പട്ടാമ്പി ∙ പട്ടാമ്പി മുതുതലയിൽ എത്തിയ പറവൂർ സ്വദേശി പ്രവാസിയുടെ വീടിനു തീയിട്ട ശേഷം ദേഹത്തു സ്വയം മുറിവേൽപിച്ചു പരിഭ്രാന്തിക്കിടയാക്കി.
ഇന്നലെ ഉച്ചയോടെയാണു സംഭവം. എറണാകുളം പറവൂർ മാഞ്ഞാലി മാട്ടുപുറം നൈശേരി വീട്ടിൽ പ്രേംദാസ് ആണ് വിദേശത്തു ജോലിചെയ്യുന്ന മുതുതല പുത്തൻ കവല മച്ചിങ്ങൽ തൊടി കിഴക്കേതിൽ ഇബ്രാഹിമിന്റെ വീടിനു തീയിട്ടത്.
ഇബ്രാഹിം തനിക്ക് ഒരു ലക്ഷം രൂപ തരാനുണ്ടെന്നും പല തവണ ചോദിച്ചിട്ടും തന്നില്ലെന്നും പറഞ്ഞ പ്രേംദാസ് കാർ ഷെഡിൽ നിർത്തിയിട്ടിരുന്ന കാറും സ്കൂട്ടറും പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നത്രേ.
പിന്നീട് വീടിനകത്തേക്കും പെട്രോൾ ഒഴിച്ചു തീയിട്ടതായി വീട്ടുകാർ പറയുന്നു. ഇബ്രാഹിമിന്റെ കുടുംബാംഗങ്ങൾ പിന്നിലെ വാതിലിലൂടെ ഇറങ്ങിയോടി വിവരം പറഞ്ഞതോടെ നാട്ടുകാർ ഒാടിക്കൂടി അഗ്നിരക്ഷാസേനയിലും പൊലീസിലും വിവരമറിയിച്ചു. അവരെല്ലാം എത്തിയതോടെ കയ്യിൽ കത്തിയുമായി നിന്നിരുന്ന പ്രേംദാസ് സ്വന്തം കഴുത്തിലും കൈകളിലും കുത്തി മുറിവേൽപിച്ചു.
ഗ്യാസ് സിലിണ്ടർ തുറന്ന് വച്ച്, പരിസരത്തെല്ലാം പെട്രോൾ ഒഴിച്ച് കയ്യിൽ കത്തിയുമായി നിന്ന പ്രേംദാസിനെ പൊലീസും അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേർന്നു കീഴ്പെടുത്തി ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
രക്തം വാർന്നു ഗുരുതരാവസ്ഥയിലായ പ്രേംദാസിനെ പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കാറും ബൈക്കുമെല്ലാം പൂർണമായും കത്തി നശിച്ചു.
വീടിനകത്തു പടർന്ന തീ അഗ്നിരക്ഷാസേന അണച്ചു. വീടിനു തീയിടുന്നതിനു മുൻപ് പ്രേംദാസ് പരിസരപ്രദേശങ്ങളിൽ ഇബ്രാഹിമിന്റെ ഫോട്ടോ സഹിതമുള്ള നോട്ടിസ് വിതരണം ചെയ്തിരുന്നു. ഇബ്രാഹിം പട്ടാമ്പി എന്ന വ്യക്തി തനിക്കു തരാനുള്ള ഒരു ലക്ഷം രൂപ തരാതെ മുങ്ങിനടക്കുകയാണെന്നും സൗദിയിൽ വച്ചു തന്റെ കാർ രണ്ടു ലക്ഷം രൂപയ്ക്കു വാങ്ങിയ ഇബ്രാഹിം ഒരു ലക്ഷം നൽകുകയും ബാക്കി തുക ഘട്ടംഘട്ടമായി നൽകാമെന്നു പറയുകയും ചെയ്തെന്നും എന്നാൽ,
രണ്ടര വർഷമായിട്ടും നൽകിയില്ലെന്നും ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ പിടി തരുന്നില്ലെന്നും നോട്ടിസിൽ പറയുന്നുണ്ട്.പട്ടാമ്പിയിൽ അന്വേഷിക്കുമ്പോൾ വ്യക്തമായ വിവരം കിട്ടുന്നില്ലെന്നും പണമിടപാട് ഉടൻ തീർക്കണമെന്നും നോട്ടിസിൽ ആവശ്യപ്പെടുന്നുണ്ട്.
പ്രേംദാസ് പറയുന്നത് യാഥാർഥ്യമാണോ എന്ന് കൂടുതൽ അന്വേഷണത്തിനു ശേഷമേ പറയാനാകൂവെന്നു പൊലീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

