ഒറ്റപ്പാലം ∙ ഭാരതപ്പുഴയിലെ മീറ്റ്ന തടയണ പ്രദേശത്തു നിന്നു ചെളി നീക്കാൻ പദ്ധതി തയാറാക്കും. ഇത്തവണ ഷട്ടറുകൾ ഉയർത്താൻ കഴിയാത്ത സാഹചര്യത്തിലാണു ചെളി നീക്കാനുള്ള നടപടി പരിഗണിക്കുന്നത്. തടയണ പ്രദേശത്തെ ചെളിയും മറ്റു തടസ്സങ്ങളും നീക്കുന്നതോടെ സംഭരണശേഷി വർധിപ്പിക്കാനാകുമെന്നാണു പ്രതീക്ഷ.
മഴ മാറിയ സാഹചര്യം പരിഗണിച്ചു തൽക്കാലം ഷട്ടറുകൾ ഉയർത്തേണ്ടെന്നും ധാരണയായി. സാധാരണ മേയിൽ ഉയർത്താറുള്ള ഷട്ടറുകൾ ഒക്ടോബർ, നവംബർ മാസങ്ങളിൽ അടയ്ക്കാറാണു പതിവ്.
ഇത്തവണ മേയിൽ മഴ ശക്തിപ്രാപിച്ചതിനാൽ ഷട്ടറുകൾ ഉയർത്താൻ കഴിഞ്ഞിരുന്നില്ല.
ജല അതോറിറ്റിയും കരാർ തൊഴിലാളികളും അഗ്നിരക്ഷാസേനയുമെല്ലാം ഷട്ടറുകൾ ഉയർത്താൻ പലവട്ടം ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ശക്തമായ ഒഴുക്കായിരുന്നു തടസ്സം.
ഇപ്പോൾ ജലനിരപ്പ് അൽപം കുറഞ്ഞെങ്കിലും ഇനി ഷട്ടറുകൾ ഉയർത്തി വെള്ളം ഒഴുകിപ്പോയാൽ വേനലിലേക്കുള്ള സംഭരണം പ്രതിസന്ധിയിലാകുമെന്നു വിലയിരുത്തിയാണു തൽസ്ഥിതി തുടരാൻ തീരുമാനം. അതേസമയം, വെള്ളത്തിന്റെ അളവു കുറയുന്നതോടെ തടയണയിൽ അടിഞ്ഞ ചെളിയും മറ്റും നീക്കാനാണു പദ്ധതി.
26 ഷട്ടറുകളുള്ള തടയണയാണിത്.
ഒറ്റപ്പാലം നഗരസഭയുടെയും അമ്പലപ്പാറ പഞ്ചായത്തിന്റെയും സമഗ്രശുദ്ധജല പദ്ധതികളുടെ സ്രോതസ്സാണു മീറ്റ്ന തടയണ. ഇവിടെ നിന്നു പമ്പ് ചെയ്യുന്ന വെള്ളം കയറംപാറയിലെ ശുദ്ധീകരണ പ്ലാന്റിലെത്തിച്ചു ശുദ്ധീകരിച്ച ശേഷമാണു വിതരണം ചെയ്യുന്നത്.
പ്രദേശത്തെ കാർഷിക മേഖലയ്ക്കും കരുത്താണു തടയണ. ഒറ്റപ്പാലത്തും അമ്പലപ്പാറയിലുമായി 20,000ൽ അധികം കുടുംബങ്ങൾക്കാണ് ഇവിടെ നിന്നു ശുദ്ധജലം വിതരണം ചെയ്യുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]