തോട്ടപ്പുഴശേരി∙ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇടിഞ്ഞു വീഴാറായ കെട്ടിടത്തിൽ നിന്നു മാറാതെ അങ്കണവാടി. പഞ്ചായത്തിലെ രണ്ടാം വാർഡിൽ പേരപ്പൂരിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന അങ്കണവാടിയാണു വെള്ളവും വെളിച്ചവും ലഭിക്കാത്തതിനാൽ പുതിയ കെട്ടിടത്തിലേക്കു മാറാതെ പഴയ ഒറ്റമുറി കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.
ഈ കെട്ടിടത്തിന്റെ ഷീറ്റിട്ട
മേൽക്കൂര ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്. തെങ്ങിൻ തടി പാകി അതിനു മുകളിലാണു ഷീറ്റ് ഇട്ടിരിക്കുന്നത്. തടി മുഴുവൻ ചിതലെടുത്തു നശിച്ച അവസ്ഥയാണ്.
അങ്കണവാടി ജീവനക്കാരും രക്ഷിതാക്കളും ഭീതിയിലാണ്. 1998ൽ ആരംഭിച്ച അങ്കണവാടി ഒട്ടേറെ മുറികളിൽ മാറി മാറി പ്രവർത്തിച്ചു.
തൊഴുത്തു വൃത്തിയാക്കി അതിൽ പോലും പ്രവർത്തിച്ച ചരിത്രമുണ്ട് ഈ അങ്കണവാടിക്കെന്നു നാട്ടുകാർ പറയുന്നു.
സ്ഥലം കിട്ടാത്ത പ്രശ്നം പരിഹരിക്കാൻ പഞ്ചായത്തംഗം റോസമ്മ മത്തായി മുന്നിട്ടിറങ്ങി പലരോടും സംസാരിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. അങ്ങനെയാണു പ്രദേശവാസിയായ താഴേലേത്ത് ടി.എസ്.മത്തായിയോടു വിവരം പറഞ്ഞതും അദ്ദേഹം സ്ഥലം നൽകാമെന്നു വാക്കു നൽകി 3 സെന്റ് ഭൂമി റോഡ് അരികിൽ നൽകിയതും. തുടർന്നാണു ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപയിലെ 14 ലക്ഷം രൂപ വിനിയോഗിച്ച് കെട്ടിട
നിർമാണം പൂർത്തിയാക്കിയത്.
കെട്ടിട നിർമാണം പൂർത്തിയാക്കി പെയിന്റിങ്ങും കഴിഞ്ഞു കഴിഞ്ഞ മാസം 10ന് ഉദ്ഘാടനവും കഴിഞ്ഞെങ്കിലും ഇതുവരെ വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ ലഭിച്ചിട്ടില്ല.
വൈദ്യുതി ഇല്ലാത്തതിനാൽ വെളിച്ചവുമില്ല. ഫാനും പ്രവർത്തിപ്പിക്കാനാവില്ല.
കുട്ടികൾക്കുള്ള ഭക്ഷണം പാകം ചെയ്യാനും പാത്രം കഴുകാനും ശുചിമുറി ആവശ്യങ്ങൾക്കും വെള്ളവുമില്ല.
കെട്ടിടനമ്പർ നൽകാൻ പഞ്ചായത്തിലുണ്ടായ കാലതാമസം കാരണം ബന്ധപ്പെട്ട വകുപ്പുകൾക്ക് അപേക്ഷ നൽകാൻ കഴിയാഞ്ഞതാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം.
ഇതിനാവശ്യമായ പണം കെട്ടി വയ്ക്കാൻ പഞ്ചായത്ത് അധികൃതർ ഇതുവരെ തയാറായിട്ടില്ല എന്നാണു വാർഡ് അംഗം റോസമ്മ മത്തായി ആരോപിക്കുന്നത്. ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ പഞ്ചായത്തിനു മുൻപിൽ സത്യഗ്രഹസമരം ആരംഭിക്കുമെന്നും അവർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

