എലപ്പുള്ളി ∙ ഒയാസിസ് കമ്പനിയുടെ ബ്രൂവറി പദ്ധതി പ്രദേശം വൃത്തിയാക്കാനുള്ള നീക്കം ജനകീയ സമര സമിതിയും കോൺഗ്രസ്, ബിജെപിയും പ്രവർത്തകരും നാട്ടുകാരും ചേർന്നു തടഞ്ഞു. പ്രതിഷേധത്തിനൊടുവിൽ കമ്പനി പ്രതിനിധികൾ പിന്മാറി.രാവിലെ ഏഴിന് ആരംഭിച്ച സമരം 6 മണിക്കൂർ നീണ്ടു.
സ്ഥലം വൃത്തിയാക്കാൻ വരുന്നുണ്ടെന്നു പൊലീസിനു കമ്പനി പ്രതിനിധികൾ വിവരം നൽകിയിരുന്നു. രാത്രി തന്നെ സമരക്കാർ സ്ഥലത്തു നിലയുറപ്പിച്ചിരുന്നു.
ഇന്നലെ രാവിലെ ആറരയോടെ മണ്ണുമാന്തി യന്ത്രം എത്തിയതോടെ തടഞ്ഞു.
ഏഴരയോടെ കസബ എസ്ഐ എച്ച്.ഹർഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. സംരക്ഷണം ആവശ്യപ്പെട്ടുള്ള കോടതി ഉത്തരവില്ലാത്തതിനാൽ പൊലീസിന് ഇടപെടാനായില്ല.
സമരത്തിനിടെ നാട്ടുകാരും ജനപ്രതിനിധികളും കമ്പനി പ്രതിനിധികളുമായി തർക്കിച്ചു. കസബ ഇൻസ്പെക്ടർ എം.സുജിത്ത് സ്ഥലത്തെത്തി നടത്തിയ ചർച്ചയിൽ സമരക്കാർ പിരിഞ്ഞു പോയി.
സ്ഥലത്തു കുടിൽ കെട്ടി സമരവും ഇന്നലെ ആരംഭിച്ചിട്ടുണ്ട്. അതേസമയം, കാടുവെട്ടിത്തെളിച്ചു പ്രദേശം വൃത്തിയാക്കുക മാത്രമാണു ചെയ്യുന്നതെന്നും നിർമാണ പ്രവർത്തനം നടത്തുന്നില്ലെന്നും കമ്പനി പ്രതിനിധി എസ്.ഗോപീകൃഷ്ണൻ പറഞ്ഞു.
4 ദിവസം മുൻപു വില്ലേജ് ഓഫിസർക്കു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലുള്ള ജോലികൾ ചെയ്യാനാണു വന്നത്. ഇക്കാര്യം ജില്ലാ പൊലീസ് മേധാവിയെയും കസബ പൊലീസിനെയും അറിയിച്ചിട്ടുണ്ട്. കത്തിന്റെ പകർപ്പു പഞ്ചായത്ത് സെക്രട്ടറിക്കും നൽകിയിട്ടുണ്ട്.
കാട്ടുപന്നിയുടെയും മലമ്പാമ്പിന്റെയും ശല്യവും സ്ഥലത്തു രൂക്ഷമാണ്. ഇതിനാലാണു സ്ഥലം വൃത്തിയാക്കാനെത്തിയത്.
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു കോടതിയെ ഉടൻ സമീപിക്കും. കോടതി ഉത്തരവുമായി വീണ്ടുമെത്തുമെന്നും കമ്പനി പ്രതിനിധി അറിയിച്ചു.പ്രദേശത്തു ജലക്ഷാമം രൂക്ഷമാണെന്നു ചൂണ്ടിക്കാട്ടിയാണു ബ്രൂവറി പദ്ധതിയെ ജനങ്ങളും, കോൺഗ്രസും ബിജെപിയും അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും എതിർക്കുന്നത്.കമ്പനി നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിക്കാൻ നടപടി ആരംഭിച്ചെന്നു സമരസമിതി അറിയിച്ചു.
ഇന്നലെ സമരത്തിൽ പഞ്ചായത്ത് അധ്യക്ഷ കെ.രേവതി ബാബു, ഉപാധ്യക്ഷൻ എസ്.സുനിൽകുമാർ, സ്ഥിരം സമിതി അധ്യക്ഷരായ കെ.വി.പുണ്യകുമാരി, കെ.ശരവണകുമാർ, മെംബർമാരായ ഡി.രമേശൻ, കെ.സുമതി, എം.യു.സതീഷ്കുമാർ, വി.സന്തോഷ്, ആർ.ഗിരീഷ്ബാബു, എസ്.സുബ്രഹ്മണ്യൻ, സമരസമിതി നേതാക്കളായ ശിവൻ മണ്ണുക്കാട്, എസ്.വിജയകുമാർ, എ.ജാഫറലി, ഒ.കെ.മണികണ്ഠൻ, എം.ഹരിദാസ്, വിളയോടി വേണുഗോപാൽ, എ.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
അടുത്ത മാസം ആറിനു ജനകീയ പ്രക്ഷോഭവും സ്ഥലത്തു കോൺഗ്രസ് സംഘടിപ്പിക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]