കോയമ്പത്തൂർ∙ നഗരത്തിലെ തിരക്കിൽനിന്നു മാറി മേട്ടുപ്പാളയം, നീലഗിരി ജില്ലകളിലേക്ക് എളുപ്പം പോകാൻ കഴിയുന്ന വെസ്റ്റേൺ റിങ് റോഡ് (വെസ്റ്റേൺ ബൈപാസ്) പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. ഫെബ്രുവരിയിൽ തുറന്നു നൽകുമെന്നാണ് അധികൃതർ നൽകുന്ന വാഗ്ദാനം.
പാലക്കാട് റോഡിലുള്ള മൈൽക്കൽ മുതൽ മാതംപട്ടിവരെ 11.8 കിലോമീറ്റർ വരെയുള്ള നാലുവരി പാതയാണ് ഗതാഗതത്തിനായി തുറന്നു നൽകുക. 2023ൽ ആണ് പാലക്കാട് റോഡിലുള്ള മൈൽക്കൽപാതയെയും മേട്ടുപ്പാളയം റോഡിലുള്ള നരസിംഹനായക്കം പാളയം പാതയെയും ബന്ധിപ്പിച്ച് വെസ്റ്റേൺ റിങ് റോഡ് പണികൾ തുടങ്ങിയത്. 250 കോടി രൂപ ചെലവിൽ നിർമിക്കുന്ന റോഡിന്റെ ആദ്യഘട്ടം 96% പൂർത്തിയായി. സ്ഥലം ഏറ്റെടുക്കാൻ മാത്രമായി 320 കോടി രൂപയാണ് ആദ്യഘട്ടത്തിൽ സർക്കാരിന് ചെലവായത്.
മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി പൂർത്തിയാക്കാൻ തീരുമാനിച്ചിട്ടുള്ളത്.
ഇതിൽപ്രകാരം മൊത്തമുള്ള 32.42 കിലോമീറ്റർ ദൂരമുള്ള വെസ്റ്റേൺ ബൈപാസിന്റെ ആദ്യഘട്ടമാണ് ജനുവരി മാസത്തിനകം പൂർത്തിയാക്കി ഫെബ്രുവരിയിൽ തുറന്നുനൽകുക. നിർമിച്ച പാതയുടെ 10 കിലോമീറ്റർ ദൂരത്തേക്കു ടാറിങ് പൂർത്തിയായി. ബാക്കിയുള്ള മൈൽക്കൽ ഭാഗത്തുള്ള റോഡിൽ 800 മീറ്റർ നീളത്തിലുള്ള പാലത്തിന്റെ പണികൾ 60% മാത്രമാണ് പൂർത്തിയായത്.
സർവീസ് റോഡുകൾ ഇതോടൊപ്പം പൂർത്തിയാവും. ആദ്യം നവംബർ അവസാനവാരം തുറന്നു നൽകുമെന്നും പിന്നീട് ഡിസംബറിലേക്കു മാറ്റിയെന്ന് പറഞ്ഞിരുന്നുവെങ്കിലും പാലംപണി ഇപ്പോഴും മെല്ലെപ്പോക്കിലാണ്.
വെസ്റ്റേൺ റിങ് റോഡിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ നടപ്പിലാക്കുന്നത് സംസ്ഥാന ഹൈവേസ് അതോറിറ്റിയിലേക്കു മാറ്റിയതായി അധികൃതർ പറഞ്ഞു.
പദ്ധതിയുടെ രൂപരേഖയും ചെലവിനങ്ങളും സംബന്ധിച്ചുള്ള വിവരങ്ങൾ അതോറിറ്റിക്കു കൈമാറിയതായും അവർ പരിശോധിച്ചു വരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.എന്നാൽ രണ്ടും മൂന്നും ഘട്ടത്തിലേക്കുള്ള സ്ഥലം ഏറ്റെടുപ്പ് സംസ്ഥാന ഹൈവേ വകുപ്പാണ് നടപ്പിലാക്കുക. രണ്ടാംഘട്ടത്തിനായുള്ള സ്ഥലം ഏറ്റെടുപ്പ് 99% പൂർത്തിയായി.
12.10 കിലോമീറ്റർ ദൂരത്തേക്കു നിർമിക്കുന്ന റോഡിന് 54.55 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരുന്നത്. ഇനി മൂന്നാം ഘട്ടത്തിലേക്കുള്ള 8.52 കിലോമീറ്റർ ദൂരമുള്ള റോഡിന് 36.41 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.
ഇതിനായി റോഡ് കടന്നു പോകേണ്ട
5 ഗ്രാമങ്ങളിൽനിന്ന് 34.3 ഹെക്ടർ സ്ഥലത്തിന്റെ മൂല്യം നിർണയിക്കുന്ന ജോലിയാണ് ഇപ്പോൾ നടന്നുവരുന്നത്. വിലനിർണയം പൂർത്തിയായാൽ സ്ഥലം ഏറ്റെടുത്ത് അതോറിറ്റിക്ക് കൈമാറും. കർഷകരുടെ എതിർപ്പും നിർമാണ സാമഗ്രികളുടെ വില ഉയർന്നതും തൊഴിലാളികളുടെ കുറവുമാണ് പണികൾ വൈകാൻ കാരണം.
സ്ഥലം ഏറ്റെടുപ്പ്, റോഡ് കടന്നുപോകുന്ന പാതയ്ക്ക് അടിയിലെ ശുദ്ധജല പൈപ്പുകൾ, കേബിളുകൾ കാലാവസ്ഥയും പണികൾ വൈകാൻ ഇടയാക്കിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
നിർമിച്ച റോഡിന്റെ 2 കിലോമീറ്റർ ഭാഗങ്ങളിലും ജോലികൾ തീർക്കേണ്ടതുണ്ട്. 2011ൽ പ്രഖ്യാപിച്ച പദ്ധതി തുടങ്ങിയത് 2023 ഓഗസ്റ്റിൽ ആണ്.
2028ൽ പൂർത്തിയാക്കുമെന്നാണ് ഹൈവേ വകുപ്പ് പറയുന്നത്.മൈൽക്കൽ, ചുണ്ടക്കമുത്തൂർ, പേരൂർ, ചെട്ടിപ്പാളയം, തീത്തിപ്പാളയം, മാതംപട്ടി, പേരൂർ, വെസ്റ്റ് ചിത്തിര ചാവടി, കലിക്ക നായക്കൻപാളയം, സോമയൻപാളയം, വടവള്ളി, പന്നിമട, കുരുടം പാളയം, നഞ്ചുണ്ടാപുരം വഴി നരസിംഹനായക്കം പാളയം വരെയുള്ളതാണ് 32.43 കിലോമീറ്റർ നീളുന്ന വെസ്റ്റേൺ റിങ് റോഡ് 2028ൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

