ചിറ്റൂർ ∙ പാചകവാതക പ്രതിസന്ധി കാരണം ഹോട്ടൽ നടത്തിപ്പ് പ്രതിസന്ധിയിലായപ്പോൾ ഇനി എന്തുചെയ്യുമെന്ന ആലോചന ചെന്നെത്തിയത് റോക്കറ്റ് അടുപ്പെന്ന ആശയത്തിൽ. ഉപയോഗശൂന്യമായ ഗ്യാസ് സിലിണ്ടർ അടുപ്പാക്കി ഉപയോഗിച്ചു തുടങ്ങിയതോടെ ഭക്ഷണം പാകംചെയ്യാനുള്ള ചെലവ് നാലിലൊന്നായി കുറഞ്ഞു.
ചിറ്റൂർ ആശുപത്രി ജംക്ഷനിൽ അന്നപൂർണ ഹോട്ടൽ നടത്തുന്ന കൊഴിഞ്ഞാമ്പാറ സ്വദേശി കെ.ശ്രീജിത്താണ് വേറിട്ട ശ്രമം നടത്തി വിജയിച്ചത്.
ഹോട്ടലിൽ ഭക്ഷണം പാകംചെയ്യാൻ ദിവസം ഒരു സിലിണ്ടർ പാചകവാതകം ആവശ്യമായിരുന്നു.
കോയമ്പത്തൂരിലെ ആക്രിക്കടയിൽ നിന്നു കൊണ്ടുവന്ന ഉപയോഗശൂന്യമായ ഗ്യാസ് സിലിണ്ടറിന്റെ ചില ഭാഗങ്ങൾ മുറിച്ചുമാറ്റിയാണ് റോക്കറ്റ് അടുപ്പ് നിർമിച്ചിട്ടുള്ളത്.
ഉപയോഗശൂന്യമായ ഈർച്ചപ്പൊടികൊണ്ടു തയാറാക്കിയ പ്രത്യേക കട്ടകളാണ് ഈ അടുപ്പിൽ ഇന്ധനമായി ഉപയോഗിക്കുന്നത്. ഓക്സിജൻ ലഭിക്കാനായി സിലിണ്ടറിന്റെ അടിയിൽ ഒരു ഫാൻ ഘടിപ്പിച്ചിട്ടുണ്ട്.
ഫാനിന്റെ വേഗം നിയന്ത്രിക്കാൻ അഡാപ്റ്ററും മോട്ടർ കൺട്രോളറും ഉപയോഗിച്ചിട്ടുള്ളതിനാൽ കുറഞ്ഞ വോൾട്ടിലാണ് അടുപ്പ് പ്രവർത്തിപ്പിക്കുന്നത്.
വൈദ്യുതിയിലും ബാറ്ററിയിലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഈ അടുപ്പിലെ തീ ഗ്യാസ് അടുപ്പിനു സമാനമായ രീതിയിൽ നിയന്ത്രിക്കാമെന്നതും പ്രത്യേകതയാണ്. പുക ഉണ്ടാകുന്നില്ലെന്നു മാത്രമല്ല, പുറന്തള്ളുന്ന മാലിന്യവും (ചാരം) വളരെ കുറവാണെന്നു ശ്രീജിത്ത് പറയുന്നു.
പാചകവാതക പ്രതിസന്ധി വന്നതോടെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 1900 രൂപയിൽ നിന്ന് 3700 രൂപ വരെയായി ഉയർന്നു.
എന്നാൽ റോക്കറ്റ് അടുപ്പിൽ ഉപയോഗിക്കുന്ന മരപ്പൊടി കിലോഗ്രാമിനു 12 രൂപയാണു വില. പ്രതിദിനം 10 മുതൽ 20 കിലോഗ്രാം വരെയാണു മരപ്പൊടി വേണ്ടത്.
എങ്ങനെ കണക്കുകൂട്ടിയാലും ഹോട്ടലിൽ ഭക്ഷണം പാകംചെയ്യാൻ പ്രതിദിനം 500 രൂപയിൽ താഴെ മാത്രമേ ചെലവുവരുന്നുള്ളൂ. മരപ്പൊടിക്കു പകരം വിറക് ചെറിയ കഷ്ണങ്ങളാക്കിയും ഉപയോഗിക്കാം.
ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദം നേടി ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന ശ്രീജിത്തിനു പ്രത്യേക സാഹചര്യത്തിലാണ് ഹോട്ടൽ നടത്തിപ്പ് ഏറ്റെടുക്കേണ്ടി വന്നത്.
ഇത്തരം പരീക്ഷണങ്ങളോട് ചെറുപ്പം മുതലേയുള്ള ശ്രീജിത്തിന്റെ താൽപര്യമാണു പ്രതിസന്ധിഘട്ടത്തിൽ തുണയായത്. കുറഞ്ഞ വോൾട്ടിൽ അടുപ്പ് എങ്ങനെ ഉപയോഗിക്കാമെന്നത് യു–ട്യൂബ് വിഡിയോ കണ്ടാണു മനസ്സിലാക്കിയതെന്നു ശ്രീജിത്ത് പറയുന്നു.
ഗ്യാസിന്റെ ഉപയോഗവുമായി താരതമ്യം ചെയ്യുമ്പോൾ നാലിലൊരു ഭാഗം ചെലവു മാത്രമാണ് ഇത്തരമൊരു അടുപ്പിനു വരുന്നതെന്നും പാചകവാതക പ്രതിസന്ധി മാറിയാലും ഈ രീതി തന്നെ തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും ശ്രീജിത്ത് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

