പാലക്കാട് ∙ എൻഡിഎയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഊർജവും ആവേശവുമേകി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു (മാർച്ച് 29) പാലക്കാട്ടെത്തും. ഉച്ചയ്ക്കു 2ന് ശേഷം കോട്ടമൈതാനത്ത് എൻഡിഎ തിരഞ്ഞെടുപ്പു സമ്മേളനം ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ എൻഡിഎ സ്ഥാനാർഥികളും മുന്നണി നേതാക്കളും പങ്കെടുക്കുമെന്ന് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, പാലക്കാട് നഗരസഭാധ്യക്ഷൻ പി.സ്മിതേഷ് എന്നിവർ അറിയിച്ചു.
അരലക്ഷം പേർ പങ്കെടുക്കും. പകൽ 12 മുതൽ സമ്മേളന നഗരിയിലേക്കു പ്രവർത്തകരെ പ്രവേശിപ്പിച്ചു തുടങ്ങും.
അഞ്ചുവിളക്കിനു സമീപത്തുനിന്നു കോട്ടയ്ക്ക് എതിർവശത്തുള്ള ഗേറ്റ് വഴിയും സുരക്ഷാ പരിശോധനകൾക്കു ശേഷമാണു സമ്മേളന നഗരിയിലേക്കു പ്രവേശിപ്പിക്കുക. ഉച്ചയ്ക്ക് 1.30നു സമ്മേളനം തുടങ്ങും.
സമ്മേളനത്തിന് എത്തുന്നവർ 12നു തന്നെ കോട്ടമൈതാനത്ത് എത്തണമെന്നു ഭാരവാഹികൾ അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു നഗരത്തിൽ സുരക്ഷാ നടപടികൾ കർശനമാക്കി.
കൂടുതൽ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി അഭിവാദ്യം ചെയ്യും
ഉച്ചയ്ക്കു 2.20ന് ഹെലികോപ്റ്ററിൽ മേഴ്സി കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി അവിടെനിന്നു വാഹന മാർഗം ചക്കാന്തറ–കെഎസ്ആർടിസി–ഇംഗ്ലിഷ് ചർച്ച് റോഡ് വഴി കോട്ടമൈതാനത്ത് എത്തും. മിഷൻ സ്കൂൾ ജംക്ഷൻ മുതൽ എസ്ബിഐ ജംക്ഷൻ വരെ റോഡിന് ഇരുവശത്തുമുള്ള പ്രവർത്തകരെ വാഹനത്തിൽ ഇരുന്നുതന്നെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്യും.
ഇത്തരത്തിൽ പ്രധാനമന്ത്രിയെ കാണാൻ നിൽക്കുന്നവർക്ക് പിന്നീട് സമ്മേളന നഗരിയിലേക്ക് പ്രവേശനം ഉണ്ടാകില്ല. അപ്പോഴേക്കും ആ വഴി അടയ്ക്കും.
സമ്മേളനത്തിനു ശേഷം വാഹന മാർഗം മേഴ്സി കോളജ് ഗ്രൗണ്ടിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററിൽ തൃശൂരിലേക്കു പോകും.
ഗതാഗതനിയന്ത്രണം
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു പാലക്കാട് നഗരത്തിൽ ഇന്നു ഗതാഗതനിയന്ത്രണം ഉണ്ടാകും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രാവിലെ മുതൽ പരിപാടി കഴിയുന്നതുവരെ വിവിധ റോഡുകളിൽ വാഹനങ്ങൾ വഴിതിരിച്ചുവിടും.
∙ വടക്കഞ്ചേരി, ആലത്തൂർ, കുഴൽമന്ദം ഭാഗത്തു നിന്നുള്ള സ്വകാര്യ ബസുകൾ ദേശീയപാത ചന്ദ്രനഗർ വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തി മടങ്ങണം.
