മണ്ണാർക്കാട് ∙ രാവിലെ കോൺഗ്രസ് മാലയിട്ടു സ്വീകരിച്ച അലനല്ലൂരിലെ വ്യാപാരി നേതാവും സിപിഎം നേതാവ് പി.കെ.ശശിയുടെ ഭാര്യാസഹോദരനുമായ ബാബു മൈക്രോടെക് വൈകിട്ടോടെ പാർട്ടി വിട്ടു. അലനല്ലൂർ കണ്ണംകുണ്ട് വാർഡിൽ പൊതു സ്വതന്ത്രനായി മത്സരിക്കാൻ കോൺഗ്രസിന്റെ പിന്തുണ തേടിയെത്തിയ തന്നെ ഷാൾ അണിയിച്ചു സ്വീകരിക്കുകയും അംഗത്വ രസീത് നൽകുകയുമായിരുന്നെന്നു ബാബു പറഞ്ഞു.
ഇന്നലെ രാവിലെ 11 മണിയോടെയാണു ബാബുവിനെ ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.അഹമ്മദ് അഷറഫ്, പി.ആർ.സുരേഷ് എന്നിവർ ചേർന്ന് അംഗത്വം നൽകി സ്വീകരിച്ചത്.
കോൺഗ്രസ് ഓഫിസിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് അധ്യക്ഷനായി. ബാബുവിന്റെ വരവ് സാംപിൾ വെടിക്കെട്ടാണെന്നും സിപിഎമ്മിൽ നിന്നു കൂടുതൽ പേർ പാർട്ടിയിൽ എത്തുമെന്നും നേതാക്കൾ പ്രസംഗിക്കുകയും ചെയ്തു.
പഠിക്കുന്ന കാലത്തു കെഎസ്യു പ്രവർത്തകനായിരുന്നെന്നും പിന്നീടു ജോലിയുടെ ഭാഗമായി സജീവ രാഷ്ട്രീയം വിടുകയായിരുന്നുവെന്നും സ്വീകരണച്ചടങ്ങു കഴിഞ്ഞു ബാബു പറഞ്ഞു. പി.കെ.ശശി അറിഞ്ഞല്ല ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും പറഞ്ഞു.
എന്നാൽ വൈകിട്ടോടെ താൻ കോൺഗ്രസിൽ ചേർന്നിട്ടില്ലെന്ന വിശദീകരണവുമായി രംഗത്തുവരികയായിരുന്നു. പിന്തുണ തേടിയെത്തിയ തന്നെ ധൃതിപിടിച്ചു സ്വീകരിക്കുകയും അംഗത്വം നൽകുകയുമായിരുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂർ യൂണിറ്റ് പ്രസിഡന്റും നിയോജക മണ്ഡലം സെക്രട്ടറിയുമായ തനിക്ക് ഏതെങ്കിലും പാർട്ടിയിൽ അംഗത്വം എടുക്കാൻ കഴിയില്ലെന്ന കാര്യം ആ സമയത്ത് ഓർത്തില്ല.
പിന്തുണയുടെ കാര്യം സംസാരിക്കുന്നതിനിടെയാണു സ്വീകരണച്ചടങ്ങ് ഒരുക്കിയത്. അവിടെ നടന്ന കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയില്ലായിരുന്നു. പുറത്തിറങ്ങിയപ്പോഴാണ് ഇതിന്റെ ഗൗരവം ബോധ്യപ്പെട്ടത്.
കണ്ണംകുണ്ടിൽ സ്വതന്ത്ര സ്ഥാനാർഥിയായാണു മത്സരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥിയായല്ല. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ലീഗിന്റെയും മറ്റു പാർട്ടികളുടെയും പൊതുവായ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ മത്സരിക്കൂ.
നിലവിൽ വ്യാപാരി സംഘടനയിൽ ഉൾപ്പെടെ താൻ അങ്ങനെയാണു പ്രവർത്തിക്കുന്നതെന്നും ബാബു പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

