കോയമ്പത്തൂർ ∙ ചാടിവയലിലെ ആദ്യത്തെ അന്തേവാസികളായി മുത്തുവും കാവേരിയുമെത്തി. ഇനിയുള്ള കാലം കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷനിലെ ആദ്യത്തെ ആന സംരക്ഷണകേന്ദ്രമായ ബോലുവാംപട്ടി റേഞ്ചിലെ ചാടിവയലിലായിരിക്കും ഇവരുടെ താമസം.
24 വയസ്സുള്ള കുങ്കിയാന മുത്തുവും 17കാരി കാവേരിയും പുതിയ സ്ഥലവുമായി മണിക്കൂറുകൾക്കുള്ളിൽ ഇണങ്ങിയതായി റേഞ്ചർ കെ.ജയചന്ദ്രൻ പറഞ്ഞു.
പൊള്ളാച്ചി അർധനാരി പാളയത്തെ വിറപ്പിച്ച അരിസി രാജയെന്ന ‘കൊലക്കൊമ്പ’നാണ് പിന്നീട് കാട്ടാനകളുടെ പേടിസ്വപ്നമായ മുത്തുവായി മാറിയത്. 2019-ൽ പിടികൂടുമ്പോൾ എട്ടു വയസ്സുകാരി ഉൾപ്പെടെ 4 പേരെ കൊലപ്പെടുത്തിയതിനു ജനരോഷം കാരണം വനംവകുപ്പ് പിടികൂടുകയായിരുന്നു.
2013ൽ തിരുവണ്ണാമല കാട്ടിൽ നിന്നു കണ്ടെത്തിയ കുട്ടിയാനയാണ് പിന്നീട് കാവേരി ആയത്.
ആനമല കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ കോഴിക്കാമുത്തി ആന സംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് ഇരുവരും ഇവിടേക്ക് എത്തിയത്. 8 കോടി രൂപ ചെലവിൽ നിർമിച്ച ചാടിവയലിലെ സംരക്ഷണ കേന്ദ്രം കഴിഞ്ഞ ഡിസംബർ 30ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ആണ് ഉദ്ഘാടനം ചെയ്തത്.
നിലവിൽ 18 ആനകൾക്ക് താമസിക്കാനുള്ള സൗകര്യമാണ് ക്യാംപിലുള്ളത്. പാപ്പാന്മാർക്കുള്ള താമസസ്ഥലവും ആനകൾക്ക് ഉൾപ്പെടെ ആരോഗ്യ കേന്ദ്രവും മറ്റും ക്യാംപിലുണ്ട്.
ബുധനാഴ്ച രാത്രിയാണ് കോഴിക്കാമുത്തിയിൽ നിന്ന് ഇരു ആനകളെയും പൂജ നടത്തി വാഹനത്തിൽ കയറ്റി രാത്രിയോടെ എത്തിച്ചത്.
പുതിയ അന്തരീക്ഷമാണെങ്കിലും ഇരുവരും രാവിലെത്തന്നെ നടത്തവും കുളത്തിലെ കുളിയും ആസ്വദിച്ചു. പ്രദേശത്തെ വിള നശിപ്പിക്കുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ മുത്തുവിനെ ഉപയോഗിക്കും.
കൂട്ടായി കാവേരിയും ഉണ്ടായിരിക്കും. ആനകൾ എത്തിയതോടെ പ്രദേശവാസികളും ആഹ്ലാദത്തിലാണ്.
കൂടുതൽ ആനകളെ കൂടി എത്തിക്കുന്നതോടെ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് റേഞ്ചർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

