
ഉദയ് എക്സ്പ്രസ്: നഷ്ടത്തിന്റെ ട്രാക്കിൽ ഏഴാം വർഷം; പാലക്കാട്ടേക്ക് നീട്ടാൻ ബുദ്ധി ഉദിക്കുന്നില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ ആറാം വർഷവും വൻനഷ്ടത്തിന്റെ ട്രാക്കിൽ ഒാടുന്ന കോയമ്പത്തൂർ– ബെംഗളൂരു ഡബിൾ ഡക്കർ ഉദയ് എക്സ്പ്രസ് ട്രെയിൻ കേരളത്തിലേക്കു നീട്ടാനുള്ള തീരുമാനം നടപ്പാക്കാനാകാതെ റെയിൽവേ.ട്രെയിൻ നീട്ടുന്നതിനെതിരെ ബിജെപി തമിഴ്നാട് നേതൃത്വം ശക്തമായി രംഗത്തുവന്നതാണു തിരിച്ചടിയായത്. അതേസമയം ട്രെയിൻ കേരളത്തിലെത്തിക്കാൻ പാർട്ടി കേരളനേതൃത്വം ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ചില നേതാക്കൾ കേന്ദ്രമന്ത്രിക്കു നിവേദനം നൽകിയതൊഴിച്ചാൽ മറ്റൊന്നും ചെയ്തില്ല. 2018ൽ ആരംഭിച്ച കോയമ്പത്തൂർ– ബെംഗളൂരു സിറ്റി എസി ഡബിൾ ഡക്കർ ഉദയ് എക്സ്പ്രസ് പൊള്ളാച്ചി വഴി കേരളത്തിലേക്കു നീട്ടാൻ ഒരു വർഷം മുൻപ് ദക്ഷിണ റെയിൽവേ തീരുമാനിച്ചതിനെ തുടർന്ന് പാലക്കാട്ടേക്ക് പരീക്ഷണയോട്ടം നടത്തിയിരുന്നു.
പരീക്ഷണം വിജയകരവും ആയിരുന്നു. എന്നാൽ ട്രെയിനിന്റെ സർവീസ് നീട്ടുന്നതിനെതിരെ മഹിളാമോർച്ച ദേശീയ അധ്യക്ഷ കൂടിയായ കോയമ്പത്തൂർ സൗത്ത് എംഎൽഎ വാനതി ശ്രീനിവാസന്റെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിയെ സമീപിച്ചതോടെയാണു തുടർ നടപടികൾ നിലച്ചത്.
തുടക്കത്തിൽ മുഴുവൻ എസി ആയിരുന്ന ട്രെയിനിൽ യാത്രക്കാരില്ലാത്തതിനെ തുടർന്ന് കോച്ചുകളിൽ അഞ്ചെണ്ണം സെക്കൻഡ് ക്ലാസാക്കി. എന്നിട്ടും ഇപ്പോഴുള്ള 840 എസി സീറ്റുകളിൽ ചില ദിവസങ്ങളിൽ മാത്രമാണു പകുതി സീറ്റിലെങ്കിലും യാത്രക്കാരുള്ളതെന്നു കണക്കുകൾ പറയുന്നു. ഈ മാസം 17 മുതൽ 22 വരെ എസി കോച്ചിൽ എതാണ്ട് 600 സീറ്റിലും ആളില്ലാതെയാണു സർവീസ് നടത്തിയത്.
സെക്കൻഡ് ക്ലാസിലും കാര്യമായ വരുമാനമില്ല. വൈകിട്ട് 5.45നാണു കോയമ്പത്തൂരിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. വൻ നഷ്ടത്തിലോടുന്ന ട്രെയിൻ പൊള്ളാച്ചി വഴി പാലക്കാട്ടേക്കു നീട്ടാനായിരുന്നു തീരുമാനം. പാലക്കാട് നിന്നു പുലർച്ചെ 3ന് ബെംഗളൂരുവിലേക്കു പുറപ്പെടുന്ന വിധത്തിലായിരുന്നു പ്രാഥമിക സമയക്രമം തീരുമാനിച്ചിരുന്നത്. കൂടുതൽ യാത്രക്കാർക്ക് ഉപകാരപ്പെടാൻ സർവീസ് വാളയാർ വഴി വേണമെന്നു പാലക്കാട് ഡിവിഷൻ നിർദേശിച്ചിരുന്നു. സമയക്രമത്തിൽ മാറ്റംവരുത്തി പാലക്കാടു നിന്ന് സർവീസ് ആരംഭിച്ചാൽ ലാഭത്തിൽ ഒാടാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.