പാലക്കാട് ∙ സർക്കാർ ആശുപത്രികളിൽ സൗകര്യമുള്ളിടത്തേക്ക് സാംപിളുകൾ എത്തിച്ചുള്ള ലാബ് പരിശോധനയ്ക്ക് ആരോഗ്യവകുപ്പും തപാൽ വകുപ്പും കൈകോർത്തു നടപടി തുടങ്ങി. പരിശോധനയ്ക്കുള്ള സാംപിളുകൾ തപാൽ വകുപ്പ് മുഖേനയാണ് ആശുപത്രികളിലെത്തിക്കുക. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ചെയ്യാനാകാത്ത രോഗനിർണയ പരിശോധനകൾ കൂടുതൽ സംവിധാനമുള്ള താലൂക്ക്, ജില്ലാ ആശുപത്രി ലാബുകളിലേക്ക് അയയ്ക്കുന്ന നിർണയ ഹബ് ആൻഡ് സ്പോക് ലബോറട്ടറി ശൃംഖലയുടെ പരീക്ഷണ പരിശോധന ജില്ലയിൽ ആരംഭിച്ചു.
നവകേരള കർമപദ്ധതിയുടെ കീഴിലുള്ള ആർദ്രം മിഷന്റെ ഭാഗമായാണു പദ്ധതി. ചികിത്സ തേടി എത്തുന്നവർക്കു ദൂരസ്ഥലങ്ങളിലേക്കുള്ള ആശുപത്രിയിൽ പോകാതെ തന്നെ സാംപിൾ അയച്ച് പരിശോധനാ ഫലം ലഭ്യമാക്കാൻ ഇതുവഴി സാധിക്കും. സാംപിൾ അയയ്ക്കേണ്ട
ദിവസങ്ങളിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് ആ വിവരം അടുത്തുള്ള പോസ്റ്റ് ഓഫിസിൽ അറിയിക്കും. തപാൽ ജീവനക്കാർ ഉച്ചയ്ക്ക് 2ന് മുൻപ് ആശുപത്രിയിലെത്തി സാംപിൾ ശേഖരിച്ച് അടുത്ത ദിവസം രാവിലെ 11നു മുൻപായി നിർദിഷ്ട
ലാബിൽ എത്തിക്കും.
സാംപിൾ ശേഖരിക്കുന്ന ഘട്ടത്തിൽ തന്നെ രോഗിയുടെ യുഎച്ച്ഐഡി നമ്പറും മൊബൈൽ നമ്പറും ഇ ഹെൽത്തിൽ രേഖപ്പെടുത്തുന്നതിനാൽ പരിശോധനാ ഫലം രോഗികൾക്കു മൊബൈൽ ഫോൺ വഴി ലഭിക്കും. ജില്ലയിലെ 100 പിഎച്ച്സി/സിഎച്ച്സി/എഫ്എച്ച്സികളിലും 20 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും 7 താലൂക്ക് ആശുപത്രികളിലും ഘട്ടംഘട്ടമായി ഈ സൗകര്യം ലഭ്യമാക്കും. പദ്ധതി സംബന്ധിച്ച് പോസ്റ്റ് ഓഫിസുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ ആദ്യത്തെ സാംപിൾ പെരുവെമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്നു ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. കോങ്ങാട് സിഎച്ച്സി, കൊല്ലങ്കോട് എഫ്എച്ച്സി, പാലക്കാട് ഡയറാ സ്ട്രീറ്റിലെ നഗര കുടുംബാരോഗ്യ കേന്ദ്രം, കുളപ്പുള്ളി, പനമണ്ണ എന്നിവിടങ്ങളിൽ നിന്നും സാംപിൾ അയച്ച് ട്രയൽ റൺ നടത്തി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]