കോയമ്പത്തൂർ ∙ കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷനിൽ അക്രമകാരിയായി വിലസിയ ഒറ്റയാൻ റോളക്സിനെ വനം വകുപ്പ് വീണ്ടും നല്ല നടപ്പിനായി കാട്ടിലേക്കു തന്നെ വിട്ടയച്ചു. 25 ദിവസത്തെ ക്രോളിലെ താമസം കഴിഞ്ഞ് ശാന്തനായതോടെയാണ് കോയമ്പത്തൂർ ജില്ലയിൽ തന്നെയുള്ള ആനമല കടുവ സംരക്ഷണ കേന്ദ്രത്തിലെ ഉൾവനത്തിൽ വിട്ടയച്ചത്.
ഇക്കഴിഞ്ഞ ഒക്ടോബർ 17ന് പുലർച്ചെയാണ് തൊണ്ടാമുത്തൂരിൽ വച്ച് കുങ്കി ആനകളുടെ സഹായത്തോടെ മയക്കുവെടി വച്ചു പിടികൂടിയത്.കൃഷി നശിപ്പിക്കുന്നതിനൊപ്പം ആൾനാശത്തിനും കാരണമായതോടെയാണ് പ്രദേശത്തെ കർഷകർ ഉൾപ്പെടെയുള്ളവർ ആനയെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ഒരു മാസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് റോളക്സിനെ പിടികൂടി വരകളിയാർ ആന സംരക്ഷണ കേന്ദ്രത്തിൽ കൂട്ടിലടച്ച് നല്ല നടപ്പ് പഠിപ്പിച്ചത്.
പൊതുവേ ശാന്തനായ കൊമ്പനെ മാന്നംപള്ളി റേഞ്ചിലെ മന്തിരിമട്ടത്ത് ബുധനാഴ്ച രാത്രിയോടെയാണ് എത്തിച്ചത്. ലോറിയിൽ പറമ്പിക്കുളം അണക്കെട്ട് റിസർവോയറിനു സമീപം മന്തിരിമട്ടത്ത് എത്തിച്ച ആനയ്ക്ക് റേഡിയോ കോളർ അണിയിച്ചാണ് വിട്ടയച്ചത്.
ലോറിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ശാന്തനായി ഭക്ഷണം കഴിക്കാൻ ആരംഭിച്ചിരുന്നു. മേഘമല കടുവ സംരക്ഷണ കേന്ദ്രം വെറ്ററിനറി ഓഫിസർ ഡോ.
എൻ.കലൈവാണൻ, കോയമ്പത്തൂർ ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. എസ്.വെണ്ണില എന്നിവർ ആനയുടെ ആരോഗ്യം പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു. ആനയെ തുടർച്ചയായി നിരീക്ഷിക്കാനായി 6 ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്ന് ഫീൽഡ് ഡയറക്ടർ ഡി.വെങ്കടേഷ് പറഞ്ഞു.
ഒരു മണിക്കൂർ ഇടവിട്ട് ജിപിഎസ് സിഗ്നൽ പരിശോധിച്ച് ആനയുടെ ഇരിപ്പിടം കണ്ടെത്താമെന്ന് അദ്ദേഹം പറഞ്ഞു. ക്രോളിലെ ആദ്യ 10 ദിവസം കൂട് വൃത്തിയാക്കാൻ പോലും സമ്മതിക്കാതെ നിന്ന റോളക്സ് പിന്നീടുള്ള ദിവസങ്ങളിൽ ഭക്ഷണം എടുക്കുകയും വൃത്തിയാക്കാൻ സമ്മതിക്കുകയും ചെയ്തു.
അനുസരണയുള്ള ആനയായി മാറിയതോടെയാണ് 40 വർഷത്തോളം കാടു ഭരിച്ച റോളക്സിനെ വീണ്ടും കാട്ടിലേക്കു തന്നെ അയയ്ക്കാൻ തീരുമാനിച്ചത്.പറമ്പിക്കുളം അണക്കെട്ടിലെ വെള്ളവും കൂടാതെ പുല്ലും മുളകളും ധാരാളമുള്ള മേഖലയിലാണ് ആനയെ ഇറക്കിയിരിക്കുന്നത്. ഭക്ഷണത്തിനും വെള്ളത്തിനും ബുദ്ധിമുട്ടില്ലാത്തതിനാൽ റോളക്സ് വീണ്ടും കാടിറങ്ങാൻ സാധ്യതയില്ലെന്നാണ് വനംവകുപ്പിന്റെ നിരീക്ഷണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

