിൽ കൊണ്ടുവന്ന തലപ്പാറ, ഉടുമ്പാറ മലകൾക്കുള്ള കൊടി, വാദ്യമേളങ്ങൾ എന്നിവ അകമ്പടിയായി.
വൈകിട്ട് 5 മണിയോടെ കെഎസ്ഇബി പടിക്കൽ എത്തിയ രാജപ്രതിനിധിയെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ഒ.എസ്.ബിജു മാലയിട്ടു സ്വീകരിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ആചാരപ്രകാരം തമ്പുരാനു തങ്കച്ചുരിക കൈമാറി.
സോപാനം സ്പെഷൽ ഓഫിസർ ബിജു.വി.നാഥ് തുടങ്ങിയവർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു പതിനെട്ടാംപടിയ്ക്കലേക്കു നീങ്ങി.
ഘോഷയാത്ര ആഴിക്കു സമീപം എത്തിയപ്പോൾ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി പതിനെട്ടാംപടി ഇറങ്ങി ആചാരപരമായി രാജപ്രതിനിധി നാരായണവർമയുടെ കാൽകഴുകി. പതിനെട്ടാംപടിക്കൽ ഉടയ്ക്കാനുള്ള നാളികേരവും നൽകി.
അത് ഉടച്ച ശേഷം മേൽശാന്തി കൈയ്ക്കു പിടിച്ചു പടി കയറ്റി. തിരുനടയിൽ എത്തിയശേഷം സ്വർണ തളികയിൽ തങ്കച്ചുരിക സോപാന പടിയിൽ സമർപ്പിച്ച് അയ്യപ്പ ദർശനം നടത്തി.
തുടർന്നു അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണത്തോടൊപ്പം ചുരിക കൂടി ചാർത്തിയാണു ദീപാരാധന നടന്നത്.
രാജപ്രതിനിധി ഇതു കണ്ടുതൊഴുതു. തുടർന്നു മേൽശാന്തി സ്വർണ തളികയിൽ തമ്പുരാനു പ്രസാദവും നൽകി.
അയ്യപ്പ ദർശനത്തിന്റെ സംതൃപ്തിയിൽ രാജപ്രതിനിധി മേൽശാന്തിയ്ക്കു പിടിപ്പണവും വസ്ത്രവും നൽകി. പല്ലക്കിലേറി വടക്കേനട
വഴി മാളികപ്പുറത്തെ പന്തളംരാജ മണ്ഡപത്തിൽ എത്തി വിശ്രമിച്ചു. രാജപ്രതിനിധിയുടെ സാന്നിധ്യത്തിലാണ് ഇനിയുള്ള ദിവസങ്ങളിലെ പൂജകൾ നടക്കുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

