
ഷൊർണൂർ ∙ സംസ്ഥാനത്തെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനിൽ ഒന്നായ ഷൊർണൂർ ജംക്ഷൻ റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഒക്ടോബർ 2ന് മുൻപു മുഴുവൻ നവീകരണ പ്രവൃത്തികളും പൂർത്തീകരിക്കാനാണ് നിർദേശം.
നവീകരണം പൂർത്തിയാകുന്നതോടെ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് സ്ഥല പരിമിതികളോ, വാഹന പാർക്കിങ് പ്രശ്നങ്ങളോ അനുഭവിക്കേണ്ടി വരില്ല. റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നതിനായി അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 12.94 കോടിയുടെ നവീകരണമാണ് സ്റ്റേഷനിൽ പ്രാവർത്തികമാകുന്നത്.
കൂടുതൽ വിശാലമായ സ്ഥല സൗകര്യങ്ങളോടു കൂടിയുള്ള കവാടത്തിൽ വാഹനങ്ങൾക്കു പ്രത്യേക ട്രാക്ക് സൗകര്യമുണ്ട്.
യാത്രക്കാരുടെ വാഹനം നിർത്തിയിടാൻ 5000 ചതുരശ്രയടി വിസ്തൃതിയുള്ള പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷന്റെ മുൻവശത്ത് പൂന്തോട്ടങ്ങളും, ബസ് കാത്തിരിപ്പു കേന്ദ്രവുമുണ്ട്.
രാത്രി വെളിച്ചത്തിനായി റെയിൽവേ കവാടത്തിനു മുന്നിൽ ഉയരവിളക്കും സ്ഥാപിച്ചിട്ടുണ്ട്. അഴുക്കുചാൽ, സംരക്ഷണ ഭിത്തി, ലിങ്ക് റോഡ് നിർമാണം എന്നിവ പൂർത്തീകരിച്ചു കഴിഞ്ഞു.
മുൻ വശത്തെ കെട്ടിട നിർമാണം, ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ശീതീകരിച്ച വിശ്രമ കേന്ദ്രം എന്നിവ കഴിഞ്ഞ മാസങ്ങളിൽ തന്നെ പൂർത്തീകരിച്ചു.
പ്ലാറ്റ്ഫോം വീതി കൂട്ടി നവീകരിക്കൽ, ഏഴ് പ്ലാറ്റ്ഫോമുകൾക്ക് 4 ലിഫ്റ്റുകൾ എന്നിവയുടെ നിർമാണവും പൂർത്തിയായി. ഷൊർണൂരിനു പുറമേ പൊള്ളാച്ചി ജംക്ഷൻ റെയിൽവേ സ്റ്റേഷനും, കാസർകോട്, ഫറോക്ക് സ്റ്റേഷനുകളും ഒന്നിച്ചാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.
2 മാസത്തിനുള്ളിൽ നവീകരിക്കും
ഷൊർണൂർ റെയിൽവേ സ്റ്റേഷന്റെ നവീകരണ ഉദ്ഘാടന ദിവസം തീരുമാനമായിട്ടില്ലെങ്കിലും ഒക്ടോബർ 2ന് മുൻപ് അവശേഷിക്കുന്ന പണികൾ വേഗത്തിൽ തീർക്കാൻ ഒരുങ്ങുകയാണ് റെയിൽവേ.
ഇതിന്റെ ഭാഗമായി 2 മാസത്തിനുള്ളിൽ ദ്രുതഗതിയിൽ റെയിൽവേ സ്റ്റേഷൻ നവീകരണം പൂർത്തിയാക്കാനാണ് തീരുമാനം. നാലാം നമ്പർ പ്ലാറ്റ്ഫോമിലെ പഴയ കെട്ടിടങ്ങൾ ഉടൻ തന്നെ പൊളിച്ചു നീക്കും, റെയിൽവേ കവാടത്തിനു മുൻപിലെ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള സ്ഥലം റെയിൽവേ ഏറ്റെടുക്കും.
ഇവിടെ റെയിൽവേയുടെ വിവിധ സ്റ്റാളുകൾ ഇടാനാണ് തീരുമാനം. പഴയ ആർഎംഎസ് ഓഫിസ് കെട്ടിടം ഇപ്പോൾ ആധുനിക രീതിയിൽ നവീകരിക്കുന്നുണ്ട്.
വിവിധ ഓഫിസുകൾ ഇതോടെ ഒറ്റ കെട്ടിടത്തിലാകും. പുതിയ നടപ്പാലത്തിന്റെ നവീകരണവും തുടങ്ങിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]