കൊപ്പം ∙ വിളയൂർ എടപ്പലത്ത് പതിനഞ്ചോളം ഏക്കറിൽ വിളവിറക്കാതെ നെല്ല് വിളഞ്ഞു, കൊയ്തെടുക്കാൻ ആളില്ലാത്തതിനാൽ ഇതു പാടത്തിട്ടു പൂട്ടി. കരിങ്കറ പാടശേഖരത്തിലാണു സംഭവം. വർഷങ്ങളായി രണ്ടാം വിള മാത്രമാണ് ഇവിടെ കൃഷി ചെയ്യാറുള്ളത്.
കഴിഞ്ഞ രണ്ടാം വിള കൊയ്ത്തുകഴിഞ്ഞ് തരിശിട്ട പാടത്ത് ഇത്തവണ രണ്ടാം വിള കൃഷിയിറക്കാൻ പാടം ഉഴുതു മറിക്കുന്നതിനായി കർഷകരും പാടശേഖരസമിതി ഭാരവാഹികളും ചേർന്ന് ട്രാക്ടർ ഇറക്കിയപ്പോഴാണ് കൊയ്ത്തിനു പാകമായ നെല്ല് വലിയതോതിൽ വിളഞ്ഞുനില്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
പുൽക്കാടാണെന്നാണ് ആദ്യം കരുതിയത്.
കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ഉപയോഗിക്കാവുന്ന നല്ല നെല്ലാണെന്നു തെളിഞ്ഞു. പാടം പൂട്ടുന്നതിനു മുന്‍പ് കൊയ്ത്ത് നടത്തി വിളവെടുക്കാനായി കര്‍ഷകരോട് കൃഷി ഉദ്യോഗസ്ഥര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ആരും തയാറായില്ല.
ചെളിനിറഞ്ഞ പാടത്ത് വിളവെടുപ്പ് എളുപ്പമായിരുന്നില്ല.
അരി, അവിൽ മില്ല് ഉടമകളെ വിളിച്ച് വിളവെടുത്തു കൊണ്ടുപോകാന്‍ പാടശേഖര സമിതി ആവശ്യപ്പെട്ടെങ്കിലും അവർക്കും മടി. കൊയ്ത്ത് നടത്തി നെല്ല് ഉണക്കി നൽകിയാൽ കിലോയ്ക്ക് 18 രൂപ നിരക്കിൽ എടുത്തോളാമെന്ന് മില്ലുടമകള്‍ പറഞ്ഞെങ്കിലും കൊയ്ത്തും മെതിയും ഉണക്കലും ഉൾപ്പെടെ ചെലവ് കണക്കിലെടുത്ത് സ്ഥലമുടമകള്‍ പിൻവാങ്ങി. പതിനഞ്ചോളം മില്ലുടമകൾ പാടശേഖരത്തില്‍ എത്തിയിരുന്നു.
കണക്കിൽപെടാത്ത കൃഷി ആയതിനാൽ സപ്ലൈകോയും കയ്യൊഴിഞ്ഞു. ഇതോടെ കര്‍ഷകര്‍ നെല്ല് പാടത്തിട്ടു പൂട്ടുകയായിരുന്നു.
മുളച്ച് വിളഞ്ഞത് കൊഴിഞ്ഞുവീണ ‘സുപ്രിയ’; പൊന്മണിക്കു പകരം കഴിഞ്ഞതവണ സുപ്രിയ വിത്ത് ഉപയോഗിച്ചത് തിരിച്ചടിയായെന്ന് കർഷകർ
∙ വിളയൂര്‍ പഞ്ചായത്തിലെ മറ്റു പാടശേഖരങ്ങളിലും ഇത്തരത്തില്‍ വിളവിറക്കാതെ നെല്ല് വിളഞ്ഞിട്ടുണ്ട്.
എല്ലാ വര്‍ഷവും പൊന്മണി വിത്താണ് ഇവിടെ ഉപയോഗിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞതവണ സുപ്രിയ വിത്താണ് നടീല്‍ നടത്തിയത്.
കര്‍ഷകര്‍ ആവശ്യപ്പെട്ടത് പൊന്മണി വിത്തായിരുന്നെങ്കിലും കൃഷിവകുപ്പും പഞ്ചായത്തും സുപ്രിയ നെല്ല് നടാന്‍ നിര്ദേശിക്കുകകായിരുന്നു. അശാസ്ത്രീയമായി സുപ്രിയ വിത്ത് ഉപയോഗിച്ചപ്പോൾ പകുതിയിലേറെ നെല്ലും കൊയ്ത്തിനു മുന്‍പേ പാടത്ത് കൊഴിഞ്ഞുപോയിരുന്നു.
പാടത്ത് നഷ്ടമായ പാതി നെല്ല് ആണ് പിന്നീട് വന്‍തോതില്‍ മുളച്ച് വിളഞ്ഞത്. കഴിഞ്ഞതവണ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ സുപ്രിയ വിത്ത് ഇറക്കിയ കര്‍ഷകര്‍ക്കെല്ലാം നഷ്ടമായിരുന്നുവെന്നും ഇത്തവണ പെന്മണിയാണ് വിത്തിറക്കുന്നതെന്നും പാടശേഖര സമിതി സെക്രട്ടറി കെ.വിശ്വനാഥന് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]