കെഎസ്ആർടിസി ബസുകൾ കണ്ണനൂരിൽ നിന്നു തിരിഞ്ഞ് തിരുനെല്ലായി തങ്കം ജംക്ഷൻ, യാക്കര, തോട്ടിങ്കൽ വഴി കെഎസ്ആർടിസി സ്റ്റാൻഡിന്റെ പിറകുവശം വഴി എത്തി തിരിച്ചു പോകണം. ∙ കോയമ്പത്തൂർ, പൊള്ളാച്ചി ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി, തമിഴ്നാട് ബസുകൾ കാഴ്ചപ്പറമ്പ്, പുഴയ്ക്കൽ, യാക്കര ഡിപിഒ വഴി കെഎസ്ആർടിസി സ്റ്റാൻഡിലെത്തി തിരിച്ചു പോകണം.
∙ കൊടുമ്പ്, ചിറ്റൂർ, കൊല്ലങ്കോട്, നെന്മാറ, പുതുനഗരം, പെരുവെമ്പ്, കൊടുവായൂർ ഭാഗത്തു നിന്നുള്ള ബസുകളും ഇതര വാഹനങ്ങളും കാടാങ്കോട്ടു നിന്നു തിരിഞ്ഞു ദേശീയപാത ചന്ദ്രനഗർ–കൽമണ്ഡപം വഴി സ്റ്റേഡിയം സ്റ്റാൻഡിലാണ് എത്തേണ്ടത്. ∙ തേങ്കുറുശ്ശി, നെന്മാറ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കാഴ്ചപ്പറമ്പ് ജംക്ഷനിൽ നിന്നു വലത്തോട്ടു തിരിഞ്ഞ് ദേശീയപാത ചന്ദ്രനഗർ വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തണം.
∙ പൂടൂർ, കോട്ടായി, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി ഭാഗത്തു നിന്നുള്ള ബസുകളും വാഹനങ്ങളും മേപ്പറമ്പ്, പേഴുങ്കര, ചുണ്ണാമ്പുതറ, വിക്ടോറിയ കോളജ്, താരേക്കാട് വഴി മുൻസിപ്പൽ, സ്റ്റേഡിയം സ്റ്റാൻഡുകളിലെത്തണം. ∙ കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി ബസുകൾ ഒലവക്കോട് ശേഖരീപുരം ബൈപാസ്, കൽമണ്ഡപം, ചന്ദ്രനഗർ വഴി ദേശീയപാതയിലെത്തി കാഴ്ചപ്പറമ്പ്, പുഴയ്ക്കൽ, യാക്കര, ഡിപിഒ റോഡ് വഴി കെഎസ്ആർടിസി സ്റ്റാൻഡിലെത്തി മടങ്ങണം.
സ്വകാര്യ ബസുകൾ ഒലവക്കോട്, ശേഖരീപുരം, വിക്ടോറിയ കോളജ്, താരേക്കാട് വഴി മുൻസിപ്പൽ, സ്റ്റാൻഡിയം സ്റ്റാൻഡുകളിൽ എത്തി തിരിച്ചു പോകണം. ∙ യാത്രക്കാർ നിർദേശിച്ച വഴികളിലൂടെ മാത്രമേ യാത്ര ചെയ്യാവൂ.
ആവശ്യമായ സാഹചര്യങ്ങളിൽ മാത്രമേ നഗരത്തിലേക്കു പ്രവേശിക്കാവൂ എന്നും പൊലീസ് അറിയിച്ചു.
വാഹന പാർക്കിങ്
പ്രവർത്തകർ എത്തുന്ന വാഹനങ്ങൾ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ്, മുനിസിപ്പൽ സ്റ്റേഡിയം പരിസരം, മഞ്ഞക്കുളം പാർക്കിങ് ഗ്രൗണ്ട്, ബിഒസി റോഡ്, പട്ടിക്കര എന്നിവിടങ്ങളിൽ നിർത്തിയിടണം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

