
കൊച്ചുകുസൃതി മാഞ്ഞു; കണ്ണീർമഴയായി കൊച്ചയ്യപ്പൻ: ഇഷ്ടപ്പെട്ടവരുടെയെല്ലാം കണ്ണു നിറച്ച് കോന്നിയുടെ കുറുമ്പൻ ഓർമയായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോന്നി ∙ നെഞ്ചുനിറഞ്ഞ ഭാരവുമായി കണ്ണു നിറഞ്ഞ് ഷംസുദ്ദീൻ തേങ്ങലോടെ നിന്നു. പാപ്പാനായ ഷംസുദ്ദീനു മുന്നിൽ പീലി വിരിച്ചും (തുമ്പി ചുരുട്ടി ഉയർത്തി) ഓടിനടന്നും കുസൃതിയും കുറുമ്പുമായി നിറഞ്ഞു നിന്ന കുട്ടിക്കൊമ്പനാണ് ഇന്ന് അവരുടെ മുന്നിൽ ശാന്തനായുറങ്ങുന്നത്. കണ്ണനായി വന്ന് കൊച്ചയ്യപ്പനായി മാറി ഇക്കോ ടൂറിസം കേന്ദ്രത്തിലെ സന്ദർശകരുടെയും ജീവനക്കാരുടെയും കോന്നിക്കാരുടെയും കണ്ണിലുണ്ണിയായ കുട്ടിയാനയുടെ വിയോഗം തീരാദുഃഖമായി. ജീവനക്കാർക്കും ആനത്താവളത്തിലെത്തുന്ന സഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു കൊച്ചയ്യപ്പൻ. 4 വർഷം മുൻപ് കുട്ടിയാനയെ കോന്നിയിലെത്തിക്കുമ്പോൾ അവർ കണ്ണനെന്നു വിളിച്ചു. പിന്നീടാണ് കൊച്ചയ്യപ്പനായത്. രാവിലെ വിവരമറിഞ്ഞ് പ്രദേശവാസികളായ ഒട്ടേറെ ആളുകൾ കുട്ടിയാനയെ അവസാനമായി കാണാൻ എത്തിയിരുന്നു. ആനത്താവളം ശോകമൂകമായി. ജീവനക്കാരടക്കം ഏറെ വിഷമത്തോടെയാണ് ജോലിക്കെത്തിയത്. ആരോഗ്യപരമായ വിഷമതകൾ അതിജീവിച്ച് നാലു വർഷം ആനത്താവളത്തിൽ കൊച്ചയ്യപ്പൻ വളർന്നത് ഇവരുടെ പരിചരണത്തിലൂടെയായിരുന്നു.
പ്രധാന പാപ്പാനായ ഷംസുദ്ദീനും നന്ദുവും ആനക്കുട്ടിയുടെ കൂടെ എപ്പോഴുമുണ്ടായിരുന്നു. മറ്റു പാപ്പാന്മാർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു കൊച്ചയ്യപ്പൻ. മരണം സ്ഥിരീകരിച്ചതോടെ ജഡത്തിൽ കോടി പുതപ്പിച്ച്, ചന്ദനത്തിരി കത്തിച്ച് നിലവിളക്ക് കൊളുത്തി വച്ചും പൂക്കൾ വിതറിയും ജീവനക്കാർ ആദരാഞ്ജലിയർപ്പിച്ചു. ആനപ്രേമികളും മുൻപ് ഇക്കോ ടൂറിസം കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെ വിവരമറിഞ്ഞ് എത്തിയിരുന്നു. കൊച്ചയ്യപ്പന് ആദരാഞ്ജലികൾ നേർന്ന് സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെ ചിത്രങ്ങളും വിഡിയോകളുമാണ് പ്രചരിച്ചത്. കുറുമ്പുമായി ഓടി നടന്ന് ആനത്താവളത്തെ കയ്യിലെടുത്ത കുട്ടിയായിരുന്നു. സ്വന്തം കുട്ടികൾ നഷ്ടപ്പെട്ടാലുണ്ടാകുന്ന വിധത്തിലുള്ള വിഷമമാണ്, കുട്ടിയാനയുടെ വേർപാട് തീരാനഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. – കരഞ്ഞുകൊണ്ട് ജീവനക്കാർ പറയുന്നു. പ്രധാന പാപ്പാനായ ഷംസുദ്ദീൻ പലപ്പോഴും വിതുമ്പലടക്കാൻ പാടുപെട്ടു.
