പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂർ പഞ്ചായത്തിൽ ജലവിതരണം നടത്താതെ വൻ തുകയുടെ ബിൽ എത്തിയത് ജനങ്ങളെ ദുരിതത്തിലാക്കുന്നു.
പൈപ്പ് കണക്ഷൻ ഉണ്ടെന്നും കൃത്യമായ ബിൽ ലഭിക്കുമെന്നും അവകാശപ്പെടുമ്പോഴും ടാപ്പ് തുറന്നാൽ ശുദ്ധജലത്തിനു പകരം വായു പുറത്തേക്കു പ്രവഹിക്കുന്ന ശബ്ദം മാത്രമാണ് ലഭിക്കുന്നത്. പഞ്ചായത്തിലെ ഇരുമ്പുകുഴി മാർത്തോമ്മാ നഗറിൽ സ്നേഹതീരം പദ്ധതിയിൽ നിർമിച്ചു നൽകിയ 21 വീടുകളിലും സമീപത്തെ വീടുകളിലുമാണ് ഇത്തരത്തിൽ ബിൽ ലഭിച്ചിട്ടുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ശാരീരിക അവശതകൾ നേരിടുന്നവരുമാണ് ഈ പ്രദേശത്ത് താമസിക്കുന്നത്.
വെള്ളം ലഭിക്കാത്ത കണക്ഷന് 882 രൂപ ബിൽ അടയ്ക്കണമെന്നാണ് മൊബൈലിൽ സന്ദേശം ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് 4 മുതൽ തുക ഓൺലൈനായി അടയ്ക്കാമെന്നും 19നു മുൻപു ബിൽത്തുക അടച്ചില്ലെങ്കിൽ കണക്ഷൻ വിഛേദിക്കുമെന്നുമാണ് സന്ദേശത്തിലുള്ളത്.
ചെറു വരുമാനത്തിലും സുമനസ്സുകളുടെ സഹായത്താലും കഴിയുന്ന പ്രദേശവാസികൾ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ്. കണക്ഷനുകൾ നൽകിയതായുള്ള എണ്ണം പെരുപ്പിച്ചുകാട്ടിയതിനാലാണു ബിൽ എത്തിയതെന്ന ആക്ഷേപവും ശക്തമാണ്.
പ്രദേശത്തു രണ്ടു വർഷം മുൻപു കുഴലുകൾ സ്ഥാപിച്ചു വീടുകളിൽ മീറ്ററും ടാപ്പും ഘടിപ്പിച്ചെങ്കിലും ജലവിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല. വീടുകളിൽ നിന്നുള്ള കണക്ഷൻ പ്രധാന പൈപ്ലൈനിൽ ബന്ധിപ്പിക്കാതെ കുഴലുകൾ തുറന്നുകിടക്കുന്ന അവസ്ഥയാണുള്ളത്.
പൈപ്പുകൾ തുറന്നു കിടക്കുന്നതിനാൽ ഇഴജന്തുകൾ ഉള്ളിലേക്കു പ്രവേശിക്കുന്നതിനും കുഴലിന്റെ ഉൾവശം മലിനമാകാനും സാധ്യതയുണ്ട്. അതേസമയം, വീടുകളിലേക്കു ജലമെത്തിക്കുന്നതിനു പ്രധാന റോഡിൽ പൈപ്ലൈൻ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പിനോട് അനുമതി തേടിയിട്ടുണ്ടെന്നു ജലഅതോറിറ്റി അധികൃതർ വ്യക്തമാക്കി.
ജലം ലഭ്യമാകാതെ ബിൽ ലഭിച്ചതു സംബന്ധിച്ചു ബന്ധപ്പെട്ട സെക്ഷനിൽ അറിയിച്ച് തുക ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
എങ്കിലും, തങ്ങളുടെ വീടുകളിലേക്ക് എന്നത്തേക്ക് ശുദ്ധജലം എത്തുമെന്ന ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ വിഷമിക്കുകയാണ് ഈ കുടുംബങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

