റാന്നി ∙ സംസ്ഥാന പാതയിൽ വിനോദ സഞ്ചാരികൾ തള്ളിയ ഒരു ടണ്ണോളം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമസേനാംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും ഗാന്ധി ജയന്തി ദിനത്തിലെ ശുചീകരണം വേറിട്ടതാക്കി. റാന്നി പഞ്ചായത്തിലെ സേനാംഗങ്ങളും പ്രവർത്തകരുമാണ് പ്രസിഡന്റ് കെ.ആർ.പ്രകാശിന്റെ നേതൃത്വത്തിൽ പുനലൂർ–മൂവാറ്റുപുഴ പാതയിൽ ശുചീകരണം നടത്തിയത്. പുനലൂർ–മൂവാറ്റുപുഴ പാത ഉന്നത നിലവാരത്തിൽ വികസിപ്പിച്ചതോടെ പൊതു അവധി ദിവസങ്ങളിൽ ഇതിലെ വിനോദ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
അവരിൽ ഭൂരിപക്ഷവും ഭക്ഷണം കയ്യിൽ കരുതിയാണ് യാത്ര നടത്തുന്നത്.
വാഹനങ്ങൾ പാർക്കിങ് നടത്താവുന്ന സുരക്ഷിതമായ ഭാഗങ്ങളിൽ നിർത്തിയാണ് ഭക്ഷണം കഴിക്കുന്നത്. അവ പൊതിഞ്ഞെത്തിക്കുന്ന സാധനങ്ങളും ഡിസ്പോസബിൾ പ്ലേറ്റുകളും ഗ്ലാസുകളുമെല്ലാം വശങ്ങളിൽ വിലിച്ചെറിഞ്ഞാണു മടക്കം.
ഇതാണ് ഹരിത കർമസേന സംഭരിച്ചത്.
റാന്നി പഞ്ചായത്തിന്റെ അതിർത്തിയായ ഉതിമൂട് വെളിവയൽപടി മുതൽ വലിയപാലം വരെയുള്ള ഭാഗത്തെ പ്ലാസ്റ്റിക് മാലിന്യമാണു ശേഖരിച്ചത്. ഹരിത കേരളം ശുചിത്വ ക്യാംപെയ്നിന്റെ ഭാഗമായി മുൻപും ഹരിത കർമസേനയും വിദ്യാർഥികളും പൊതുപ്രവർത്തകരും ചേർന്നു പാതയിൽ ശുചീകരണം നടത്തിയിരുന്നു.
അസിസ്റ്റന്റ് സെക്രട്ടറി രമേഷ്കുമാർ, തൊഴിലുറപ്പ് ഓവർസീയർ ഷിന്റു മനോജ്, പഞ്ചായത്തംഗം മന്ദിരം രവീന്ദ്രൻ എന്നിവരും പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]