ഗദ്ഗദം കൊണ്ട് വാക്കുകൾ മുറിഞ്ഞു സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഷംസുദ്ദീൻ. കാട്ടൂർ വെറ്ററിനറി സർജൻ ഡോ. രാഹുൽ നായർ, ഇലന്തൂർ വെറ്ററിനറി സർജൻ ഡോ. ഷബീബ, കോട്ടൂരിലെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ കുമാർ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ബി.രാഹുൽ, ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ എം.അജീഷ്, കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി, കോന്നി റേഞ്ച് ഓഫിസർ എസ്.ശശീന്ദ്രകുമാർ, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ ഷിജു, ഫോറസ്റ്റർ പി.എസ്.സൗമേന്ദ്രകുമാർ, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.ബി.ജി.സിബി തുടങ്ങിയവർ നടപടികൾക്ക് നേതൃത്വം നൽകി. കൊച്ചയ്യപ്പൻ ചരിഞ്ഞതിനെ തുടർന്ന് ഇന്നലെ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന് അവധിയായിരുന്നു. ഇന്നു തുറന്നു പ്രവർത്തിക്കും.
കോന്നിയുടെ കുറുമ്പൻ കൊച്ചയ്യപ്പൻ ഇനി ഓർമ
കോന്നി ∙ ഇഷ്ടപ്പെട്ടവരുടെയെല്ലാം കണ്ണു നിറച്ച് കോന്നി ആനത്താവളത്തിലെ 5 വയസ്സുകാരൻ കൊച്ചയ്യപ്പൻ ഓർമയായി. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ പ്രധാന ആകർഷണമായിരുന്നു ഈ കുട്ടിക്കുറുമ്പൻ. ഹെർപിസ് വൈറസ് ബാധയാണു മരണ കാരണമെന്നാണു പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കുമ്മണ്ണൂർ വനത്തിൽ സംസ്കരിച്ചു. കൂടുതൽ പരിശോധനയ്ക്കായി ആന്തരാവയവങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 6നു പാപ്പാൻ ഷംസുദീനെത്തിയപ്പോഴാണു കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടു വരെ ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ അതിനു ശേഷം ചെറിയൊരു ക്ഷീണാവസ്ഥയുണ്ടായിരുന്നതായി അധികൃതർ പറഞ്ഞു.
സന്ദർശകർ കൂടുതലുള്ളതിനാൽ ഉറങ്ങാൻ കഴിയാത്തതിന്റെ ക്ഷീണമാണെന്നായിരുന്നു കരുതിയിരുന്നത്. 2021 ഓഗസ്റ്റ് 19ന് റാന്നി വനം ഡിവിഷനിലെ ഗൂഡ്രിക്കൽ റേഞ്ച് കൊച്ചാണ്ടി കിളിയെറിഞ്ഞാൻകല്ല് ഭാഗത്തു നിന്നാണ് ഒരു വയസ്സിൽ താഴെ പ്രായമുള്ള കുട്ടിയാനയെ കാട്ടാനക്കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട നിലയിൽ വനംവകുപ്പിന് ലഭിക്കുന്നത്. തിരികെ വനത്തിലേക്കു വിടാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടർന്നു വനത്തിൽ താൽക്കാലിക കൂട് നിർമിച്ച് വനംവകുപ്പ് നിരീക്ഷിച്ചു.കൂട്ടത്തിലുള്ള ആനകൾ എത്താത്തതിനെ തുടർന്ന് 20 ദിവസത്തിനു ശേഷം കോന്നി ആനത്താവളത്തിൽ എത്തിച്ചു. മന്ത്രി എ.കെ.ശശീന്ദ്രനാണു കോന്നി കൊച്ചയ്യപ്പൻ എന്ന പേര് നൽകിയത്.
