മംഗളൂരു മേഖല വേർപെടുത്തുന്നതു മൂലം പാലക്കാട് ഡിവിഷനുണ്ടാകുന്ന കനത്ത നഷ്ടം പരിഹരിക്കുന്നതിനായി കേരളം അടിയന്തരമായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് ആവശ്യപ്പെടണമെന്ന് വിദഗ്ധർ. വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥരാണ് ഇതുസംബന്ധിച്ച നിർദേശങ്ങൾ മുന്നോട്ടുവെച്ചിരിക്കുന്നത്.
കാസർകോട് ജില്ലയിലെ കുമ്പളയിൽ പുതിയ ടെർമിനൽ സ്റ്റേഷൻ നിർമിക്കുന്നതിനുള്ള പദ്ധതി ശുപാർശ ഉടൻ തയാറാക്കണം. റെയിൽവേ ബോർഡിൽനിന്ന് ഇതിനുള്ള അനുമതി വാങ്ങി മൂന്നു മാസത്തിനകം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയണമെന്നും, ഇതിനായി ജനപ്രതിനിധികളായ എംപിമാർ മുന്നിട്ടിറങ്ങണമെന്നും ആവശ്യമുയരുന്നുണ്ട്.
നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കുറഞ്ഞത് രണ്ടു വർഷം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ആദ്യഘട്ടത്തിൽ കുമ്പളയിൽ ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള രണ്ട് പിറ്റ്ലൈനുകൾ, നാല് പ്ലാറ്റ്ഫോമുകൾ, രണ്ട് സ്റ്റേബിളിങ് ലൈനുകൾ എന്നിവ നിർമിക്കുന്നതിനാണ് മുൻഗണന നൽകേണ്ടത്.
സംസ്ഥാന സർക്കാർ ആവശ്യമായ ഭൂമി ലഭ്യമാക്കുകയാണെങ്കിൽ, പദ്ധതിയുടെ രണ്ടാംഘട്ട വികസനം നടപ്പിലാക്കാൻ സാധിക്കും.
കേരളത്തിനുള്ളിൽ ട്രെയിനുകൾ സർവീസ് നടത്തുവാൻ പുതിയ ടെർമിനൽ അല്ലാതെ മറ്റ് ബദൽ മാർഗങ്ങളില്ലാത്ത സാഹചര്യമാണുള്ളത്. മുൻകാലങ്ങളിൽ മറ്റ് അനുമതികൾ ഇല്ലാതെ തന്നെ ദക്ഷിണ റെയിൽവേയ്ക്ക് മംഗളൂരുവിലേക്കു സർവീസ് നടത്താൻ സാധിച്ചിരുന്നു.
എന്നാൽ ഇനിമുതൽ ഓരോ തവണയും ദക്ഷിണ പശ്ചിമ റെയിൽവേയുടെ മുൻകൂർ അനുമതി തേടേണ്ടതുണ്ട്. ഈ അനുമതി ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ലതാനും.
ഇതിനിടയിൽ, കേരളത്തിലേക്കുള്ള ട്രെയിനുകൾ മംഗളൂരു സെൻട്രലിൽനിന്ന് മംഗളൂരു ജംക്ഷനിലേക്ക് മാറ്റണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കർണാടകയിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകൾ മാത്രമാണ് മംഗളൂരു സെൻട്രലിൽനിന്ന് സർവീസ് ആരംഭിക്കേണ്ടതെന്നാണ് അവിടത്തെ പ്രധാന വാദം.
ദക്ഷിണ കർണാടകയിൽ നിന്നുള്ള എംപിമാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കപ്പെട്ടത്. ഇതൊരു രാഷ്ട്രീയ തീരുമാനമായതിനാൽ ഭരണതലത്തിൽ ശക്തമായ സ്വാധീനമില്ലാത്ത കേരളത്തിന് ഈ നീക്കത്തെ പ്രതിരോധിക്കുക എളുപ്പമല്ല.
ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതിന് അപ്പുറം, സംസ്ഥാനത്തിന്റെ പൊതു താൽപ്പര്യത്തിനായി കേരളത്തിലെ എംപിമാർ ഒറ്റക്കെട്ടായി നിൽക്കാൻ തയാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ പാറശാല മുതൽ കന്യാകുമാരി വരെയുള്ള ഭാഗങ്ങളും നഷ്ടപ്പെടാൻ ഇടയാക്കും. ഈ പ്രദേശം മധുര ഡിവിഷനൊപ്പം ചേർക്കണമെന്ന ആവശ്യവും നിലവിലുണ്ട്.
മംഗളൂരുവിലെ റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനായി പാലക്കാട് ഡിവിഷൻ കോടിക്കണക്കിന് രൂപയാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യാതൊരുവിധ റെയിൽവേ സൗകര്യങ്ങളും വികസിപ്പിക്കാതെ നടപ്പിലാക്കിയ ഈ നീക്കം കാരണം, സ്വന്തമായി ഒരു ടെർമിനൽ പോലുമില്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ പാലക്കാട് ഡിവിഷൻ എത്തിപ്പെട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

