പാലക്കാട് ∙ നളനായാലും രാവണനായാലും ഹനുമാനായാലും അരങ്ങിൽ തകർത്താടുന്ന സദനം കൃഷ്ണൻകുട്ടി ആശാന് ഇന്നു ശതാഭിഷേകം. പച്ച, കത്തി, കരി, താടി, മിനുക്ക്; വേഷങ്ങൾ ഏതായാലും അരങ്ങിൽ അദ്ഭുതം രചിക്കുന്നു സദനം കൃഷ്ണൻകുട്ടി. 1941 തുലാമാസത്തിലെ പുണർതം നാളിലാണു പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ കൃഷ്ണൻകുട്ടി ജനിച്ചത്.
പിതാവ് പുലാശ്ശേരി രാമൻ നായർ ചെറിയൊരു ഹോട്ടലും കൃഷിയുമായാണ് കുടുംബം പുലർത്തിയത്. അമ്മ കിഴക്കേപ്പാട്ട് ജാനകിയമ്മ.
വിദ്യാഭ്യാസം വഴിമുട്ടിയേക്കുമെന്ന ഘട്ടത്തിലാണു കഥകളി പഠിച്ചാലോ എന്ന ആലോചന. ചെർപ്പുളശ്ശേരി അയ്യപ്പൻകാവിലെയും കാറൽമണ്ണ തിരുമുല്ലപ്പിള്ളി ക്ഷേത്രത്തിലെയും കളിയരങ്ങുകൾ മനസ്സിൽ കഥകളി മോഹത്തിന്റെ തിരനോട്ടം നടത്തിയിരുന്നു.
1956ൽ പേരൂർ സദനത്തിൽ കഥകളി വിദ്യാർഥിയായി ചേർന്നു.
1957ൽ അഷ്ടമിരോഹിണി നാളിൽ ശ്രീകൃഷ്ണനായി അരങ്ങേറ്റം. കൃഷ്ണൻകുട്ടിയെന്ന സദനം കൃഷ്ണൻകുട്ടിയുടെ ഏഴു പതിറ്റാണ്ടു നീളുന്ന അരങ്ങുജീവിതത്തിന് അവിടെ തുടക്കമായി.
കല്ലുവഴിച്ചിട്ടയുടെ കറകളഞ്ഞ കളരിയായിരുന്നു സദനം. ചിട്ടയുടെ പരമാചാര്യൻ പട്ടിക്കാംതൊടി രാവുണ്ണി മേനോനെന്ന ഗുരുവര്യന്റെ പ്രധാന ശിഷ്യരായ തേക്കിൻകാട്ടിൽ രാമുണ്ണി നായരും കീഴ്പ്പടം കുമാരൻ നായരും സദനത്തിൽ കൃഷ്ണൻകുട്ടിക്കു ഗുരുക്കന്മാരായി.
കല്ലുവഴി സമ്പ്രദായം അടിമുടി ഹൃദിസ്ഥമാക്കിയ സദനം കൃഷ്ണൻകുട്ടി തെക്കൻ സമ്പ്രദായങ്ങൾ കൂടി സ്വായത്തമാക്കി സ്വന്തമായൊരു ശൈലി രൂപപ്പെടുത്തി.
ഇതുകൊണ്ടാവണം തെക്കൻ നാടുകളിലെ അരങ്ങുകളിൽ അദ്ദേഹത്തിന്റെ വേഷങ്ങൾക്ക് ഏറെ സ്വീകാര്യത ലഭിച്ചു. മാണി മാധവച്ചാക്യാരിൽ നിന്നു പഠിച്ച കണ്ണുസാധകവും ആ വേഷങ്ങൾക്കു മിഴിവേകി.
കത്തി, താടി വേഷങ്ങൾ രംഗത്തവതരിപ്പിക്കുമ്പോൾ കൃഷ്ണൻകുട്ടിയാശാന്റെ ഊർജം അപാരമാണ്. മുഴുനീള കത്തിവേഷങ്ങളിൽ തുടക്കം മുതൽ ഒടുക്കം വരെ ആ ഊർജം നിലനിർത്താൻ അദ്ദേഹത്തിനു കഴിയുന്നു, എൺപത്തിനാലാം വയസ്സിലും ആശാൻ രാവണനും കീചകനും നരകാസുരനും ഹനുമാനും അരങ്ങിൽ അനായാസമായി ആടും.
അല്ലെങ്കിലും എൺപതുകൾ ഒരു വേഷക്കാരന് അരങ്ങിലെ യൗവനമാണല്ലോ.
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ കൂടൽമാണിക്യം ക്ഷേത്രത്തിന്റെയും ഉണ്ണായി വാരിയർ കലാനിലയത്തിന്റെയും അയൽക്കാരനായി കുടുംബസമേതം കഴിയുകയാണിപ്പോൾ സദനം കൃഷ്ണൻകുട്ടി. ശതാഭിഷേക ആഘോഷങ്ങൾ ഇന്ന് ഇരിങ്ങാലക്കുട
ഡോ.കെ.എൻ.പിഷാരടി സ്മാരക കഥകളി ക്ലബ്ബിൽ നടക്കും. വൈകിട്ടു 5ന് ഒത്തുചേരൽ.
5.30ന് സമ്മേളനം നടനകൈരളി ചെയർമാൻ വേണുജി ഉദ്ഘാടനം ചെയ്യും. തുടർന്നു കിരാതം കഥകളി.
ശതാഭിഷേക ആഘോഷം പ്രധാന പരിപാടി ‘കൃഷ്ണപർവം’ ഡിസംബർ 13ന് പാലിയേക്കര ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