വില്ലനായത് ഹെർപിസ് വൈറസ്
കോന്നി ∙ ഹെർപിസ് വൈറസ് മൂലം കോന്നി ആനത്താവളത്തിൽ ചരിഞ്ഞ രണ്ടാമത്തെ കുട്ടിയാനയാണ് കൊച്ചയ്യപ്പൻ. 2016ൽ ആണ് കോട്ടൂരിൽനിന്നു കൊണ്ടുവന്ന ലക്ഷ്മിയെന്ന കുട്ടിയാന ഹെർപിസ് വൈറസ് ബാധിച്ച് ചരിഞ്ഞത്. രോഗപ്രതിരോധ ശേഷി കുറവുള്ള കുട്ടിയാനകളെയാണ് വൈറസ് ഏറെ ബാധിക്കുക. ന്യൂനതകളുള്ള കുട്ടിയാനകളെ കാട്ടിൽ നിന്ന് മറ്റാനകൾ പുറംതള്ളാറുണ്ടെന്ന് അഭിപ്രായമുണ്ട്. കൊച്ചയ്യപ്പനെയും ഈ വിധത്തിൽ ആനക്കൂട്ടം ഉപേക്ഷിച്ചതാണെന്നാണ് കരുതുന്നത്. ആരോഗ്യസ്ഥിതി മെച്ചമല്ലാത്തതിനാൽ വൈറസ് പെട്ടെന്ന് ബാധിക്കുകയും ചെയ്യും. 10 വയസ്സുവരെ വൈറസ് ആനകൾക്ക് ഭീഷണിയാണ്. എന്നാൽ, മുതിർന്ന ആനകളിലും വൈറസ് ബാധയുണ്ടാകാറുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കണ്ണന്റെ കുസൃതികളോർത്ത് സങ്കടത്തോടെ വനപാലകർ
സീതത്തോട് ∙ ‘കഴിഞ്ഞ മാസവും കോന്നിയിൽ പോയി അവനു ഞാൻ ചോറു വാരിക്കൊടുത്തതാണ്. ഇതു താങ്ങാൻ കഴിയുന്നില്ല.’ കൊച്ചയ്യപ്പനെ 2021ൽ ഗൂഡ്രിക്കലിൽനിന്നു കണ്ടെത്തിയ സമയത്തെ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വാക്കുകൾ ഇടറി. കോന്നി ആനക്കൂട്ടിൽ ചരിഞ്ഞ കൊച്ചയ്യപ്പന്റെ വിയോഗം ഗൂഡ്രിക്കൽ റേഞ്ചിലെ വനപാലകർക്കു താങ്ങാവുന്നതിലും അധികമായിരുന്നു. 21 ദിവസം പൊന്നുപോലെ കാത്തു പരിപാലിച്ച കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ കൊച്ചയ്യപ്പന് കണ്ണനെന്നാണ് പേരിട്ടത്.
2021 ഓഗസ്റ്റ് 19നു കൊച്ചാണ്ടിക്കു സമീപത്തെ വെള്ളച്ചാട്ടത്തിൽ നിന്നുമാണ് കൊച്ചയ്യപ്പനെ വനപാലകർക്കു ലഭിക്കുന്നത്. വേലുത്തോട് ഭാഗത്തുനിന്നു കൂട്ടംതെറ്റി കക്കാട്ടാറിന്റെ തീരത്തുകൂടി നടന്ന് പഴയ പൊലീസ് സ്റ്റേഷൻപടിവഴി മൂഴിയാർ–ആങ്ങമൂഴി റോഡിൽ കയറി സമീപത്തെ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെയാണ് വനപാലകർ ആനക്കുട്ടിയെ ഏറ്റെടുക്കുന്നത്. വേലുത്തോട് വനത്തിൽ തമ്പടിച്ചിരിക്കുന്ന ആനക്കൂട്ടത്തിനൊപ്പം കുട്ടിയെ തിരികെ അയ്ക്കുന്നതിനായി ഒരു രാത്രി വേലുത്തോട്ടിൽ പ്രത്യേക വേലിക്കെട്ടിനുള്ളിൽ കൊച്ചയ്യപ്പനെ പാർപ്പിച്ചു. അന്നത്തെ റേഞ്ച് ഓഫിസർ ആയിരുന്ന എസ്.മണി, ഡപ്യൂട്ടി റേഞ്ചർ മനോജ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം വെളുക്കുവോളം കാട്ടിൽ തന്നെ കാത്തുനിന്നു.
