
ഏഴംകുളം – കൈപ്പട്ടൂർ റോഡിൽ അപകടപ്പാച്ചിൽ; മതിയായ സിഗ്നൽ സംവിധാനമില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊടുമൺ ∙ ആധുനിക രീതിയിൽ നിർമാണം പൂർത്തിയാകുന്ന ഏഴംകുളം–കൈപ്പട്ടൂർ റോഡിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ച് വാഹനങ്ങളെ നിയന്ത്രിക്കണമെന്നാവശ്യം ശക്തം. റോഡിന്റെ നിർമാണം പൂർത്തിയായതോടെ വാഹനങ്ങളുടെ അമിതവേഗം പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു. രണ്ടു മാസത്തിനിടെ ഒട്ടേറെ അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം വാഴവിള പാലത്തിന് സമീപം ബവ്റിജസ് ചില്ലറ വിൽപന ശാലയ്ക്കു മുന്നിലായി ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടമുണ്ടായി. ഒരു മാസത്തിന് മുൻപ് ഇടത്തിട്ട കുരിശുംമൂടിന് സമീപം വാഹനമിടിച്ച് പുതുതായി സ്ഥാപിച്ച വൈദ്യുതി തൂൺ തകർന്നിരുന്നു. റോഡിന്റെ നിർമാണം പൂർത്തിയായ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ നിരന്തരമായി അപകടം ഉണ്ടാകുന്ന റോഡായി മാറി ഏഴംകുളം–കൈപ്പട്ടൂർ റോഡ്.
റോഡരികിലെ അനധികൃത പാർക്കിങ്ങും റോഡിലേക്ക് കയറ്റി വച്ചുള്ള കച്ചവടവും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു. ബവ്റിജസ് ചില്ലറ വിൽപന ശാലയ്ക്കു സമീപം ശ്രദ്ധയില്ലാതെ ആളുകൾ റോഡ് മുറിച്ചു കടക്കുന്നത് അപകടം ഉണ്ടാകാൻ കാരണമാകുന്നു. സാധനങ്ങൾ വാങ്ങാനായി ബസുകളിൽ എത്തുന്നവർ ബസ് നിർത്തുന്നതിന് മുൻപ് തന്നെ ചാടിയിറങ്ങി റോഡ് മുറിച്ചു കടന്ന് ഷോപ്പിലേക്ക് ഓടുകയാണ്. റോഡിലൂടെ വാഹനങ്ങൾക്ക് വരുന്നത് ഇവർ ശ്രദ്ധിക്കാറില്ല. അതുപോലെ തന്നെ ബൈക്കിൽ വരുന്നവർ റോഡിലേക്ക് കയറ്റി ബൈക്ക് പാർക്ക് ചെയ്ത് പോകുന്നതും യാത്രാ തടസ്സത്തിനു കാരണമാകുന്നു. കൊടുമൺ ജംക്ഷൻ, ചന്ദനപ്പള്ളി ജംക്ഷൻ എന്നിവിടങ്ങളിലാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കേണ്ടത്.
ഈ രണ്ടു ജംക്ഷനുകളിൽ മറ്റു റോഡുകൾ വന്നു ചേരുന്നുണ്ട്. കൊടുമൺ ജംക്ഷനിൽ അങ്ങാടിക്കൽ റോഡും ചന്ദനപ്പള്ളി ജംക്ഷനിൽ താഴൂർക്കടവ്, വള്ളിക്കോട് റോഡും വന്നു ചേരുന്നു. സമീപ റോഡുകളിൽ നിന്ന് വാഹനങ്ങൾ പലപ്പോഴും പ്രധാന റോഡിലേക്ക് അമിതവേഗത്തിൽ വന്നു കയറുകയാണ്. അതുപോലെ തന്നെ ജംക്ഷനിൽ സ്വകാര്യബസുകൾ റോഡിലേക്ക് കയറ്റി ആളെ കയറ്റുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. സന്ധ്യ സമയങ്ങളിലാണ് കൂടുതലായി അപകടങ്ങൾ ഉണ്ടാകുന്നത്. 3 പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. പഞ്ചായത്തുകളിൽ ഗതാഗത ഉപദേശക സമിതികൾ വിളിച്ചു ചേർത്ത് അവിടെയുള്ള സ്ഥലങ്ങളിലെ അപകടമേഖലയിലെ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.