
നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ്: അക്ഷയ സെന്റർ ജീവനക്കാരി അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ നീറ്റ് പരീക്ഷ എഴുതാൻ പത്തനംതിട്ടയിലെത്തിയ തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിക്ക് വ്യാജ ഹാൾടിക്കറ്റ് നൽകിയ അക്ഷയ സെന്റർ ജീവനക്കാരി അറസ്റ്റിൽ. നെയ്യാറ്റിൻകരയിലെ അക്ഷയ സെന്റർ ജീവനക്കാരി തിരുപുറം സ്വദേശി ഗ്രീഷ്മ (20)യെയാണ് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ദൂരം കൂടുതലായതിനാൽ പത്തനംതിട്ടയിൽ പരീക്ഷയെഴുതാൻ പോകില്ലെന്നു കരുതിയാണ് പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്തതെന്ന് ഗ്രീഷ്മ പൊലീസിനു മൊഴി നൽകി.ഗ്രീഷ്മയുമായി അക്ഷയ സെന്ററിൽ എത്തിയ പൊലീസ് കംപ്യൂട്ടറും ഹാർഡ് ഡിസ്കും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ ഗ്രീഷ്മ കുറ്റം സമ്മതിച്ചു. ഗ്രീഷ്മയുടെ മൊഴി ഇങ്ങനെ, ‘വിദ്യാർഥിയുടെ അമ്മ പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്യാൻ 1850 രൂപ നൽകി, എന്നാൽ റജിസ്റ്റർ ചെയ്യാൻ മറന്നു പോയി.
വിദ്യാർഥി നിരന്തരം ഹാൾ ടിക്കറ്റിന് ആവശ്യപ്പെട്ടപ്പോൾ വ്യാജ ഹാൾടിക്കറ്റ് തയാറാക്കി നൽകുകയായിരുന്നു. മറ്റൊരു വിദ്യാർഥിയുടെ ഹാൾ ടിക്കറ്റിന്റെ പകർപ്പിൽ പേരും വിലാസവും തിരുത്തിയാണ് ഹാൾടിക്കറ്റ് നൽകിയത്’.തുടക്കത്തിൽ ആൾമാറാട്ടം സംശയിച്ചെങ്കിലും നിരപരാധിയെന്നു തെളിഞ്ഞതിനാൽ പാറശാല സ്വദേശിയായ വിദ്യാർഥിയെയും അമ്മയെയും ഇന്നലെ പത്തനംതിട്ട പൊലീസ് വിട്ടയച്ചിരുന്നു. പരീക്ഷ നടന്ന ഞായറാഴ്ച ഉച്ച കഴിഞ്ഞു മുതൽ ഇവർ കസ്റ്റഡിയിലായിരുന്നു. സംഭവത്തിൽ ഇരുവരും കുറ്റക്കാരല്ലാത്തതിനാൽ കേസിൽ നിന്ന് ഒഴിവാക്കാനുള്ള റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിക്കും. വെറ്ററിനറി ഡോക്ടറാകാനാണ് തന്റെ ആഗ്രഹമെന്നു വിദ്യാർഥി പറഞ്ഞു. ‘വലിയ തുക മുടക്കിയാണു കോച്ചിങ്ങിനു പോയത്. രണ്ടാം തവണയാണു പരീക്ഷയെഴുതുന്നത്. പരീക്ഷ എഴുതുന്നതിനിടെ പുറത്തുപോകാൻ പറഞ്ഞപ്പോൾ അപേക്ഷയിൽ എന്തെങ്കിലും തെറ്റുണ്ടായെന്നാണു കരുതിയത്’ – വിദ്യാർഥി പറഞ്ഞു.