വേലിക്കടുത്ത് ആനക്കൂട്ടം എത്തിയെങ്കിലും കുട്ടിയാനയെ കൂട്ടാതെ മടങ്ങി. പിറ്റേന്ന്, വനപാലക സംഘം കുട്ടിയാനയെ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്കു കൂട്ടികൊണ്ടുപോന്നു. പിന്നീട് 21 ദിവസം വനപാലകരുടെ പരിചരണത്തിലായിരുന്നു കുട്ടിയാന. വനപാലകരായ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ അരുൺ, ആൽവിൻ, അനീഷ്, അഖിൽ, വാച്ചർമാരായ റോഷൻ, മനോജ് എന്നിവരുടെ പരിചരണത്തിലാലായിരുന്നു കണ്ണൻ. സ്റ്റേഷനുള്ളിലൂടെ രാവിലത്തെ നടത്തവും പ്രത്യേക ഭക്ഷണ രീതികളും കണ്ണനെ ഊർജസ്വലനാക്കി. തുടർന്നാണ് കോന്നി ആനക്കൂട്ടിലേക്കു മാറ്റുന്നതും പുതിയ പേര് സ്വീകരിക്കുന്നതും. ഗൂഡ്രിക്കൽ റേഞ്ചിൽനിന്നു വനപാലകർ ഇടയ്ക്കിടെ കോന്നിയിലെത്തി കണ്ണനെ കാണുമായിരുന്നു. കണ്ണന്റെ വിയോഗം ഏറെ സങ്കടപ്പെടുത്തിയെന്ന് ഫ്ലയിങ് സ്ക്വാഡ് കോതമംഗലം എസിഎഫായി ഗൂഡ്രിക്കൽ റേഞ്ചിൽനിന്നു സ്ഥലംമാറി പോയ എസ്.മണി പറഞ്ഞു.
കോന്നയിൽ 11 വർഷത്തിനിടെ ചരിഞ്ഞത് 6 ആനകൾ
ഏതാനും വർഷത്തിനിടെ കോന്നി ആനത്താവളത്തിൽ ചരിഞ്ഞത് ഒട്ടേറെ ആനകളാണ്. 2014 ഒക്ടോബറിൽ തിരുവനന്തപുരം പേപ്പാറ വനത്തിൽനിന്ന് എത്തിച്ച പിടിയാന ചരിഞ്ഞു. 2015ൽ നിലമ്പൂരിൽനിന്ന് കൊണ്ടുവന്ന കുട്ടിയാനയും പിന്നീട് ചരിഞ്ഞു.മലപ്പുറം ജില്ലയിലെ നിലമ്പൂരിൽനിന്ന് ആനത്താവളത്തിലെത്തിച്ച രണ്ട് മാസം മാത്രം പ്രായമുള്ള കുട്ടിയാന 39-ാമത്തെ ദിവസം ചരിഞ്ഞത് 2021 ഏപ്രിൽ 29നാണ്. രണ്ടാഴ്ചയായി വയറിളക്കം മൂലം അവശ നിലയിലായിരുന്നു. മുതിർന്ന താപ്പാനയായ മണി (75) ചരിഞ്ഞത് 2020 ഒക്ടോബർ മൂന്നിനാണ്. രണ്ട് ദിവസത്തിനുശേഷം 5ന് പിഞ്ചുവെന്ന കുട്ടിയാനയും ചരിഞ്ഞു. ഇടുപ്പെല്ലിലെ പ്രശ്നം മൂലം നിൽക്കാൻ കഴിയാതെ 10 മാസത്തോളം കിടപ്പിലായിരുന്നു പിഞ്ചു. കഴിഞ്ഞവർഷം ഏപ്രിൽ 30നാണ് കോടനാട് നീലകണ്ഠൻ എന്ന കൊമ്പനാന (27) ചരിഞ്ഞത് എരണ്ടക്കെട്ട് മൂലമുണ്ടായ പ്രശ്നമായിരുന്നു മരണകാരണം.
ആനത്താവളത്തിൽ ഇനി 4 ആനകൾ മാത്രം
കോന്നി ∙ കൊച്ചയ്യപ്പന്റെ വിയോഗത്തോടെ ആനത്താവളത്തിൽ ഇനി 4 ആനകൾ മാത്രമാണുള്ളത്. 1992ൽ കോന്നി വനം ഡിവിഷനിലെ മണ്ണാറപ്പാറ റേഞ്ചിൽ പാലക്കുഴിയിൽനിന്നു ലഭിച്ച പ്രിയദർശിനി (42), 1991ൽ മണ്ണാറപ്പാറ റേഞ്ചിലെ തുറയിൽ നിന്നു ലഭിച്ച മീന (34), 2003ൽ മലയാറ്റൂർ ഡിവിഷനിലെ കോടനാട് റേഞ്ചിൽ ഏറുമുഖത്ത് നിന്നു കിട്ടിയ ഈവ (23) എന്നീ പിടിയാനകളും 2014ൽ തിരുവനന്തപുരം ഡിവിഷനിലെ പരുത്തിപ്പള്ളി റേഞ്ചിലെ കുട്ടപ്പാറയിൽ നിന്നു കിട്ടിയ കൃഷ്ണ (13) എന്ന കൊമ്പാനനയുമാണ് ഇനി ആനത്താവളത്തിലുള്ളത്.