പന്തളം ∙ മണ്ഡലകാലം തുടങ്ങാൻ പത്ത് ദിവസം മാത്രം ശേഷിക്കെ വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ വേഗത്തിലായി. പെയ്ന്റിങ് ജോലികൾ പൂർത്തിയാകുന്നു.
ക്ഷേത്രത്തിന്റെ പടിഞ്ഞാറ്–തെക്ക് ഭാഗത്ത് നിന്നു പഴയ അന്നദാനമണ്ഡപത്തിനു സമീപത്തേക്ക് പടിക്കെട്ടുകൾ നിർമിച്ചു. ക്ഷേത്രമുറ്റത്ത് പടിഞ്ഞാറ് ഭാഗത്തെ വെള്ളക്കെട്ടൊഴിവാക്കാനായി ഈ ഭാഗത്തെ പൈപ്പ് മാറ്റിസ്ഥാപിക്കാനാണിത്.
അച്ചൻകോവിലാറ്റിലെ ക്ഷേത്രക്കടവുകൾ വൃത്തിയാക്കി.
ഇവിടെ സുരക്ഷാവേലി സ്ഥാപിക്കുന്നതിനായി കയർ കെട്ടിത്തിരിച്ചു. ആറ്റിൽ ഒഴുക്ക് കുറയുന്ന മുറയ്ക്ക് വേലി സ്ഥാപിക്കും.
അന്നദാനമണ്ഡപത്തിനു മുൻപിലെ തേക്കുമരത്തിന്റെ ശിഖരം നീക്കി അപകടാവസ്ഥ ഒഴിവാക്കി. ശുചിമുറികൾക്ക് പുതിയ വാതിലുകളും സ്ഥാപിച്ചു.
ചീപ്പ് നിർമാണം തുടങ്ങി
മഴക്കാലത്ത് അന്നദാനമണ്ഡപത്തിന് താഴെ പാർക്കിങ് ഏരിയയിലേക്ക് അച്ചൻകോവിലാറ്റിൽ നിന്നു വെള്ളം കയറുന്നതൊഴിവാക്കാൻ ഇറിഗേഷൻ വകുപ്പ് ചീപ്പ് നിർമാണം തുടങ്ങി.
തീർഥാടനകാലം തുടങ്ങുന്നതിനു മുൻപ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. മഴ ശക്തമാകുന്ന ഘട്ടത്തിലെല്ലാം ഇവിടെ വെള്ളക്കെട്ട് രൂക്ഷമായിരുന്നു.
ഇവിടെ ടൈൽ പാകാമെന്ന ദേവസ്വം ബോർഡ് വാഗ്ദാനം നടപ്പാക്കിയിട്ടില്ല.
കെട്ടിടം വിട്ടുനൽകിയില്ല
തീർഥാടകർക്ക് സൗജന്യമായി വിരിവയ്ക്കാനും ഉദ്യോഗസ്ഥർക്ക് സൗകര്യമൊരുക്കാനുമായി അന്നദാനമണ്ഡപത്തിന്റെ മുകൾ നില ഇനിയും നഗരസഭയ്ക്ക് വിട്ടുനൽകിയിട്ടില്ല. ആരോഗ്യം, പൊലീസ്, അഗ്നിരക്ഷാസേന എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും വിശുദ്ധിസേനാംഗങ്ങൾക്കുമാണ് സൗകര്യമൊരുക്കേണ്ടത്.
തീർഥാടകർക്ക് വിരിവയ്ക്കാനുള്ള ക്രമീകരണങ്ങളും വേണം. നേരത്തെ കെട്ടിടം വിട്ടുനൽകിയെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ.
നഗരസഭാ അധികൃതർ ഒരു മാസം മുൻപ് തന്നെ കത്ത് നൽകിയിരുന്നു.
യോഗം ഇന്ന്
ക്ഷേത്രത്തിലെ ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പങ്കെടുക്കുന്ന യോഗം ഇന്ന് 4ന് നടക്കും. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനാകും.
വിവിധ വകുപ്പ് പ്രതിനിധികൾ പങ്കെടുക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