നീറ്റ്; ബയോമെട്രിക് പരിശോധന പരീക്ഷയ്ക്കു ശേഷമെന്ന് പരാതി
പത്തനംതിട്ട ∙ നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ബയോമെട്രിക് പരിശോധന പൂർത്തിയാക്കാൻ വൈകിയതായി പരാതി. കോന്നി ഗവ.എച്ച്എസ്എസിൽ പരീക്ഷ എഴുതിയ എൺപതോളം വിദ്യാർഥികളുടെ ബയോമെട്രിക് പരിശോധന നടത്തിയത് പരീക്ഷ പൂർത്തിയായ ശേഷം. സാധാരണഗതിയിൽ വിദ്യാർഥികൾ പരീക്ഷാ ഹാളിൽ കയറുന്നതിനു മുൻപാണ് ബയോമെട്രിക് പരിശോധന പൂർത്തിയാക്കേണ്ടത്. എന്നാൽ, ബയോമെട്രിക് മെഷീനുകൾ തകരാറിലായതാണ് കോന്നിയിൽ പ്രതിസന്ധി സൃഷ്ടിച്ചത്.പരീക്ഷ നടന്ന ഞായറാഴ്ച രാവിലെ 11ന് തന്നെ 5 മെഷീനുകളിൽ ബയോമെട്രിക് പരിശോധന ആരംഭിച്ചെങ്കിലും 10 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ 2 മെഷീനുകൾ കേടായി.കുറച്ചു സമയത്തിനു ശേഷം ഒരു മെഷീൻ കൂടെ തകരാറിലായി.
ഈ വിവരം ഉടൻ തന്നെ നാഷനൽ ടെസ്റ്റിങ് ഏജൻസിയെ (എൻടിഎ) അറിയിച്ചെന്നും പരീക്ഷ തുടങ്ങുന്നതിനു മുൻപ് ബയോമെട്രിക് പരിശോധന പൂർത്തിയാകാതെ വന്നതോടെ വിദ്യാർഥികൾക്കു പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണം ചെയ്തു നൽകിയെന്നും പ്രധാനാധ്യാപിക എസ്.എം.ജമീല ബീവി പറഞ്ഞു.ഉച്ചയ്ക്ക് 1.40ന് തന്നെ വിദ്യാർഥികളെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കുകയും പരീക്ഷ പൂർത്തിയായ ശേഷം വിദ്യാർഥികളുടെ ബയോമെട്രിക് പരിശോധന പൂർത്തിയാക്കുകയും ചെയ്തു.
നാഷനൽ ടെസ്റ്റിങ് ഏജൻസിയിൽ നിന്ന് പരീക്ഷ പൂർത്തിയായ ശേഷം ഈ വിദ്യാർഥികളുടെ ബയോമെട്രിക് പരിശോധന പൂർത്തിയാക്കണമെന്ന ഇമെയിൽ സന്ദേശവും ലഭിച്ചു. പരീക്ഷ തുടങ്ങിയ ശേഷം കൂടുതൽ ബയോമെട്രിക് മെഷീനുകൾ ഇവിടേക്ക് എത്തിക്കുകയും ചെയ്തിരുന്നെന്നും പ്രധാനാധ്യാപിക പറഞ്ഞു. എന്നാൽ, പരീക്ഷയ്ക്കു മുൻപുതന്നെ ബയോമെട്രിക് പരിശോധന പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ വിദ്യാർഥികൾ ആശങ്കയിലായി. ഇതുമൂലം, ഒഎംആർ ഷീറ്റിൽ ആവശ്യമായ വിവരങ്ങൾ എഴുതുന്നതിന് മതിയായ സമയം ലഭിച്ചില്ലെന്നും ചോദ്യങ്ങൾക്ക് ഉത്തരം എഴുതേണ്ട സമയത്തും ഒഎംആർ ഷീറ്റിൽ വിവരങ്ങൾ എഴുതേണ്ടി വന്നെന്നും വിദ്യാർഥികൾ പരാതിപ്പെട്ടു. സാങ്കേതിക തകരാറുകൾ പരീക്ഷാ സമയം കുറച്ചെന്നുകാട്ടി വിദ്യാർഥികൾ നാഷനൽ ടെസ്റ്റിങ് ഏജൻസിക്കു പരാതി നൽകിയിട്ടുണ്ട്.